Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിയല്ല കമലാസനന്റെ ജീവിതം...

samkranthi-nazir മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന ഹാസ്യപരമ്പരയിലെ കമലാസനനെ അവതരിപ്പിക്കുന്ന സംക്രാന്തി നസീർ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

പലർക്കും മിനിസ്ക്രീനിലും നേരിട്ടും എന്നെ കാണുമ്പോഴേ ചിരിതുടങ്ങും. എന്നാൽ എന്റെ ജീവിതത്തിൽ ചിരിക്കാനുള്ള അത്ര കോമഡികൾ ഒന്നുമില്ലായിരുന്നു. കൊടിയ ദാരിദ്ര്യത്തിലൂടെയാണ് ബാല്യവും യൗവനവുമെല്ലാം കടന്നുപോയത്. മിമിക്രി വേദിയിലെത്തിയിട്ട് 30 വർഷം കഴിഞ്ഞു. ഡിഡി 4 തുടങ്ങിയ കാലത്ത് മിനിസ്‌ക്രീനിൽ ആദ്യമായി തുടങ്ങിയ കോമഡി ഷോയിൽ ഞാനുമുണ്ടായിരുന്നു. ഇതിനിടയ്ക്ക് പല താരോദയങ്ങളും അസ്തമയങ്ങളും ഉണ്ടായി. അപ്പോഴും നമ്മുടെ ജീവിതം മാറ്റമില്ലാതെ തുടർന്നു.

പുറമ്പോക്കിലെ വീട്...

തലയോലപ്പറമ്പിലായിരുന്നു വാപ്പയുടെ തറവാട്. ഞങ്ങൾ ആറു മക്കളായിരുന്നു. തറവാടെന്നു പറയുമ്പോൾ വലിയ വീടൊന്നുമല്ല, നാലുകാലിൽ പലകയടിച്ച് പനയോല മൂടിയ ചെറിയ കൂരയായിരുന്നു. എനിക്ക് ആറു വയസ്സുള്ളപ്പോൾ വാപ്പ മരിച്ചു. സ്‌കൂൾ കഴിഞ്ഞയുടൻ ഞാൻ മിമിക്രി വേദികളിൽ സജീവമായിത്തുടങ്ങി. ചെറിയ പ്രഫഷനൽ ട്രൂപ്പുകളുടെ പരിപാടികളും അവതരിപ്പിക്കാൻ തുടങ്ങി. 

പിന്നീട് തറവാട് ഭൂമി ഭാഗം വച്ചപ്പോൾ കിട്ടിയ തുച്ഛമായ കാശുമായി ഞങ്ങൾ ഉമ്മയുടെ നാടായ സംക്രാന്തിയിലെത്തി. പക്ഷേ വീടുവയ്ക്കാനുള്ള കാശില്ല. പിന്നീട് ഏറെക്കാലം കോട്ടയം സംക്രാന്തി റെയിൽവേ പുറമ്പോക്കിൽ വേലിപ്പത്തലുകൾ വച്ചുനാട്ടി ടാർപ്പോളിൻ ഷീറ്റുമേഞ്ഞ കൂരയ്ക്ക് കീഴിലായിരുന്നു ജീവിതം. ഏകദേശം പത്തുവർഷത്തോളം അവിടെക്കഴിഞ്ഞു. റെയിൽവേ കുടിയൊഴിപ്പിച്ചപ്പോൾ സംക്രാന്തിയിൽ ചെറിയ ഒരു വാടകവീട്ടിലേക്ക് മാറി. ഇപ്പോഴും അവിടെത്തന്നെയാണ് താമസം. ഇതിനിടയ്ക്ക് സംക്രാന്തിയിൽ കുറച്ച് ഭൂമി വാങ്ങി. 

കുടുംബം... 

ഫാത്തിമ എന്നാണ് ഭാര്യയുടെ പേര്. ഞങ്ങൾക്ക് മൂന്ന് മക്കൾ. നഷ്‌മി, നിഷാന, നാഷിൻ... മൂത്ത രണ്ടുപെൺകുട്ടികളെയും വിവാഹം കഴിപ്പിച്ചയച്ചു. ഇനി വേണം സ്വന്തമായി ഒരു വീടിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങാൻ. വലിയ മോഹങ്ങൾ ഒന്നുമില്ല. അത്യാവശ്യം കയറിക്കിടക്കാൻ പാകത്തിൽ ഒരു വീട്. അതിനുവേണ്ടിയുള്ള സമ്പാദിക്കലിലാണ് ഇപ്പോൾ.

തട്ടീം മുട്ടീം വീട്...

thattem-muttem

മഴവിൽ മനോരമയിലെ തട്ടീം മുട്ടീം പരമ്പരയിലെ കമലാസനന്റെ വേഷമാണ് കലാജീവിതത്തിൽ വഴിത്തിരിവായത്. മിനിസ്‌ക്രീനിലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. പിന്നെയും നിരവധി അവാർഡുകൾ അനുമോദനങ്ങൾ തേടിയെത്തി. 

samkranthi-nazeer

എരമല്ലൂർ ചെമ്മനാടാണ് ഇപ്പോൾ സീരിയലിൽ കാണിക്കുന്ന വീടുള്ളത്. ക്യാമറയ്ക്ക് പിന്നിലും വലിയ ഒരു സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയാനുണ്ട് ആ വീടിന്. ശരിക്കും ഒരു കുടുംബം പോലെയാണ് അവിടെ സെറ്റ്. പല ദിവസങ്ങളിലും നമുക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിത്തരാറുണ്ട് ആ വീട്ടുകാർ. 

thattem-mutim

സീരിയലിൽ അർജുനന്റെ വീട്ടിൽ എപ്പോഴും വലിഞ്ഞു കയറുന്ന കഥാപാത്രമാണ് എന്റേത്. പക്ഷേ ക്യാമറ ഓഫായി കഴിഞ്ഞാൽപിന്നെ ഞാനും ആ വീട്ടിലെ അംഗമാകും. ലളിത ചേച്ചിയും മഞ്ജുവും ജയകുമാറും കണ്ണനും മീനാക്ഷിയുമൊക്കെ എന്നെയും സ്വന്തം കുടുംബാംഗമായാണ് കാണുന്നത്. ഇതൊക്കെയാണ് കലാജീവിതത്തിലെ സന്തോഷങ്ങൾ.