Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരീഷ് കണാരന്റെ വീട്

hareesh-house ഹാസ്യ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീനിലും സിനിമയിലും ശ്രദ്ധേയനായ ഹരീഷ് കണാരൻ തന്റെ വീടിന്റെ ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു...

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. അച്ഛൻ രാമചന്ദ്രമേനോൻ, അമ്മ സരോജിനി. അന്നത്തെക്കാലത്തു സാധാരണമായിരുന്ന ഓടിട്ട വീടായിരുന്നു ഞങ്ങളുടേത്. ഞാൻ രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. പിന്നീട് അച്ഛൻ വേറെ വിവാഹം കഴിച്ചു. പിന്നീട് കുറേക്കാലം മാങ്കാവുള്ള അമ്മാവന്റെ വീട്ടിലായിരുന്നു ഞാൻ താമസിച്ചത്. ജനിച്ചു വളർന്ന വീടിനേക്കാൾ ഓർമകൾ ഉള്ളതും ആ വീട്ടിലാണ്. പിന്നീട് അച്ഛൻ എന്നെ രണ്ടാനമ്മയുടെ വീട്ടിലേക്കു കൊണ്ടുപോയി. കുറേക്കാലം അവിടെ താമസിച്ചു. 

പെരുമണ്ണ അമ്മയുടെ നാടാണ്. അവിടെയുണ്ടായിരുന്ന തറവാടു വീട് ആൾതാമസമില്ലാത്ത പൊളിഞ്ഞുപോയി. പിന്നീട് അമ്മയുടെ 20 സെന്റ് ഭൂമി വിറ്റ് അമ്മയുടെ പേരിലുണ്ടായിരുന്ന മറ്റൊരു 27 സെന്റ് ഭൂമിയിൽ ഞാനൊരു വീടുവച്ചു. വിവാഹശേഷം ഭാര്യയെയും കൊണ്ടു കയറിച്ചെല്ലുന്നത് ആ വീട്ടിലേക്കാണ്.

hareesh-family

ഭാര്യ സന്ധ്യ. ഭാര്യ സംഗീതം പഠിച്ചിട്ടുണ്ട്. കച്ചേരികളിലൊക്കെ പാടാൻ പോകാറുണ്ട്. കുട്ടികളെ പാട്ടു പഠിപ്പിക്കുന്നുമുണ്ട്. ഞങ്ങൾക്ക് രണ്ടു മക്കൾ. മകൻ ധ്യാൻ ഹരിക്ക് അഞ്ചു വയസ്സ്. മകൾ ധ്വനിക്കു പത്തുമാസം.

ഹിറ്റായ കണാരൻ...

hareesh-kanaran-smile

സ്‌കൂൾ കാലഘട്ടത്തിൽത്തന്നെ മിമിക്രിവേദികളിൽ സജീവമായിരുന്നു. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും അവസരങ്ങൾ ഒത്തുവന്നില്ല. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയാണ് എന്റെ തലവര മാറ്റിയെഴുതിയത്. അതിൽ അവതരിപ്പിച്ച കണാരൻ എന്ന കഥാപാത്രം കേറിയങ്ങു ഹിറ്റായി. പിന്നീട് ആ കഥാപാത്രത്തെ വച്ചു സീരിയലുകളും സിനിമയും ഉണ്ടായി. അങ്ങനെ ഹരീഷ് പെരുമണ്ണ ഹരീഷ് കണാരനായി.

സ്വന്തമായി വച്ച വീട്...

kanaran-house

1200 ചതുരശ്രയടിയുള്ള സാധാരണ വീടാണ് ഞാൻ വച്ചത്. രണ്ടുകിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ..ഇത്രയുമേ ഉള്ളൂ..ലളിതമായി ഇന്റീരിയർ ചെയ്തിട്ടുണ്ട്. അതൊക്കെ ഭാര്യയുടെ വിഭാഗമാണ്. ചെറിയൊരു പടിപ്പുര വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതു ഞാൻ നിർമിച്ചിട്ടുണ്ട്. കോഴിക്കോട് ഷൂട്ട് നടന്ന സമയത്തു ടൊവിനോയും സിദ്ദിഖ് ഇക്കയുമെല്ലാം വീട്ടിൽ എത്തിയിരുന്നു.

ഷൂട്ട് മിക്കതും കൊച്ചിയിലായതുകൊണ്ട് പലരും ചോദിക്കാറുണ്ട് കൊച്ചിയിൽ വല്ല ഫ്‌ളാറ്റുമെടുത്തു കൂടിക്കൂടേ എന്ന്...അമ്മ ഒപ്പമില്ലെങ്കിലും അമ്മയുടെ സാന്നിധ്യം ഈ വീട് ഓരോനിമിഷവും എന്നെ ഓർമിപ്പിക്കുന്നു. നമ്മുടെ വേരുകൾ എല്ലാം ഇവിടെ കോഴിക്കോടാണ്. നമ്മുടെ കരിയറിൽ വഴിത്തിരിവായതുതന്നെ കോഴിക്കോടൻ ഭാഷ സംസാരിക്കുന്ന കണാരനാണ്. അതുകൊണ്ട് കോഴിക്കോട് വിട്ടുള്ള ഒരുപരിപാടിയുമില്ല.