Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സനുഷയുടെ വീട്, സനൂപിന്റെയും!

sanusha-home നടി സനുഷ സന്തോഷ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

ബാലതാരങ്ങളായി വന്നു സിനിമാപ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തവരാണ് സനുഷയും സനൂപും. സനുഷ പിന്നീട് നായികയായി. കുട്ടിത്തരം മുഖത്തുണ്ടെങ്കിലും സനൂപ് ഇപ്പോൾ നീളംവച്ചു കൗമാരക്കാരനായി. അടുത്തിടെ ഇറങ്ങിയ ജോണി ജോണി യെസ് അപ്പാ എന്ന സിനിമയിൽ സനൂപ് അഭിനയിച്ചിരുന്നു. നാടിനെക്കുറിച്ച്, വീടിനെക്കുറിച്ച് സനുഷ ഓർമ്മകൾ പങ്കുവയ്ക്കുന്നു... 

അച്ഛന്റെ നാട് കണ്ണൂരാണ്. അമ്മയുടേത് കാസർകോട് ജില്ലയിലെ നീലേശ്വരവും. ഒരു തനിനാട്ടിൻപുറമാണ് നീലേശ്വരം. ഇപ്പോഴും വയലും പുഴയും ശുദ്ധവായുവും മതിലുകൾ ഇല്ലാത്ത നാട്ടിടവഴികളുമെല്ലാം കാണാം. ഞാൻ ജനിച്ചത് കണ്ണൂരുള്ള അച്ഛന്റെ തറവാട്ടിലാണ്. അതിനുശേഷം ഞങ്ങൾ നീലേശ്വരത്തേക്ക് താമസം മാറി. 

അച്ഛൻ സന്തോഷിനു ബിസിനസാണ്. അമ്മ ഉഷ വീട്ടമ്മയും. അനിയൻ സനൂപാണ്‌ ഇപ്പോൾ വീട്ടിലെ താരം. എന്നെ പൊന്നേച്ചിയെന്നാണ് അവൻ വിളിക്കുന്നത്. വീട്ടിൽ ഒരുമിച്ചുള്ളപ്പോൾ ചെറിയ അടിപിടിയൊക്കെ ഉണ്ടെങ്കിലും എന്നെ വലിയ കാര്യമാണ്. എനിക്കും അങ്ങനെത്തന്നെ. പുതിയ ചിത്രം 'ജോണി ജോണി യെസ് അപ്പാ'യിൽ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കക്ഷി. 

sanusha-family

എന്റെ ഓർമകളിൽ കൂടുതലും നിറയുന്നത് നീലേശ്വരം വീടുകൾതന്നെ. കേരളാശൈലിയിലുള്ള ഓടിട്ട വീടായിരുന്നു. ചുറ്റിനും നിറയെ മരങ്ങളുണ്ടായിരുന്നു. പശുവും കോഴിയും മറ്റു വളർത്തുമൃഗങ്ങളും ഉണ്ടായിരുന്നു. അച്ഛച്ഛന്റെ വീട്ടിൽ ഒരു വളർത്തുനായയുണ്ടായിരുന്നു- സൂസി. ചെറുപ്പത്തിൽ അച്ഛച്ഛൻ ഞങ്ങളെയും കൊണ്ടു നടക്കാൻ പോകുമ്പോൾ സൂസിയും ഒപ്പംകൂടും. അങ്ങനെ നടന്നുപോയ ഇടവഴികളും വൈകുന്നേരം പാടത്തിലെ മീൻപിടിത്തവും ഒക്കെ ഇപ്പോഴും മനസ്സിലുണ്ട്. കാഞ്ഞങ്ങാടുള്ള അച്ഛന്റെ സഹോദരിയുടെ വീടും എനിക്ക് സ്വന്തം വീടുപോലെയാണ്. 

കണ്ണൂർ വീട്...

sanusha-house

നാലുവർഷം മുൻപാണ് ഞങ്ങൾ കണ്ണൂര് വീടുവച്ചത്. അതുവരെ  വാടകവീടുകളിലായിരുന്നു താമസം. മോഡേൺ ശൈലിയിലുള്ള ഇരുനില വീടാണ്. ഞങ്ങൾ ഒരുപാട് പ്ലാൻ ചെയ്താണ് വീട്ടിലെ ഓരോ ഇടങ്ങളും ഒരുക്കിയത്. ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണുള്ളത്. വീട്ടിലെ ഹൈലൈറ്റ് പൂജാമുറിയാണ്. മിക്കദൈവങ്ങളുടെയും രൂപങ്ങൾ അവിടെ ഞങ്ങൾ ഭക്തിയോടെ ഒരുക്കിയിരിക്കുന്നു. എനിക്കും അനിയനും കിട്ടിയ ചെറിയ പുരസ്‌കാരങ്ങൾ ഞങ്ങൾ സന്തോഷത്തോടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

വീട്ടിലിരിക്കാൻ ഇഷ്ടം...

sanusha

എവിടെയെങ്കിലുമൊക്കെ ദൂരയാത്ര കഴിഞ്ഞുവന്നാൽ പിന്നെയെനിക്ക് പുറത്തേക്ക് ഇറങ്ങാനേ തോന്നില്ല. വീട്ടിലേക്ക് കയറുമ്പോൾത്തന്നെ മനസ്സിൽ ഒരു പൊസിറ്റീവ് എനർജി നിറയും. എന്റെ മുറിയാണ് എന്റെ ഇഷ്ടഇടം. എത്രനേരം വെറുതെ ഇരുന്നാലും ബോറടിക്കില്ല. ചെറിയ ചെപ്പടിവിദ്യകളൊക്കെ എന്റെ മുറിയിൽ ഞാൻ ചെയ്തിട്ടുണ്ട്.

കൊച്ചി ലൈഫ്...

ഞാൻ ഡിഗ്രി ഇവിടെ കണ്ണൂര് തന്നെയായിരുന്നു ചെയ്തത്. പിജി എറണാകുളം സെന്റ്. തെരേസാസിലായിരുന്നു. ചെറുപ്പം മുതലേ കൊച്ചിയുമായി അടുപ്പമുണ്ട്. മിക്ക സിനിമകളുടെയും ഷൂട്ട് കൊച്ചിയിലായിരുന്നു. അതുകൊണ്ട് കൊച്ചിയിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുമ്പോൾ ഹോംസിക്നസ് ഒന്നും തോന്നിയിരുന്നില്ല. 

സ്വപ്നവീട്...

family

ഓർമകളിൽ നിറഞ്ഞുനിൽക്കുന്നത് തറവാടു വീടുകളായതുകൊണ്ട് എനിക്കും അതുപോലെ ഒരു വീട് പണിയണം എന്നാണ് ആഗ്രഹം. വലിയ മുറ്റവും നിറയെ മരങ്ങളും വളർത്തുമൃഗങ്ങളും ഉള്ള വീട്. ഭാവിയിൽ ഞാൻ അതു സഫലമാകുമോ ഇല്ലയോ എന്നൊന്നും അറിയില്ല. എങ്കിലും വെറുതെ സ്വപ്നം കാണാൻ കാശൊന്നും കൊടുക്കണ്ടല്ലോ...