Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിയാസിന്റെ വീട്ടുവിശേഷങ്ങൾ

shiyas-kareem മോഡലും മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനുമായ ഷിയാസ് കരീം വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...ചിത്രത്തിന് കടപ്പാട് -സമൂഹമാധ്യമം

എറണാകുളം പെരുമ്പാവൂരാണ് നാട്. ഉമ്മ ഹാജിറ, വല്യുമ്മ ഷരീഫ, അനിയൻ നിബാസ് കരീം, അനിയത്തി ഷീബ എന്നിവരാണ് കുടുംബം. സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബമാണ് എന്റേത്. ഉമ്മയും വല്യുമ്മയും വീടിനടുത്തുള്ള ഒരു പ്ലൈവുഡ് ഫാക്ടറിയിൽ പണിക്കു പോയാണ് ഒരുകാലത്ത് കുടുംബം കഴിഞ്ഞിരുന്നത്.

ചേരാനല്ലൂരിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ബാച്ചിലർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ കോഴ്സ് പഠിച്ചത് ചെന്നൈയിലാണ്. കോളജ് കാലഘട്ടത്തിൽ മോഡലിങ് ചെയ്തു തുടങ്ങി. വിവിധ ദേശീയ അന്തർദേശീയ ഫാഷൻ മത്സരങ്ങളിൽ പങ്കെടുത്തു. അവിടെ നിന്നാണ് മിനിസ്ക്രീനിലേക്കുള്ള വഴി തെളിയുന്നത്. 

താമസം വാടകവീട്ടിൽ...

ഞങ്ങൾക്ക് എറണാകുളത്ത് സ്വന്തമായി ഒരു ചെറിയ വീടുണ്ടായിരുന്നു. പെങ്ങളുടെ വിവാഹത്തിനു വേണ്ടി വീട് വിറ്റു. ഇപ്പോൾ ഞങ്ങൾ പെരുമ്പാവൂരിൽ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. നമ്മൾ ജനിച്ചു വളർന്ന വീട് വിൽക്കേണ്ടി വരുന്നത് വിഷമമായിരുന്നു. എന്നാലും പെങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്നോർക്കുമ്പോൾ അത് മറക്കും.

സ്വപ്നമാണ് സ്വന്തം വീട്...

ഏതൊരു മലയാളിയെയും പോലെ തല ചായ്ക്കാൻ സ്വന്തമായൊരു വീട് എന്റെയും സ്വപ്നമാണ്. അതിനു വേണ്ടിയുള്ള സമ്പാദിക്കൽ ആരംഭിച്ചിട്ടുണ്ട്. സിനിമയാണ് മറ്റൊരു സ്വപ്നം. ഇപ്പോൾ കുറച്ചവസരങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ സ്വന്തമായി വീടു വയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനിയൻ ഇപ്പോൾ ഡിഗ്രി കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്നു. അവനും ഒരു ജോലിയായാൽ പിന്നെ വീട് നോക്കി നടത്താൻ ബുദ്ധിമുട്ടുണ്ടാകില്ല.

ഭാവി വീടിനെക്കുറിച്ച് വലിയ സങ്കൽപ്പങ്ങളൊന്നുമില്ല. ഞങ്ങൾക്ക് ഒരുമിച്ച് സന്തോഷമായി കഴിയാൻ പറ്റുന്ന വിധത്തിൽ ചെറിയ വീട്. അത്രമാത്രം...ഇപ്പോഴത്തെ എറ്റവും വലിയ സന്തോഷം ഉമ്മയെ ജോലിക്കു വിടാതെ വീട് നോക്കി നടത്താൻ സാധിക്കുന്നു എന്നതാണ്.