Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സ്വപ്നത്തിലേക്ക് യാത്ര തുടങ്ങുന്നു: ലിയോണ

leona-lishoy-home സിനിമയ്ക്കു പുറത്തെ തന്റെ വീട്ടുവിശേഷങ്ങൾ ലിയോണ ലിഷോയ് പങ്കുവയ്ക്കുന്നു.

സിനിമയിൽ ചെറിയ വേഷങ്ങളിലൂടെത്തി ശ്രദ്ധ നേടിയ താരമാണ് ലിയോണ ലിഷോയ്. മായാനദിയിലെ സമീരയെ പ്രേക്ഷകർ മറന്നുകാണാൻ ഇടയില്ല. നായികയോടൊപ്പം നിൽക്കുന്ന പ്രകടനമായിരുന്നു ലിയോണ ചിത്രത്തിൽ കാഴ്ചവച്ചത്. അടുത്തിറങ്ങിയ മറഡോണ, മാംഗല്യം തന്തുനാനേന തുടങ്ങിയ ചിത്രങ്ങളിലും ലിയോണ തന്റെ വേഷം ഭദ്രമാക്കിയിരുന്നു. സിനിമയ്ക്കു പുറത്തെ തന്റെ വീട്ടുവിശേഷങ്ങൾ ലിയോണ പങ്കുവയ്ക്കുന്നു.


ഞാൻ ജനിക്കുന്ന സമയത്ത് അച്ഛനും അമ്മയും തൃശൂർ ജില്ലയിലുള്ള നെഹ്‌റു നഗർ എന്നൊരു റസിഡൻഷ്യൽ കോളനിയിലാണ് താമസിച്ചിരുന്നത്. അച്ഛൻ ലിഷോയ് അഭിനേതാവാണ്. അമ്മ ബിന്ദു വീട്ടമ്മയും. എനിക്കൊരു സഹോദരൻ ലയണൽ ലിഷോയ് ഡാൻസറും മ്യൂസിക് കംപോസറുമാണ്. 

leona-home

സ്വന്തം പോലെ വാടകവീടുകൾ...

എന്റെ മൂന്ന് വയസ്സു മുതൽ പതിനൊന്നു വയസ്സുവരെ അച്ഛൻ നിർമിച്ച വീട്ടിലായിരുന്നു ഞങ്ങൾ സന്തോഷത്തോടെ കഴിഞ്ഞത്. ആ സമയത്ത് അച്ഛന് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നതോടെ ആ വീട് വിൽക്കേണ്ടി വന്നു. വാടകവീടുകളിലൂടെയാണ് പിന്നീട് ഞങ്ങളുടെ ജീവിതം കടന്നുപോയത്.  ഞങ്ങൾ തൃശൂരുള്ള മറ്റൊരു വാടകവീട്ടിലേക്ക് മാറി. കുറച്ചു നാൾ കഴിഞ്ഞു ഞങ്ങൾ ബെംഗളൂരുവിലേക്ക് ചേക്കേറി. അവിടെ ഒരു വാടക ഫ്ലാറ്റിലായിരുന്നു പിന്നീട് താമസം. എന്റെ പ്ലസ്‌ടു കോളജ് കാലഘട്ടങ്ങൾ ബെംഗളൂരുവിലായിരുന്നു. അതിനുശേഷം ഞാൻ സിനിമയിലെത്തി. ഞങ്ങൾ തിരിച്ചു നാട്ടിലെത്തി ഒരു വാടകവീടെടുത്ത് താമസമാക്കി. അന്നൊക്കെ വീടുമാറലും സാധനങ്ങൾ കെട്ടിപ്പെറുക്കുന്നതും പുതിയ വീട്ടിൽ ഇറക്കിവയ്ക്കുന്നതും ജീവിതത്തിന്റെ ഭാഗമായിരുന്നു.

വാടക വീടുകൾ സ്വന്തം വീടുപോലെയാണ് ഞങ്ങൾ പരിപാലിച്ചിരുന്നത്. അതുകൊണ്ട് ഉടമസ്ഥർക്ക് ഞങ്ങളെ വീടേൽപ്പിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. വാടകവീട്ടിലും എന്റേതായ ഇടങ്ങൾ ഞാൻ രൂപപ്പെടുത്തുമായിരുന്നു. ഇപ്പോൾ താമസിക്കുന്നത് തൃശൂർ കൂർക്കഞ്ചേരിയിലുള്ള ഒരു വാടകവീട്ടിലാണ്.

ഫേവറിറ്റ് കോർണർ...

എന്റെ മുറിയാണ് ഇഷ്ട ഇടം. പഴയ കാലത്തെ ചിത്രങ്ങളും ഷോ പീസുകളുമെല്ലാം ഞാൻ ഇപ്പോഴും സൂക്ഷിക്കുന്നു. വീട്ടിൽ ഉള്ളപ്പോൾ മുറിയിൽ ഇരുന്നാൽ ഒട്ടും ബോറടിക്കില്ല.

ഇന്റീരിയർ ഡിസൈൻ...

എനിക്ക് അങ്ങനെ പുസ്തകങ്ങൾ വായിക്കുന്ന ശീലമൊന്നും ഇല്ലായിരുന്നു. കൂടുതൽ വായിക്കുന്നതും വീടുമായി ബന്ധപ്പെട്ട പുസ്തകങ്ങളായിരുന്നു. ഇന്റീരിയർ ഡിസൈൻ വളരെ ഇഷ്ടമായിരുന്നു. പഠിക്കാൻ പോകണമെന്ന് കരുതിയതാണ്. പക്ഷേ നടന്നില്ല. ഇപ്പോഴും ഞാൻ നിർമിക്കാൻ പോകുന്ന വീടിന്റെ ഇന്റീരിയറും പ്ലാനും എങ്ങനെയായിരിക്കണമെന്ന് ഒരു ധാരണ എനിക്കുണ്ട്.

ആ സ്വപ്നവീട്ടിലേക്ക് യാത്ര തുടങ്ങുന്നു...

leona-house

ഞങ്ങളുടെ വീട് വിൽക്കേണ്ടി വന്ന ആ സമയത്തു തന്നെ ഞാൻ മനസ്സിൽ കുറിച്ചിട്ടിരുന്നു. വലുതായി കാശൊക്കെ സമ്പാദിച്ച് അച്ഛനുമമ്മയ്ക്കും ഒരു വീടു വച്ചു കൊടുക്കണമെന്ന്. ഇപ്പോൾ അതിന്റെ പണികൾ തുടങ്ങാൻ പോവുകയാണ്. ജൂണിൽ തുടങ്ങേണ്ടതായിരുന്നു. മഴയും പിന്നീട് വെള്ളപ്പൊക്കവും കാരണം മാറ്റിവയ്ക്കുകയായിരുന്നു. എല്ലാം ശരിയായി നടന്നാൽ ഒരു വർഷത്തിനുള്ളിൽ ഞങ്ങളുടെ സ്വന്തം വീട്ടിലേക്കു മാറാൻ കഴിയും എന്നു വിശ്വസിക്കുന്നു. അന്നു വീടിന്റെ വിശേഷങ്ങൾ നേരിട്ട് സ്വപ്നവീടിലൂടെ പറയാം...