Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷഫ്‌നയുടെ വീട്ടുവിശേഷങ്ങൾ

shafna-hus

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ 'അയ്യോ അച്ഛാ പോകല്ലേ' എന്നു കരഞ്ഞ കുട്ടിയെ മലയാളികൾ ഇപ്പോഴും ഓർക്കുന്നുണ്ട്. ആ കുട്ടി ഇപ്പോൾ വളർന്നു കുടുംബിനിയായി, സീരിയലുകളിൽ നിറഞ്ഞു നിൽക്കുന്നു. ഷഫ്‌ന വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

പവർകട്ട് ഇഷ്ടം...

തിരുവനന്തപുരം പട്ടമാണ് എന്റെ സ്വദേശം. വാപ്പ നിസാം, ഉമ്മ  ഷാഹിദ. എനിക്കു രണ്ടു സഹോദരിമാർ. ചേച്ചി ഷബ്‌ന. അനിയത്തി ഷൈന.നഗരഹൃദയത്തിൽ തന്നെയുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് ഞങ്ങളുടെ വീട്. എന്നാൽ അധികം ബഹളങ്ങൾ ഒന്നും അങ്ങോട്ട് എത്തില്ല താനും. സമീപമുള്ള മൂന്നു വീടുകളും അച്ഛന്റെ കുടുംബക്കാരുടെ തന്നെയായിരുന്നു. അതുകൊണ്ട് കൂട്ടുകുടുംബം പോലെ തന്നെയായിരുന്നു. കസിൻസ് എല്ലാവരും ഒരുമിച്ചാണ് വളർന്നത്.

അന്നൊക്കെ പവർകട്ട് ഉള്ള സമയമാണ്. ഞങ്ങൾ കുട്ടികൾ പവർകട്ടിനായി കാത്തിരിക്കുമായിരുന്നു. കാരണം അര മണിക്കൂർ പഠിക്കണ്ടല്ലോ! അന്നു മൊബൈൽ ഫോൺ ഒന്നും എത്തിയിട്ടില്ല. ആ അര മണിക്കൂർ എല്ലാവരും വീടിന്റെ സിറ്റ്ഔട്ടിൽ ഒത്തുകൂടും. ഞങ്ങൾ കുട്ടികൾ മിന്നാമിനുങ്ങിനെ പിടിക്കാൻ പോകും. നല്ല രസമായിരുന്നു ആ ലോഡ്ഷെഡിങ് കാലം.

shafna-parents വാപ്പയും ഉമ്മയും

സാദാ രണ്ടുനില വീടായിരുന്നു. ഇപ്പോൾ മുകൾനിലയിൽ ചേച്ചിയും കുടുംബവും താമസിക്കുന്നു. അച്ഛനും അമ്മയും അനിയത്തിയും താഴെയും.

സിറ്റി ടു അന്തിക്കാട്...

shafna

ഭർത്താവ് സജിന്റെ വീട് തൃശൂർ അന്തിക്കാടാണ്. സത്യൻ സാറിന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്ററെ ഉള്ളൂ സജിന്റെ വീട്ടിലേക്ക്. വയലും കുളവും പച്ചപ്പും ശുദ്ധവായുവുമൊക്കെയുള്ള തനിനാടൻ പ്രദേശം. നല്ല സമാധാനമുള്ള സ്ഥലമാണ്. ഇടയ്ക്ക് സിറ്റി ലൈഫ് മിസ് ചെയ്യുമ്പോൾ തൃശൂർ ടൗണിലേക്കിറങ്ങും. തനി നാടൻ ശൈലിയിലുള്ള ഒരുനില വീടാണ് സജിന്റേത്.

ഞങ്ങളുടെ വിവാഹശേഷമായിരുന്നു സജിന്റെ ചേട്ടന്റെ വിവാഹം. ആ സമയത്ത് വീടൊന്നു മോടിപിടിപ്പിച്ചു. ഇന്റീരിയർ മാറ്റങ്ങളിൽ പലതും എന്റെ ഐഡിയകളായിരുന്നു. പിന്നെ എന്റെയും സജിന്റെയും മുറി ഞങ്ങളുടെ ലോകമാണ്. ഭിത്തിയിലെ നിറങ്ങളായാലും ക്യൂരിയോസ് ആയാലും ഞങ്ങളുടെ ഇഷ്ടത്തിനാണ് ഒരുക്കിയിരിക്കുന്നത്.

സീരിയൽ ഷൂട്ട് തിരുവനന്തപുരത്താണ് നടക്കുന്നത്. അപ്പോൾ ഞാൻ തൃശൂരിൽ നിന്നും ഇവിടെക്കെത്തും. കഴിയുമ്പോൾ തിരിച്ചു പോകും. വീട്ടിൽ ഇപ്പോൾ ചെറിയ മിനുക്കുപണികൾ നടക്കുകയാണ്. പഴയ ടൈലുകൾ മാറ്റുന്നു. മുറ്റം കെട്ടുന്നു...അങ്ങനെയങ്ങനെ.. 

സ്വപ്നവീട്...

shafna-image

എന്റെ ചെറുപ്പം മുതലുള്ള സ്വപ്നമാണ് സ്വന്തമായൊരു വീടു വയ്ക്കുക എന്നത്. അതിന്റെ ഇന്റീരിയർ എങ്ങനെ ആയിരിക്കണം എന്നതുവരെ മനസ്സിൽ കുറിച്ചിട്ടിട്ടുണ്ട്. നിറയെ കാറ്റും വെളിച്ചവും കടക്കുന്ന അകത്തളങ്ങളും ചുറ്റിനും മരങ്ങളുമുള്ള  വീട്. ഇപ്പോഴും ആ സങ്കൽപ്പത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടില്ല. കുറച്ചുകൂടി സമ്പാദ്യമായിട്ട് ഞങ്ങൾ അത് സാധ്യമാക്കും എന്നു ഞാൻ വിശ്വസിക്കുന്നു.