Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാബുമോന്റെ വീട്ടുവിശേഷങ്ങൾ

sabumon മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ സാബുമോൻ അബ്ദുസമദ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ആലപ്പുഴ ജില്ലയിലെ കായംകുളമാണ് സ്വദേശം. ഉപ്പ അബ്ദുസമദ്, ഉമ്മ ഫത്തീല, ചേട്ടൻ ബാബുമോൻ, ചേച്ചി ലിജിമോൾ എന്നിവരായിരുന്നു കുടുംബം. ഉപ്പ അധ്യാപകനായിരുന്നു. ഉമ്മയുടേത് മരുമക്കത്തായ സമ്പ്രദായം പിൻതുടർന്നിരുന്ന പുരാതന മുസ്‌ലിം തറവാടായിരുന്നു. പല തലമുറയിലായി തൊണ്ണൂറോളം അവകാശികളുണ്ടായിരുന്നു തറവാട്ടിൽ. വാപ്പയുടേത് ഇടത്തരം കുടുംബമായിരുന്നു. ഞങ്ങൾ ജീവിച്ചതും അത്തരമൊരു സെറ്റപ്പിലായിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പൾസ് പെട്ടെന്നു പിടിച്ചെടുക്കാനാകും.

കായംകുളത്ത് തന്നെയായിരുന്നു സ്കൂൾ-കോളജ് വിദ്യാഭ്യാസം. പിന്നെ നിയമത്തിൽ ഉപരിപഠനത്തിനായി തിരുവനന്തപുരത്തെത്തി. ജേർണലിസവും പഠിച്ചു. പഠനശേഷം ലുഫ്താൻസ എയർലൈനിൽ സെയിൽസ് ഓപ്പറേഷൻ വിഭാഗത്തിൽ പറന്നു നടന്നു കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് ചെറിയ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് മിനിസ്‌ക്രീനിലേക്കെത്തി.

sabumon

ഇതിനിടയ്ക്ക് വിവാഹം കഴിച്ചു. ഭാര്യ സ്നേഹ. ഞങ്ങൾക്കു രണ്ടു പെൺമക്കൾ. മൂത്തവൾ ഐറ ഒന്നിലും ഇളയവൾ ഷിഫാലി യുകെജിയിലും പഠിക്കുന്നു.

ഒന്നിലേറെ വീടുകൾ...

മിനിസ്‌ക്രീനിൽ സജീവമായ ശേഷം ഞങ്ങൾ തിരുവനന്തപുരത്തും കൊച്ചിയിലും വീടുകൾ മേടിച്ചു. ഇപ്പോൾ കൂടുതൽ സമയം കൊച്ചിയിലാണ്. വീട് പരിപാലനം ഭാര്യയുടെ സെക്‌ഷനാണ്. ഞാൻ ആ മേഖലയിൽ അത്ര ശ്രദ്ധാലുവല്ല.

വീണിടം വിഷ്ണുലോകം എന്ന ശൈലിയാണ് ഞാൻ പിൻതുടരുന്നത്. അതുകൊണ്ടുതന്നെ ഒരു നിക്ഷേപം എന്ന നിലയ്ക്കാണ് വീടുകളെ കാണുന്നത്. നമ്മുടെ പ്രിയപ്പെട്ടവർ എവിടെ ആയിരിക്കുന്നുവോ അതാണ് നമ്മുടെ വീട്. ഇപ്പോൾ താമസിക്കുന്ന വീട്ടിൽ ഇഷ്ടമുള്ള ഒരു സ്ഥലം വായനാമുറിയാണ്.

ജീവിതത്തിലേക്ക് മൂന്ന് നാലു വീടുകൾ വന്നെങ്കിലും മാനസികമായി അടുപ്പമുള്ളത് ചെറുപ്പകാലം ചെലവിട്ട തറവാടുകളോടുതന്നെയാണ്. അതുകൊണ്ടാണ് ഒഴിവുദിവസങ്ങളിൽ കായംകുളത്തേക്ക് വച്ചുപിടിക്കുന്നത്.

സമ്മാനമായി കിട്ടിയ ഫ്ലാറ്റ്...

അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിച്ചു. സമ്മാനദാന ചടങ്ങിൽ വച്ചാണ് ഫ്ലാറ്റാണ് സമ്മാനം എന്നു ഞാൻ ശ്രദ്ധിക്കുന്നത്. ഏതായാലും അത് ഞാൻ എന്റെ ചേട്ടന് സമ്മാനമായി കൊടുക്കാനാണ് പ്ലാൻ. ചേട്ടനായിരുന്നു ചെറുപ്പത്തിൽ എന്റെ റോൾ മോഡലും മാർഗദർശിയും.