Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാസർകോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യാം; പക്ഷേ വീട്...

anu-joseph-home

മിനിസ്‌ക്രീൻ കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് അനു ജോസഫ്. ഏതാണ്ട് പതിനെട്ടു വർഷമായി അനു മിനിസ്‌ക്രീനിലെ പരിചിത മുഖമാണ്. ഇതിനിടയ്ക്ക് ചില നല്ല സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു. അനു തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

കാസർകോഡ് ജില്ലയിലെ ചിറ്റാരിക്കാൽ ആണ് എന്റെ സ്വദേശം. അച്ഛൻ രാജു ജോസഫ് കർഷകനാണ്. അമ്മ സൂസമ്മ വീട്ടമ്മ. എനിക്കൊരു അനിയത്തി സൗമ്യ. പാലാ, തൊടുപുഴ എന്നിവിടങ്ങളിൽനിന്നും ഇവിടേക്ക് കുടിയേറിയ കർഷകകുടുംബമാണ് എന്റേത്. 

ഞാൻ ജനിച്ചു നാലഞ്ചു വയസ്സുവരെ വളർന്ന വീട് ഒരു തനി ഗ്രാമപ്രദേശത്തായിരുന്നു. ശുദ്ധമായ വായുവും വെള്ളവും കിട്ടുന്ന ധാരാളം മരങ്ങളും വയലുകളും കുന്നുകളുമെല്ലാമുള്ള ഒരു പ്രദേശം. സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോഴാണ് സൗകര്യത്തിനു ഞങ്ങൾ ആ വീടു വിറ്റു ചിറ്റാരിക്കാൽ ടൗണിൽ സ്ഥലം വാങ്ങി വീടുവയ്ക്കുന്നത്. അച്ഛന്റെ സഹോദരങ്ങളെല്ലാം ഇവിടെ സ്ഥലം മേടിച്ചു താമസമാക്കുകയായിരുന്നു. സമീപം തന്നെ ഞങ്ങൾക്ക് കുറച്ചു കൃഷിഭൂമിയുണ്ട്.

ആറു സെന്റിൽ രണ്ടു കിടപ്പുമുറികളുള്ള ഒരു കൊച്ചു വീടായിരുന്നു ആദ്യം. ഞാൻ പ്ലസ്‌ടുവിനു പഠിക്കുമ്പോൾ മുകളിൽ രണ്ടുമുറികൾ കൂടി പണിതു.

anu-home

വലിയ ആഡംബരങ്ങളൊന്നുമില്ല ഉള്ളിൽ. പക്ഷേ നല്ല സമാധാനം നൽകുന്ന ഇടമാണ് എന്റെ വീട്. കൃഷിയായതുകൊണ്ട് വീട്ടിലേക്കുള്ള പച്ചക്കറി പുറത്തുനിന്നു മേടിക്കേണ്ട കാര്യമില്ല. വീട്ടിൽ വളർത്തുമൃഗങ്ങളുമുണ്ട്. അവരും നമ്മുടെ കുടുംബാംഗങ്ങൾ പോലെയാണ്.

ഹോംസിക്ക്....

കോളജ് കാലഘട്ടത്തിലാണ് മിനിസ്ക്രീനിലേക്കെത്തുന്നത്. സീരിയൽ ഷൂട്ട് കൊച്ചിയിൽ ആയിരുന്ന സമയത്ത് അവിടെ ഒരു ഫ്ലാറ്റിൽ റെന്റിനായിരുന്നു താമസം. ഇപ്പോൾ ഷൂട്ടിന് തിരുവനന്തപുരത്ത് ഒരു വാടകവീട്ടിലാണ് താമസം.  പലരും ചോദിക്കാറുണ്ട് ഷൂട്ടിന് വേണ്ടി കേരളത്തിന്റെ അങ്ങേയറ്റത്തു നിന്ന് ഇങ്ങേയറ്റംവരെ സ്ഥിരമായി യാത്ര ചെയ്യണോ, ഇവിടെ ഒരു ഫ്ലാറ്റ് എടുത്തു കൂടിക്കൂടേ എന്ന്...പക്ഷേ എനിക്കു ജനിച്ചുവളർന്ന നാടും വീടും വിട്ടു പോകുന്നത് ആലോചിക്കാനേ കഴിയില്ല.

സ്വപ്നവീട്...

ഇവിടെ ചിറ്റാരിക്കാലിൽതന്നെ ഞാൻ കുറച്ചു ഭൂമി മേടിച്ചിട്ടിട്ടുണ്ട്. ഭാവിയിൽ അവിടെ ഒരു വീട് വയ്ക്കണം എന്നാണ് എന്റെ ആഗ്രഹം. കാറ്റും വെളിച്ചവുമുള്ള അകത്തളങ്ങൾ വേണം. വലിയ മുറ്റമുള്ള ഒരു വീടു വേണം എന്നാണ് എന്റെ ആഗ്രഹം. ലോകത്ത് എവിടെപ്പോയാലും ഇവിടേക്ക് മടങ്ങിയെത്തുമ്പോൾ എനിക്കു കിട്ടുന്ന സന്തോഷവും സമാധാനവും വേറൊരിടത്തും കിട്ടില്ല.