Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ ലൈഫിനേക്കാൾ ഇഷ്ടം കേരളം

nimisha-sajayan തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി വെള്ളിത്തിരയിൽ യാത്ര തുടരുന്ന നിമിഷ സജയൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

ഞാൻ ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം മുംബൈ എന്ന മഹാനഗരത്തിലാണ്. അച്ഛൻ സജയൻ മുംബൈയിൽ എൻജിനീയറാണ്. അമ്മ ബിന്ദു വീട്ടമ്മയാണ്. എനിക്കൊരു ചേച്ചി നീതു. ഇപ്പോൾ പൂനയിൽ ജോലി ചെയ്യുന്നു. എനിക്ക് പക്ഷേ മുംബൈ ലൈഫിനോട് വലിയ താൽപര്യം ഇല്ലായിരുന്നു. ആർക്കും ഒന്നിനും സമയമില്ല. ആകെയൊരു പരക്കം പാച്ചിലാണ്. 

നാട്ടിലെ വീട്...

അച്ഛന്റെയും അമ്മയുടെയും നാട് കൊല്ലമാണ്. അച്ഛൻ പിന്നെ എറണാകുളത്ത് വന്നു സെറ്റിലായി. എനിക്ക് ഓർമയുള്ളത് പുനലൂരുള്ള അമ്മയുടെ വീടിനെക്കുറിച്ചാണ്. ഓടിട്ട കേരളശൈലിയിലുള്ള വീടായിരുന്നു. മുറ്റത്തു നിറയെ മരങ്ങളും ചെടികളും ഉണ്ടായിരുന്നു. ഞാനും ചേച്ചിയും അവധിക്കാലത്ത് വീട്ടിലെത്തുമ്പോൾ അമ്മൂമ്മ വെളിച്ചെണ്ണയും ഉപ്പും കൂട്ടിക്കുഴച്ചു ചോറു വാരിത്തരുമായിരുന്നു. അതിന്റെ രുചി ഇപ്പോഴും നാവിൻതുമ്പിലുണ്ട്.

മുംബൈ ഫ്ലാറ്റ്...

nimisha-flat

മുംബൈയിൽ അച്ഛന് സ്വന്തമായി 3BHK ഫ്ലാറ്റുണ്ട്. ആ ഫ്‌ളാറ്റിനെ കുറിച്ചാണ് കൂടുതലും ഓർമകൾ. ചെറുപ്പത്തിൽ ഞാൻ ഭയങ്കര കുസൃതിയായിരുന്നു. തൊട്ടടുത്ത ഫ്ലാറ്റിൽ ഒരു പയ്യനുണ്ട്. റിതേഷ്. എന്നേക്കാൾ പത്തു വയസ്സിനു ഇളയതാണ്. പക്ഷേ ഞങ്ങൾ രണ്ടാളും കൂടിയാണ് കുരുത്തക്കേട് മുഴുവൻ ഒപ്പിക്കുന്നത്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ അച്ഛൻ ഒരു ഗാർഡൻ പുന്നാരിച്ചു വളർത്തിയിരുന്നു. ബാൽക്കണിയിൽ നിന്നു ചെടിക്ക് വെള്ളമൊഴിക്കുന്ന വ്യാജേന താഴെ നിൽക്കുന്നവരുടെ മേലെ വെള്ളമൊഴിക്കുന്നതായിരുന്നു ഞങ്ങളുടെ  ഒരു പ്രധാന വിനോദം. പിന്നെ അച്ഛന്റെ അടി കിട്ടാതിരിക്കാനായി ഫ്ലാറ്റിന്റെ ഏതെങ്കിലും മൂലയിൽ പോയി ഒളിച്ചിരിക്കും. പ്രശ്നമെല്ലാം ഒതുങ്ങിയ ശേഷമാണ് തിരിച്ചിറങ്ങുക. 

eeda-movie-still-nimisha-sajayan-1

കിടപ്പുമുറിയാണ് എന്റെ ഫേവറിറ്റ് കോർണർ. ഞാൻ കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് കിടപ്പുമുറിയിലാണ്. ഞാൻ ചെറുപ്പം മുതൽ അത്യാവശ്യം പെയിന്റിങ് ചെയ്യുമായിരുന്നു. അതൊക്കെ ഇപ്പോഴും എന്റെ മുറിയിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. എന്റെ കലാപ്രകടനങ്ങൾ കൂടുതലും ഏറ്റുവാങ്ങിയിരുന്നത് ഫ്ലാറ്റിന്റെ ഭിത്തികളായിരുന്നു. വീട് അടുക്കിപ്പെറുക്കി വയ്ക്കുന്ന കാര്യത്തിലും ഞാൻ മടിച്ചിയാണ്. എന്റെ മുറികൾ വൃത്തിയാക്കി അമ്മ മടുത്തു.

മുംബൈ ടു കൊച്ചി...

സ്‌കൂൾ കാലത്ത് അഭിനയത്തേക്കാൾ ഡാൻസിലും സ്പോർട്സിലുമായിരുന്നു കമ്പം. ഞാൻ തയ്ക്വാൻഡോ ബ്ലാക് ബെൽറ്റാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. ഇപ്പോൾ കൊച്ചി വെണ്ണലയിൽ ഒരു 3BHK ഫ്ലാറ്റ് വാടകയ്‌ക്കെടുത്താണ് താമസം. അച്ഛൻ ഇപ്പോഴും മുംബൈയിലാണ്. അമ്മയാണ് എന്റെ ഒപ്പമുള്ളത്.

മാംഗല്യം വീട്...

mangalyam-home

'മാംഗല്യം തന്തുനാനേന' സിനിമയിൽ ചാക്കോച്ചന്റെ വീടായി കാണിക്കുന്നത് തൊടുപുഴയിലുള്ള ഒരു വീടാണ്. എന്ത് രസമാണെന്നോ ആ വീട് കാണാൻ. ഓടൊക്കെയിട്ട തനി നാടൻ വീട്. ഞങ്ങൾ പൂവീട് എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. മുറ്റത്തു നിറയെ പൂച്ചെടികളാണ്. ഷൂട്ട് കഴിഞ്ഞു ആ വീടിനോട് യാത്ര പറയാൻ വലിയ വിഷമമായിരുന്നു. എനിക്കാണെങ്കിൽ ഫ്ലാറ്റ് ലൈഫ് മടുത്തു തുടങ്ങി. ഭാവിയിൽ എന്നെങ്കിലും അതുപോലെ ഒരു വീടു വാങ്ങി താമസമാക്കണം എന്നാണ് എന്റെ ഒരു മോഹം.