Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യശ്രീയുടെ വീടോർമകൾ

bhagyasree-celeb-home തെന്നിന്ത്യയിലെ നാലുഭാഷകളിൽ ഒരുകാലത്തു തിരക്കുള്ള നായികയായിരുന്ന ഭാഗ്യശ്രീ തന്റെ വീടോർമകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു...

പാലക്കാട്ടുകാരൻ ശിവറാം അയ്യരുടെയും കാരൈക്കുടിക്കാരി രാജാമണി അമ്മാളുടെയും മൂത്തപുത്രിയായാണ് എന്റെ ജനനം. മലയാളസിനിമയിൽ മാത്രം ഭാഗ്യലക്ഷ്മിയായും മറ്റു തെന്നിന്ത്യൻ ഭാഷകളിൽ ഭാഗ്യശ്രീ എന്നപേരിലും ഞാൻ അറിയപ്പെട്ടു. അമ്മയുടെ നാടായ കാരൈക്കുടിയിലെ ചെട്ടിനാട് ശൈലിയിലുള്ള തറവാടാണ് എനിക്കാദ്യം ഓർമവരുന്നത് വലിയമുറികളും വിശാലമായ മുറ്റവും അകത്തളങ്ങളും ഉള്ള ആ വീട്ടിൽ സ്കൂൾ അവധിക്കാലങ്ങൾ ചെലവഴിച്ചത് ഇന്നലെ എന്നപോലെ ഞാനോർക്കുന്നു. ഗതകാലസ്മരണകൾ ഉണർത്തുന്ന ആ വീട് ഇപ്പോൾ പൂർണ്ണമായും പൊളിച്ചു കളഞ്ഞു എന്ന വിവരമാണ് അറിയാൻ കഴിഞ്ഞത്. 

          

അച്ഛന്റെ ജോലി സംബന്ധമായി മദിരാശിയിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അഡയാറിലെ രണ്ടു ബെഡ്‌റൂമുകളും ഹാളും കിച്ചണും ചെറിയ മുറ്റവുമുള്ള വാടകവീട്ടിൽ കുറേക്കാലം ഞങ്ങൾ താമസിച്ചു. ആദ്യമായി സ്കൂളിൽ പോയതും സിനിമയിൽ നായികയായതുമെല്ലാം അഡയാറിലെ ആ വീട്ടിൽ വച്ചാണ്. ചർച്ച് പാർക്ക് കോൺവെന്റിൽ ആയിരുന്നു ഞാൻ പഠിച്ചത്. പത്താം ക്‌ളാസ് പാസ്സായതോടെ പഠനം നിർത്തി സിനിമയിൽ സജീവമായി. ചെറിയ കുട്ടിയായിരുന്നപ്പോൾ അഡയാറിലെ വീട്ടിൽ എനിക്കൊരു അയൽക്കാരിയുണ്ടായിരുന്നു. സ്കൂൾ വിട്ടുവന്നാൽ ഞാനും അവളും എന്റെ അനിയനും കൂടി ഓട്ടവും ചാട്ടവും ബഹളവുമായി ആ വീട്ടിൽ സന്തോഷം നിറയ്ക്കുമായിരുന്നു. പിൽക്കാലത്ത് ആ ബാല്യകാലസഖിയും എന്നെപോലെ ഒരു സിനിമാതാരമായി. തെന്നിന്ത്യൻ നായിക സുകന്യയായിരുന്നു എന്റെ ആ കളിക്കൂട്ടുകാരി. ഇപ്പോഴും ഞങ്ങൾ സൗഹൃദം നിലനിർത്തുന്നു. 

    

സിനിമയിൽ നായികയായ ശേഷം ഞങ്ങൾ സാലിഗ്രാമത്തിലെ ലോഗയ്യ കോളനിയിലെ വലിയൊരു വീട്ടിലേക്കു താമസം മാറി. വിശാലമായ മുറികളും ധാരാളം കാറ്റും വെളിച്ചവും, ചെറിയൊരു മുറ്റവും ഉണ്ടായിരുന്ന ആ വീട് എനിക്ക് ധാരാളം ഭാഗ്യങ്ങൾ നൽകിയിരുന്നു. ആ വീട്ടിൽ താമസിക്കുമ്പോൾ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീഭാഷകളിൽ ധാരാളം സിനിമകൾ ഞാൻ ചെയ്തിരുന്നു. എന്നെ സംബന്ധിച്ച് രാശിയുള്ള വീടായിരുന്നു അത്. ഇന്നും എനിക്ക് മറക്കാൻ കഴിയില്ല ലോഗയ്യ കോളനിയിലെ ആ വീട്. അടുത്തിടെ ആ വഴി പോയപ്പോൾ എന്റെ വീടിരുന്ന സ്ഥലം ഇപ്പോൾ ഏതോ കമ്പനിയുടെ ഓഫീസ് ആയി പ്രവർത്തിക്കുന്നത് കാണാൻ ഇടയായി.

ദക്ഷിണേന്ത്യയിൽ തിരക്കുള്ള നായികയായി നിൽക്കുമ്പോഴായിരുന്നു വസുദേവ് എന്ന മലയാളിയുവാവുമായി ഞാൻ സൗഹൃദത്തിലാകുന്നത്. ആ സൗഹൃദം പ്രണയവും പിന്നീട് വിവാഹവും ആയി മാറാൻ അധികനാൾ വേണ്ടിവന്നില്ല. ഗുജറാത്തിൽ ഗാർമെൻറ് ബിസിനസ് നടത്തുകയായിരുന്നു അന്ന് വസുദേവ്. വിവാഹസമ്മാനമായി വസുദേവ് എന്റെ പേരിൽ മദിരാശിയിലെ കെ.കെ നഗറിൽ അക്കാലത്തു മോഡേൺ ശൈലിയിൽ പണിത 3 ബെഡ്‌റൂം, ഹാൾ, കിച്ചൺ, ബാൽക്കണി ഉള്ള ഒരു ഫ്ലാറ്റ് വാങ്ങിത്തന്നു. ജയസുധ, വാണിശ്രീ, കാഞ്ചനാമ്മ, ജയഭാരതി, സുകുമാരി, കെ.പി ഉമ്മർ തുടങ്ങി ധാരാളം പേർ എന്റെ ഗൃഹപ്രവേശത്തിനു സാക്ഷ്യം വഹിച്ചു.

bhagyasree-home

വിവാഹശേഷം ഞാൻ വസുദേവിന്റെ കൂടെ ഗുജറാത്തിലേക്കു പോയി. അതോടുകൂടി സിനിമാരംഗവുമായുള്ള ബന്ധവും ഇല്ലാതായി. ഗുജറാത്തി ശൈലിയിലുള്ള ഇരുനില വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചത്. ആ വീട്ടിൽ വച്ചാണ് ഞാൻ പാചകം ആദ്യമായി പരീക്ഷിക്കുന്നത്. അവിടെവച്ചാണ് എനിക്ക് മകൻ വിശ്വജിത് ജനിക്കുന്നത്. പിന്നീടുള്ള കാലം വീട്, ഭർത്താവ് മകൻ അത് മാത്രമായി എന്റെ ലോകം. കുറച്ചു വർഷങ്ങൾക്കുശേഷം, ഞങ്ങൾ പോണ്ടിച്ചേരിയിലേക്കു താമസം മാറ്റി. വലിയ ജാലകങ്ങളും പൂന്തോട്ടവും വിശാലമായ മുറികളും ഉള്ള ആ വീട്ടിൽ പലപ്പോഴും ഞാനും ജോലിക്കാരും മാത്രമാണുണ്ടായിരുന്നത്. എനിക്കൊന്നും ചെയ്യാൻ ഇല്ലായിരുന്നു അവിടെ. ബിസിനസ് സംബന്ധമായി വസു പല സ്ഥലങ്ങളിലായിരിക്കും, മകനാണെങ്കിൽ സ്കൂൾ, ട്യൂഷൻ ഇത്യാദികളാൽ തിരക്കിലും. അനിയനും കുടുംബവും ആണെങ്കിൽ വിദേശത്തു സ്ഥിരതാമസമാക്കുകയും ചെയ്തു. എന്റെ അവസ്ഥ കണ്ട് എന്റെ അമ്മയും ഭർത്താവും വളരെ വിഷമിച്ചു. അധികം വൈകാതെ ഞാൻ മകനെ ചെന്നൈയിൽ സ്കൂളിൽ ചേർത്ത് അമ്മയുടെ കൂടെ എന്റെ ഫ്ലാറ്റിലേക്ക് തന്നെ തിരിച്ചുപോന്നു. 

വർഷങ്ങൾക്കു ശേഷം മെയ്ക്കപ്പ് ബോക്സ് കയ്യിലെടുത്തു. തമിഴ്, തെലുങ്ക് സിനിമകളിൽ അമ്മ, ചേട്ടത്തിയമ്മ, തുടങ്ങിയ കഥാപാത്രങ്ങൾ ചെയ്തു. "പത്മവ്യൂഹത്തിലെ അഭിമന്യു" എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. ഇപ്പോൾ ഞാനും എന്റെ ഭർത്താവും മകനും, അമ്മയുമെല്ലാം ഹാപ്പിയാണ്. ഇനി ആരോഗ്യം അനുവദിക്കുന്ന കാലം വരെ ഞാൻ അഭിനയിക്കും. സിനിമ എന്റെ തൊഴിലാണ്. കുറച്ചു കാലം വിട്ടുനിന്നതിനാൽ മകനെ നന്നായിവളർത്താൻ കഴിഞ്ഞു. ഇന്ന് അവൻ ഒരു യുവാവായി. ഇനിയുള്ള എന്റെ കാലം സിനിമയ്ക്കൊപ്പം തന്നെ. നല്ല കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു.