Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സ്വപ്നത്തിന്റെ പണിപ്പുരയിലാണ് ഞങ്ങൾ: അനീഷ് രവി

anish-ravi-home അവതാരകനും അഭിനേതാവുമായി മിനിസ്‌ക്രീനിൽ തിളങ്ങുന്ന അനീഷ് രവി തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

ഞാനൊരു ചിറയിൻകീഴുകാരനാണ്. പ്രേംനസീർ, ഭരത് ഗോപി തുടങ്ങിയവരുടെ ജന്മനാടാണ് ചിറയിൻകീഴ്. വീടിനടുത്താണ് ശാർക്കര ദേവീക്ഷേത്രം. പ്രേംനസീർ ആനയെ നടയിരുത്തിയ ക്ഷേത്രമെന്ന രീതിയിൽ മതസാഹോദര്യത്തിന്റെ പ്രതീകം കൂടിയാണിവിടം. വൈകുന്നേരങ്ങൾ ആൽത്തറയിൽ പോയിരുന്നു സുഹൃത്തുക്കളോടൊപ്പം വെടിവട്ടം പറഞ്ഞിരുന്ന കാലമൊക്കെ ഇപ്പോഴും ഗൃഹാതുരതയോടെ ഓർക്കുന്നു. 

വീടോർമകൾ... 

അച്ഛൻ രവീന്ദ്രൻ പ്രവാസിയായിരുന്നു. പിന്നെ നാട്ടിൽ ചെറിയ ബിസിനസ് തുടങ്ങി. അമ്മ അംബിക വീട്ടമ്മയും. ഞങ്ങൾ നാലു മക്കളാണ്. ഞാൻ അതിൽ ഏറ്റവും ഇളയതാണ്.

ഒരു ഇടത്തരം ഓടിട്ട വീടായിരുന്നു ഞങ്ങളുടേത്. വലിയ ഹാൾ ആയിരുന്നു. ഞങ്ങൾ നാലു കുട്ടികളും കൂടി അവിടെ നിരനിരയായി കിടക്കും. പത്തായം ഉണ്ടായിരുന്നു. ഉറിയുടെ മുകളിൽ അമ്മ കിണ്ണത്തപ്പം ഉണ്ടാക്കി വയ്ക്കും. അമ്മ കാണാതെ അത് അടിച്ചു മാറ്റുന്നത് ഞങ്ങളുടെ പതിവായിരുന്നു. ഒരു ദിവസം ഉറിയുടെ മുകളിലുള്ള അപ്പം എടുക്കാൻ ശ്രമിച്ചപ്പോൾ ഉറി പൊട്ടി തലയിൽ വീണു. തലയിൽ സ്റ്റിച്ചും ഇട്ടു, അമ്മയുടെ വഴക്കും കിട്ടി. വീട്ടിൽ ആടും കോഴിയുമൊക്കെ ഉണ്ടായിരുന്നു.

ഞങ്ങളുടെ നാട്ടിൽ ദേശ്പ്രേമി എന്നൊരു ആർട്സ് ക്ലബ് ഉണ്ടായിരുന്നു. ചെറുപ്പത്തിൽ അതിലൂടെ നാടകരംഗത്തേക്ക് എത്തി. പിന്നീട് മിനിസ്ക്രീനിലേക്കും അവിടെനിന്നു സിനിമയിലും തലകാണിച്ചു.

anish-house

പിന്നീട് സഹോദരങ്ങൾ കുടുംബമായി പല വീടുകളിലായി. ഞങ്ങൾ ആ പഴയ വീടു പൊളിച്ചു കളഞ്ഞു. അതിന്റെ സ്ഥാനത്ത് ഒരു രണ്ടുനില വീട് ഉയർന്നു. അച്ഛനും അമ്മയും ഇപ്പോൾ അവിടെയാണ് താമസം. ആ വീട് എന്റെ പേരിലാണ്. കുട്ടികൾക്ക് അവധി കിട്ടുമ്പോൾ ഞങ്ങൾ കുടുംബമായി തറവാട്ടിൽ പോയി നിൽക്കാറുണ്ട്.

ഫ്ലാറ്റ് ജീവിതം...

ഭാര്യ ജയലക്ഷ്മിക്ക് പിഎസ്‌സി ഓഫീസിലാണ് ജോലി. ഞങ്ങൾക്ക് രണ്ടു മക്കൾ. മൂത്തവൻ അദ്വൈത് എട്ടാംക്ലാസിലും ഇളയവൻ അദ്വിക്ക് എൽകെജിയിലും പഠിക്കുന്നു. ഭാര്യക്ക് ഓഫിസിൽ പോകാനും മക്കൾക്ക് സ്‌കൂളിൽ പോകാനുമുള്ള സൗകര്യത്തിനാണ് നഗരത്തിലേക്ക് ഫ്ലാറ്റെടുത്തു താമസം മാറിയത്. 

anish-flat

നാലു വർഷം മുൻപ് മേടിച്ചിട്ടതാണെങ്കിലും ഒരു വർഷം മുൻപാണ് താമസം തുടങ്ങിയത്. മണ്ണന്തലയിലാണ് ഫ്ലാറ്റ്. ബീക്കൺ ടെറസ് എന്നാണ് അപാർട്മെന്റിന്റെ പേര്. ആറാം നിലയിലുള്ള 3 BHK ഫ്ലാറ്റാണ്. അത്യാവശ്യം ഇന്റീരിയർ ഒക്കെ ചെയ്തിട്ടുണ്ട്. ഭാര്യയാണ് അതിന്റെ മേൽനോട്ടം നിർവഹിച്ചത്. ഫ്ലാറ്റ് ലൈഫ് എനിക്കിഷ്ടമാണ്. ഇതിനു മുൻപ് ഞാൻ കൊച്ചിയിലും വാടകയ്ക്കു ഫ്ലാറ്റിൽ താമസിച്ചിരുന്നു. അതിന്റെ സ്വകാര്യതയും സുരക്ഷിതത്വവും ഒരു ഘടകം തന്നെയാണ്.

anish-kitchen

സ്വപ്നവീട്...

ഞാൻ വയനാട്ടിൽ കുറച്ചു സ്ഥലം മേടിച്ചിട്ടിട്ടുണ്ട്. കുറച്ചു സമ്പാദ്യം ആയിക്കഴിഞ്ഞാൽ അവിടെയൊരു വാരാന്ത്യവസതി നിർമിക്കാൻ പദ്ധതിയുണ്ട്. 

സിറ്റി ലൈഫ് ബോറടിക്കുമ്പോൾ നേരെ വയനാടിന്റെ ശാന്തതയിലേക്ക് വിടുക. കുറച്ചു ദിവസം ആസ്വദിച്ചു തിരിച്ചെത്തുക. വാടകയ്ക്ക് കൊടുത്താൽ ചെറിയ സമ്പാദ്യവുമാകും. അതിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ഞങ്ങൾ...