Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതിയുടെ വീട്ടുവിശേഷങ്ങൾ

parvathy-krishna നടിയും അവതാരകയുമായ പാർവതി കൃഷ്ണ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

പത്തനംതിട്ട ജില്ലയിലെ കോന്നിയാണ് എന്റെ സ്വദേശം. അച്ഛൻ ഗോപീകൃഷ്ണൻ. അമ്മ രമ. എനിക്കൊരു ചേട്ടൻ, നന്ദു. അച്ഛന്റെ വലിയ തറവാടായിരുന്നു. ചെറുപ്പത്തിൽ കണ്ട ഓർമ മാത്രമേയുള്ളൂ. പിന്നീട് അത് പൊളിച്ചുമാറ്റി. ഓരോരുത്തരും ഭാഗം പറ്റി പിരിഞ്ഞു. 

ജനിച്ചു വളർന്ന വീട്...

ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീടിന് ഏതാണ്ട് അമ്പതു വർഷം പ്രായം കാണും. അധികം ബഹളങ്ങൾ ഇല്ലാത്ത സ്ഥലത്താണ് വീടു നിൽക്കുന്നത്. പരമ്പരാഗത ശൈലിയിൽ നിർമിച്ച വീടാണ്. മുറ്റത്ത് ചുറ്റിനും ധാരാളം മരങ്ങളുണ്ട്. അതുകൊണ്ടുതന്നെ വീട്ടിലേക്ക് കയറുമ്പോൾ നല്ല തണുപ്പാണ്. മനസ്സിൽ പൊസിറ്റീവ് എനർജി നിറയും. ചേട്ടന്റെ വിവാഹത്തോടനുബന്ധിച്ച് വീട് പുതുക്കിപ്പണിതു. പഴയ റെഡ്ഓക്സൈഡ് നിലത്ത് മാർബിൾ വിരിച്ചു. മുറികൾ കൂട്ടിച്ചേർത്തു. ഇപ്പോൾ ആറു മുറികളുണ്ട്. 

സിവിൽ എൻജിനീയർ...

ഞാൻ ബിടെക് സിവിലാണ് പഠിച്ചത്. പിന്നീട് ഇന്റീരിയർ ഡിസൈനിങ്ങിൽ ഒരു കോഴ്‌സും ചെയ്തു. കോളജ് പഠനകാലത്ത് ഷോർട് ഫിലിമുകൾ ചെയ്തിരുന്നു. അതിലൂടെയാണ് മിനിസ്ക്രീനിലേക്കും അവതരണ രംഗത്തേക്കും എത്തിയത്. സീരിയലുകളും അവതരണവും ഉള്ളതുകൊണ്ട് പൂർണമായി ഡിസൈനിങ്ങിലേക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. ഭാവിയിൽ രണ്ടും കൂടി ബാലൻസ് ചെയ്തു കൊണ്ടുപോകണമെന്നുണ്ട്. എന്റെ മുറിയിൽ ഇടയ്ക്ക് ഞാൻ ഇന്റീരിയർ പരീക്ഷണങ്ങൾ നടത്താറുണ്ട്. കർട്ടനുകൾ മാറ്റി പരീക്ഷിക്കാറുണ്ട്. എനിക്ക് ആന്റിക്ക് സാധനങ്ങളുടെ ശേഖരമുണ്ട്.

ഭർത്താവിന്റെ വീട്...

എന്റെ ഭർത്താവ് ബാലഗോപാൽ, സംഗീത സംവിധായകനാണ്. ഒപ്പം ചെറിയ ബിസിനസുമുണ്ട്. ബാലുവിന് തിരുവനന്തപുരം ശാസ്തമംഗലത്തും ജഗതിയിലും വീടുകളുണ്ട്.

സ്വപ്നവീട്...

സിവിൽ എൻജിനീയർ ആയതുകൊണ്ട് വീടിനെക്കുറിച്ച് നിരവധി സങ്കൽപ്പങ്ങളുണ്ട്. നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന വീടുകൾ. അത് നിർമിച്ചു കൊടുക്കുന്നതും സ്വന്തമായി പണിയുന്നതും സ്വപ്നം കാണാറുണ്ട്. മനസ്സിൽ ചില പ്ലാനുകളൊക്കെയുണ്ട്. എല്ലാം നടക്കുന്നതുവരെ അത് സസ്പെൻസ് ആയിരിക്കട്ടെ...