Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജുക്കുട്ടന്റെ വീട്ടുവിശേഷങ്ങൾ

bijukutan മിമിക്രി താരവും നടനുമായ ബിജുക്കുട്ടൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

എറണാകുളം ജില്ലയിലെ നോർത്ത് പരവൂരാണ് എന്റെ സ്വദേശം. അച്ഛൻ ആനന്ദൻ, അമ്മ ചന്ദ്രിക. ദരിദ്രമായ കുടുംബ പശ്‌ചാത്തലത്തിലാണ്‌ ഞാൻ ജനിച്ചത്. ഓല മേഞ്ഞ, ചാണകം മെഴുകിയ തറയുള്ള വീടായിരുന്നു. മഴക്കാലത്ത് വീട് ചോർന്നൊലിക്കും. അച്ഛന് കൂലിപ്പണി ആയിരുന്നു. എനിക്ക് രണ്ടു സഹോദരങ്ങളും ഉണ്ട്. ജീവിതസാഹചര്യങ്ങൾ കൊണ്ടു പത്താം ക്‌ളാസിൽ പഠനം അവസാനിപ്പിച്ചു. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അന്നൊക്കെ പുതിയ ഒരു വീട് സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല. വീടിനേക്കാൾ പ്രധാനം രണ്ടു നേരമെങ്കിലും അടുക്കള പുകയണം എന്നതായിരുന്നു. സ്‌കൂൾ കാലഘട്ടത്തിലേ മിമിക്രി ചെയ്യുമായിരുന്നു. പിന്നീട് ട്രൂപ്പുകളിൽ സജീവമായി. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്താണ് തുടങ്ങിയത്. 

സ്വപ്നവീട്...

bijukuttan

സിനിമയിൽ നിന്നു കിട്ടിയ സമ്പാദ്യങ്ങൾ സ്വരുക്കൂട്ടി നാലു വർഷം മുൻപ് ഞാൻ എന്റെ സ്വപ്നഭവനം നിർമിച്ചു. കുടുംബവീടിന്റെ സമീപത്തുതന്നെ ഓഹരിയായി കിട്ടിയ സ്ഥലത്താണ് വീട് വച്ചത്. നാലു കിടപ്പുമുറികളുള്ള ഇരുനില വീടാണ്. വലിയ ആഡംബരമുള്ള വീടുകൾ ഒരിക്കലും സ്വപ്നത്തിൽ ഇല്ല. അത്യാവശ്യം കയറിക്കിടക്കാനുള്ള സൗകര്യങ്ങൾ മാത്രമാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

കുടുംബം...

ഭാര്യ സുബിത വീട്ടമ്മയാണ്. ഞങ്ങൾക്ക് രണ്ടു മക്കൾ. ലക്ഷ്മി പത്താം ക്‌ളാസിൽ പഠിക്കുന്നു. പാർവതിക്ക് മൂന്നു വയസ്സ്. ഞാൻ ഷൂട്ടുമായി യാത്രകളിൽ ആയിരിക്കുമ്പോഴെല്ലാം ഭാര്യയാണ് വീട്ടിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എവിടെപ്പോയാലും തിരികെ വിളിക്കുന്ന ഇടമാണ് എനിക്ക് എന്റെ വീട്.