Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഷ്ടപ്പാട് കണ്ടു ദൈവം നൽകിയ 'മറിമായം': ഉണ്ണി

unniraj-marimayam

കാസർകോടിന്റെ സ്വന്തമാണ് ഉണ്ണി. നിർമാണ തൊഴിലാളിയായിരുന്നു. കലയോടുളള സ്നേഹം കൊണ്ട് നടനായി. ഉണ്ണിയുടെ ശിഷ്യഗണങ്ങളാണ് സ്കൂൾ കോളജ് യുവജനോത്സവ വേദികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്നത്. മിമിക്രിയും നാടകവുമാണ് തട്ടകം. കാസർകോടൻ ഭാഷയുമായി ഉണ്ണി  മഴവിൽ മനോരമയിലെ ഹാസ്യപരമ്പരയായ മറിമായത്തിൽ എത്തുമ്പോൾതന്നെ പ്രേക്ഷകരുടെ ചുണ്ടിൽ ചിരിവിടരും. ഉണ്ണിരാജ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു... 

നഷ്ടബാല്യം...

കാസർകോട് ചെറുവത്തൂരാണ് സ്വദേശം. അച്ഛൻ കണ്ണൻ, അമ്മ ഓമന, രണ്ടു സഹോദരങ്ങൾ...ഇത്രയുമായിരുന്നു കുടുംബം. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ബാല്യകാലമായിരുന്നു. അച്ഛൻ കലാപ്രവർത്തകനായിരുന്നു. അമ്മ കൃഷിപ്പണിയും. ഒറ്റമുറിയുള്ള മൺകൂരയിലാണ് ഞങ്ങൾ വർഷങ്ങളോളം താമസിച്ചിരുന്നത്. മഴക്കാലമാകുമ്പോൾ മേൽക്കൂര ചോരാൻ തുടങ്ങും. അപ്പോൾ പാത്രങ്ങൾ നിരത്തിവയ്ക്കും. വീട്ടിൽ അടുക്കള പുകയുന്ന ദിവസങ്ങൾ വിരളമായിരുന്നു. 

സ്‌കൂളിൽ പഠിക്കുമ്പോൾ കലോത്സവത്തിന് പങ്കെടുക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചു. പക്ഷേ കയ്യിൽ പണമില്ല. നല്ലൊരു ഉടുപ്പ് പോലും ധരിക്കാനില്ല...അങ്ങനെ ആ മോഹം വെള്ളത്തിലായി. സ്‌കൂൾ കഴിഞ്ഞു പെയിന്റിങ് പണിക്കു പോയി. കെട്ടിടം പണികൾക്കും സഹായിയായി പോയിത്തുടങ്ങി. വീട്ടിൽ അടുപ്പ് പുകയണമല്ലോ.. അപ്പോഴും കലാകാരൻ ആകണമെന്ന മോഹം ഉള്ളിൽ അണയാതെ കിടപ്പുണ്ടായിരുന്നു. 

unni-with-students

പതിയെ സ്‌കൂൾ കലോത്സവങ്ങൾക്ക് കുട്ടികളെ പരിശീലിപ്പിക്കാൻ തുടങ്ങി. അവർക്ക് സമ്മാനങ്ങൾ കിട്ടിത്തുടങ്ങിയതോടെ കൂടുതൽ കുട്ടികൾ എത്തിത്തുടങ്ങി. ഇതിപ്പോൾ ഇരുപതാമത്തെ വർഷമാണ്. ആലപ്പുഴയിൽ നടക്കുന്ന സ്‌കൂൾ കലോത്സവത്തിൽ കുട്ടികളെ പരിശീലിപ്പിക്കുകയാണ് ഇപ്പോൾ. 

കുടുംബം...

unni-family

ഇതിനിടയ്ക്ക് കുട്ടികളെ പഠിപ്പിച്ചും പണിക്കു പോയും കിട്ടിയ കാശുകൊണ്ട് ഞാനൊരു ചെറിയ വീട് വച്ചു. ഇവിടെ ചെറുവത്തൂര് തന്നെ. ഒരു മുറിയും ഹാളും അടുക്കളയും കുളിമുറിയും. വിവാഹം കഴിച്ചു. ഭാര്യ സിന്ധു വീട്ടമ്മയാണ്. മൂത്ത മകൻ ആദിത്യ രാജ്, ഇളയ മകൻ ധൻവിൻ രാജ്..ഇരുവരും സ്‌കൂൾ വിദ്യാർഥികളാണ്. ഞാൻ ഷൂട്ടിന് പോകുമ്പോൾ ഭാര്യയാണ് വീട്ടുകാര്യങ്ങൾ നോക്കിനടത്തുന്നത്. കാസർകോഡ് നമ്മുടെ മണ്ണാണ്. അവിടം വിട്ടുപോരുന്ന പരിപാടി ഇല്ല.

വഴിത്തിരിവായി മറിമായം...

unni-marimayam

മഴവിൽ മനോരമയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴിയാണ് മറിമായത്തിലേക്കുള്ള എൻട്രി. കാസർകോടൻ ഭാഷ പറയുന്ന ഉണ്ണിയെ പ്രേക്ഷകർ സ്വീകരിച്ചു. ജനങ്ങളിൽ നിന്നും ലഭിക്കുന്ന സ്നേഹമാണ് ഏറ്റവും വലിയ അവാർഡ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യുമ്പോൾ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 

unniraj-manikandan

ഇരുപതു കൊല്ലം യുവജനോത്സവ വേദികളുടെ അണിയറയിൽ നിന്നിട്ടും ലഭിക്കാത്ത അംഗീകാരമാണ് മറിമായം നേടിത്തന്നത്. പണ്ടു എത്രയോ വർഷങ്ങൾ കുട്ടികളെ പഠിപ്പിച്ചിട്ട് ബെഞ്ചിൽ കിടന്നുറങ്ങിയിരുന്നു. ഇപ്പോൾ ആളുകൾ താമസിക്കാൻ മുറി ബുക്ക് ചെയ്തുതരുന്നു. സിനിമയിലേക്കും ഇപ്പോൾ അവസരങ്ങൾ വരുന്നുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അരവിന്ദന്റെ അതിഥികൾ എന്നീ പടങ്ങൾ നാടിനടുത്താണ് ചിത്രീകരിച്ചത്. അതിൽ ചെറിയ വേഷങ്ങൾ ചെയ്തു. കായംകുളം കൊച്ചുണ്ണിയിലും അഭിനയിച്ചു.

മറിമായം വീട്...

unniraj-marimayam

മറിമായം സെറ്റ് ഒരു കുടുംബം പോലെയാണ്. ഞാൻ മാത്രമാണ് ദൂരദേശത്തു നിന്നുള്ളത്. എന്നു കരുതി ആരും അകറ്റിനിർത്തിയിട്ടൊന്നുമില്ല. തമ്മിൽ നല്ല സ്നേഹവും സഹകരണവുമാണ്. അരൂരിലും സമീപപ്രദേശങ്ങളിലുമാണ് മറിമായത്തിന്റെ ഷൂട്ടിങ്. ഗ്രാമപ്രദേശങ്ങളും ഇടവഴികളും കൂടാതെ അതിൽ സ്ഥിരം കാണിക്കുന്ന വീടിനും നിറയെ ആരാധകരുണ്ട്. പ്രായമായ ഒരു അമ്മച്ചി മാത്രമാണ് അവിടെ താമസിക്കുന്നത്. ഷൂട്ടിങ് ഉള്ളപ്പോൾ ഞങ്ങൾ കുടുംബം പോലെയാണ് അവിടെ കഴിയുന്നത്. അമ്മച്ചി ഞങ്ങൾക്ക് ഭക്ഷണമൊക്കെ ഉണ്ടാക്കിത്തരും. ഞങ്ങൾ അമ്മച്ചി വീട് എന്നാണ് അതിനെ വിളിക്കുന്നത്. 

marimayam-veed

സ്വപ്നവീട്...

വലിയ വീട് സ്വപ്നം പോലും കാണാൻ കഴിയില്ല, കണ്ടിട്ടുമില്ല. ചോരാത്ത കൂരയ്ക്ക് കീഴിൽ താമസിക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായാണ് കരുതുന്നത്. ആളുകൾ അറിയുന്ന അംഗീകരിക്കപ്പെടുന്ന ഒരു കലാകാരൻ ആകണം എന്നതു മാത്രമാണ് എന്റെ സ്വപ്നം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.