Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവാസുരം പിറന്നത് ആ വീട്ടിൽനിന്ന്: നിരഞ്ജന

niranaja-house നർത്തകിയും നടിയുമായ നിരഞ്ജന അനൂപ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

ഞാൻ ജനിച്ചത് കോഴിക്കോടാണ്. പക്ഷേ കുട്ടിക്കാലം മുതൽ ഞാൻ കൊച്ചിയിലാണ് വളർന്നത്. അച്ഛൻ അക്ബർ അനൂപ് ഇന്റീരിയർ ഡിസൈനറാണ്. കിച്ചൻ ക്രാഫ്റ്റ് എന്നാണ് അച്ഛന്റെ കമ്പനിയുടെ പേര്. അമ്മ നാരായണി. ഡാൻസ് ടീച്ചറാണ്. പുനർജനി സ്‌കൂൾ ഓഫ് ഡാൻസ് എന്ന നൃത്തവിദ്യാലയം നടത്തുന്നു. 

കൊച്ചി വീട്... 

niranja-family

ഞാൻ താമസിക്കുന്നത് കൊച്ചി കടവന്ത്രയിലെ ഗിരിനഗർ കോളനിയിലുള്ള വീട്ടിലാണ്. അച്ഛൻ ജനിച്ചു വളർന്നതും ഇവിടെയാണ്. ഞാൻ മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ മുകളിലൊരു നില കൂടി പണിത് ഞങ്ങൾ താമസം മാറി. കൊച്ചിയിലെ വീട്ടിലെ ബാൽക്കണിയാണ് എന്റെ ഫേവറിറ്റ് കോർണർ. പഠിക്കാൻ എന്ന വ്യാജേന അവിടെയിരുന്നു വായിനോക്കാം. ഗ്രിൽസ് കൊടുത്ത് റോളർ ബ്ലൈൻഡുകൾ നൽകിയിട്ടുണ്ട്. അതുകൊണ്ട് പ്രൈവസിയും കിട്ടും.

കൊച്ചി സെന്റ്. തെരേസാസിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്. അമ്മ നൃത്താധ്യാപികയായതുകൊണ്ട് ചെറുപ്പം മുതൽ ഡാൻസ് പഠിച്ചുതുടങ്ങി. അച്ഛൻ ഇന്റീരിയർ ഡിസൈനർ ആയതുകൊണ്ട് ചെറുപ്പത്തിൽ എനിക്കും ആർക്കിടെക്ട് ആകണം എന്നായിരുന്നു ആഗ്രഹം. പിന്നെ പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ അത് സിനിമയിലേക്കും ഡാൻസിലേക്കും വഴിമാറി. 

മുല്ലശ്ശേരി തറവാട്...

mullasheri-tharavad

കോഴിക്കോട് ചാലപ്പുറത്താണ് മുല്ലശ്ശേരി തറവാട്. സംവിധായകൻ രഞ്ജിത്ത് എന്റെ ബന്ധുവാണ്. മുത്തച്ഛൻ മുല്ലശ്ശേരി രാജഗോപാലിന്റെയും മുത്തശ്ശി ലക്ഷ്മിയുടെയും ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രഞ്ജിമാമ ദേവാസുരം, രാവണപ്രഭു എന്നീ ചിത്രങ്ങൾ ഒരുക്കിയത്.  

ഞാൻ ചെറുതായിരുന്ന സമയത്ത് വലിയ തൊടിയും ഒരുപാട് മരങ്ങളും അതിൽ എനിക്കൊരു ഊഞ്ഞാലുമൊക്കെയുണ്ടായിരുന്നു. മുത്തച്ഛന്റെ മരണശേഷം വീട് ഭാഗം വച്ചപ്പോൾ തൊടിയുടെ കുറച്ച് ഭാഗങ്ങൾ പോയി. എനിക്കും അമ്മയ്ക്കും ഒരുപാട് പ്രിയപ്പെട്ട മരങ്ങൾ മുറിച്ചു മാറ്റേണ്ടിവന്നു. പക്ഷേ ഇപ്പോഴും വീടിന്റെ മുറ്റവും ഉമ്മറവും നിറയെ പൂച്ചെടികൾ അമ്മമ്മ നട്ടുവളർത്തിയിട്ടുണ്ട്. 

niranjana-garden

ഫാന്റസി വീട്...

niranjana-balcony

ഞാൻ കുട്ടിക്കാലം മുതൽ ഒരു ഫാന്റസി പോലെ കൊണ്ടുനടക്കുന്ന സ്വപ്നമാണ് സ്വന്തമായൊരു വീട്. രഞ്ജിമാമ വീട് ഭംഗിയായി സൂക്ഷിക്കുന്ന വ്യക്തിയാണ്. മാമയുടെ വയനാട്ടിലെ വീടൊക്കെ കണ്ടാണ് അതുപോലെ ഒരു വീട് എനിക്കും പണിയണമെന്ന മോഹമുണ്ടായത്. അച്ഛനാണ് ആ വീടിന്റെയും ഇന്റീരിയർ ഡിസൈൻ ചെയ്തത്. പുറത്തുള്ള പ്രകൃതിയുമായി ഇഴുകിച്ചേരുന്ന വിധമാണ് വീട് ഡിസൈൻ ചെയ്തത്. ഫർണിച്ചർ മുതൽ റെഡ്ഓക്സൈഡ് ഫ്ളോറിങ് വരെ വളരെ ആസ്വദിച്ച് ഡിസൈൻ ചെയ്തവയാണ്.

വീടിനകത്ത് ഒരു ഗോവണി വേണം എന്നത് എന്റെ ആഗ്രഹമാണ്. മുല്ലശേരിയിൽ ഗോവണിയില്ല. കൊച്ചിയിൽ ഇപ്പോൾ താമസിക്കുന്ന വീട്ടിലും പുറത്തുകൂടെയാണ് ഗോവണി നൽകിയിരിക്കുന്നത്. അമ്മമ്മയുടെ മുല്ലശ്ശേരി വീട് പോലെ മുറ്റം നിറയെ ചെടികൾ ഉണ്ടാകണം. പിന്നെ ചെറിയൊരു ടെറസ് ഗാർഡനും. ആ സ്വപ്നം സഫലമാകുന്നതും കാത്തിരിക്കുകയാണ് ഞാൻ...