Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിയയുടെ വീട്ടുവിശേഷങ്ങൾ

mia-home പുതിയ വീട് സാധ്യമായതിന്റെ സന്തോഷത്തിലാണ് മിയ. താരം തന്റെ വീടോർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു...ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം

അയൽപ്പക്കത്തെ പെൺകുട്ടിയുടെ പരിവേഷമാണ് മിയ ജോർജ് എന്ന അഭിനേത്രിക്ക് മലയാളിമനസ്സിലുള്ളത്. മിയ ചെയ്ത ഭൂരിപക്ഷം കഥാപാത്രങ്ങളും കുടുംബപ്രേക്ഷകർക്ക് സ്വീകാര്യമായിരുന്നു. അതുകൊണ്ടായിരിക്കാം മലയാളിതാരങ്ങൾക്കിടയിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ഫെയ്സ്ബുക് പേജുകളിലൊന്നും മിയയുടേതാണ്. മലയാളത്തിൽ നിന്നും തമിഴിലും തെലുഗുവിലുമൊക്കെ താരം സാന്നിധ്യം അറിയിച്ചു.

എന്നാൽ സിനിമകൾ മാറ്റിവച്ചാൽ ഏറെക്കാലത്തെ ഒരു സ്വപ്നം സഫലമായതിന്റെ ചാരിതാർഥ്യത്തിലാണ് മിയ. സ്വന്തമായി പണിത വീട്ടിലേക്ക് കുറച്ചു മാസങ്ങൾക്കു മുൻപാണ് കയറിത്താമസം തുടങ്ങിയത്. ജനിച്ചു വളർന്ന വീടു മുതൽ പുതിയ വീടു വരെയുള്ള വിശേഷങ്ങൾ മിയ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

കുടുംബം... 

mia-home-pala

ഞാനൊരു പാലാക്കാരിയാണ്. പപ്പ ജോർജ്, അമ്മ മിനി, എനിക്കൊരു ചേച്ചി ജിനി.  എന്റെ ശരിക്കുള്ള പേര് ജിമി എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് മിയ എന്നു പേരുമാറ്റിയത്. നാലു വയസ്സുവരെ മുംബൈയിലായിരുന്നു ജീവിതം. പപ്പ അവിടെ എൻജിനീയറായിരുന്നു. പപ്പ അവിടെ ഒരു 2BHK ഫ്ലാറ്റ് വാങ്ങിയിരുന്നു. രണ്ടു ബാൽക്കണിയുണ്ടായിരുന്നു. അവിടെ നിന്നാൽ കുറച്ചകലെയുള്ള റെയിൽപ്പാളവും ട്രയിൻ പോകുന്നതുമൊക്കെ കാണാമായിരുന്നു. 

മുംബൈ ടു പാലാ..

miya-home-lawn

പപ്പയ്ക്കും മമ്മിക്കും നാട്ടിൽ സെറ്റിൽ ചെയ്യണമെന്ന് തോന്നിയപ്പോൾ പാലാ ടൗണിൽ 25 സെന്റ് സ്ഥലവും ഇരുനില വീടും വാങ്ങി താമസമാക്കി. മുക്കാൽ ഭാഗത്തോളം പണിത വീടായിരുന്നതു കൊണ്ട് നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ പരിമിതിയുണ്ടായിരുന്നു. കാറ്റും വെളിച്ചവും കുറവ്, മുറികൾക്ക് വലുപ്പക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അലട്ടിയപ്പോഴാണ് നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പുതിയ വീടു പണിയാൻ പദ്ധതിയിട്ടത്.

പുതിയ വീട്...

miya-house

മൂന്നു വർഷം മുൻപാണ് വീടു വയ്ക്കാൻ പാലായിൽ സ്ഥലം മേടിക്കുന്നത്. താമസിക്കുന്ന വീടിന്റെ പോരായ്മകൾ പരിഹരിക്കുന്ന വീടായിരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. കേരളീയ ശൈലിയിലുള്ള വീടുകളിൽ ഷൂട്ടിന്റെ ഭാഗമായി പോയിട്ടുണ്ട്. മി.ഫ്രോഡ് എന്ന ചിത്രത്തിൽ വരിക്കാശേരി മനയായിരുന്നു എന്റെ വീട്. എന്തൊരു ഭംഗിയും ഐശ്വര്യവുമാണ് അത്തരം വീടുകൾക്ക്. പുതിയ വീട്ടിൽ അത്തരം വീടുകളിലെ നന്മകൾ ഒരുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

4500 ചതുരശ്രയടിയുള്ള ഒറ്റനില വീടാണ്. ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. എനിക്ക് വെള്ള നിറത്തോട് ഇഷ്ടം കൂടുതലാണ്. അതുകൊണ്ട് വീടിനകത്തും പുറത്തും വൈറ്റ് പെയിന്റാണ് അടിച്ചത്. ഇടങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രീതിയിലാണ് അകത്തളം ഒരുക്കിയത്. ഇത് വെന്റിലേഷനും സുഗമമാക്കുന്നു.

വാസ്തുവിൽ വിശ്വാസം...

വീടു പണിയാൻ തീരുമാനിച്ചപ്പോൾ മുതൽ വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ മേടിച്ചു വായിക്കാൻ തുടങ്ങി. വിശ്വാസത്തെക്കാൾ ഉപരിയായി അതിലൊരു സയൻസ് ഉണ്ടെന്നു മനസ്സിലായി. വാസ്തുപുരുഷൻ, കന്നിമൂല, വായുകോൺ, അഗ്‌നികോൺ, ഗൃഹമധ്യസൂത്രം... ഈ കാര്യങ്ങളൊക്കെ അടിസ്ഥാനപരമായി പൊസിറ്റീവ് എനർജി നിറയ്ക്കാൻ വേണ്ടി ചെയ്യുന്നതാണ്. അങ്ങനെയുള്ളപ്പോൾ വിശ്വാസമുള്ളവർ വേണ്ടെന്നു വയ്ക്കേണ്ട കാര്യമില്ലല്ലോ... കയറിത്താമസം കഴിഞ്ഞ് ഒരു പനി വന്നാലും ചിലപ്പോൾ വാസ്തു തെറ്റിച്ചതു കൊണ്ടായിരിക്കുമോ എന്നു ചിന്തിച്ചുപോകും...അതൊഴിവാക്കാമല്ലോ...

അടിസ്ഥാനപരമായി വീടിനുള്ളിലെ നെഗറ്റീവ് എനർജിയെ പുറന്തള്ളി പൊസിറ്റീവ് എനർജി നിറയ്ക്കുക എന്നതാണ് വാസ്തു കൊണ്ടുദ്ദേശിക്കുന്നത്. പ്രകൃതിയെ പരിഗണിച്ച് ചില കണക്കുകൾ പ്രകാരം പണിയുന്ന വീടുകൾ അതിൽ താമസിക്കുന്നവർക്ക് ഐശ്വര്യം നൽകുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. ചില വീടുകളിൽ കയറിച്ചെല്ലുമ്പോൾത്തന്നെ നമുക്കൊരു പൊസിറ്റീവ് ഫീൽ ലഭിക്കാറില്ലേ... അത്രേയുള്ളൂ കാര്യം...

ഫേവറിറ്റ് കോർണർ...

mia-courtyard

വീടിന്റെ മുൻഭാഗത്ത് വരാന്ത കൊടുത്തിട്ടുണ്ട്. അവിടെ കാറ്റേറ്റ് ഇരിക്കാൻ നല്ല രസമാണ്. വീടിനുള്ളിൽ ചെറിയൊരു കോർട്യാർഡ് നൽകിയിട്ടുണ്ട്. അതിനു സമീപം ഒരു ആട്ടു കട്ടിലും. വീട്ടിലുള്ളപ്പോൾ എല്ലാവരും വർത്തമാനം പറഞ്ഞിരിക്കുന്നത് ഇവിടെയാണ്. അങ്ങനെയതും എന്റെ ഫേവറിറ്റ് സ്പേസായി...

ചില്ലിങ് @ ഹോം...

ഏപ്രിൽ 14 നായിരുന്നു പാലുകാച്ചൽ. അതുകഴിഞ്ഞ് ഉടനെ സ്റ്റേജ് ഷോയുടെ ഭാഗമായി ഗൾഫ് - അമേരിക്ക യാത്രയിലായിരുന്നു. അതുകാരണം പുതിയ വീട്ടിലെ താമസം ഇതുവരെ ആസ്വദിക്കാൻ കഴിഞ്ഞില്ലായിരുന്നു. ഇപ്പോൾ കുറച്ചുദിവസം ബ്രേക്കെടുത്ത് അത് പരിഹരിക്കുകയാണ്. യാത്രയിൽ ഒരുപാട് സാധനങ്ങൾ കണ്ടെങ്കിലും വീടിനു ചേരുമോ എന്ന് പേടിയുള്ളതുകൊണ്ട് മേടിച്ചില്ല. ഇനി വേണം മേടിച്ചു തുടങ്ങാൻ. അതുകൊണ്ട് വീടിന്റെ അകത്തളക്കാഴ്ചകൾ മറ്റൊരവസരത്തിൽ വിശദമായി പറയാം.