Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ എന്റെ സ്വപ്നം പൂവണിഞ്ഞു: വിൻസി അലോഷ്യസ്

മഴവിൽ മനോരമയിലെ നായികാനായകനിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വിൻസി അലോഷ്യസ്. വിൻസി തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

മലപ്പുറം ജില്ലയിലെ പൊന്നാനിയാണ് എന്റെ നാട്. അച്ഛൻ അലോഷ്യസ് ഡ്രൈവറാണ്. അമ്മ സോണി വീട്ടമ്മയും. എനിക്കൊരു ചേട്ടൻ വിപിൻ. ഇപ്പോൾ പ്രവാസിയാണ്. ഇതാണ് എന്റെ കുടുംബം. 

vincy-aloshious-family വിൻസിയും കുടുംബവും

വീടിനെക്കുറിച്ചുള്ള ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് പൊന്നാനിയിലുള്ള പപ്പയുടെ തറവാട് വീടായിരുന്നു. തറവാട് എന്നു പറയുമ്പോൾ ഒരുപാട് വലിയ വീട് ഒന്നുമല്ല കേട്ടോ...ഏകദേശം 1500 ചതുരശ്രയടിയുള്ള ഓടിട്ട ചെറിയ ഒരുനില വീട്...തന്മാത്ര സിനിമയിൽ കാണിക്കുന്ന വീട് പോലെ നിരവധി പടികൾ കയറി വേണം മുകളിലെത്താൻ. കൂട്ടുകുടുംബമായിരുന്നു പപ്പയുടേത്.. ഞങ്ങൾ ഒൻപത് കസിൻസുണ്ട്..അവധിക്കാലത്ത് ഞങ്ങൾ എല്ലാവരും വീട്ടിൽ ഒത്തുകൂടും. പിന്നെ ഒളിച്ചുകളിയും പാട്ടുമൊക്കെയായി നല്ല രസമായിരുന്നു... 

പണി തീരാത്ത വീട്... 

vincy-home

ഭാഗംവച്ചുകഴിഞ്ഞു ഞങ്ങൾ തറവാട്ടിൽനിന്നും മാറി ഒരു ചെറിയ വീട് പണിതു തുടങ്ങി. 18 വർഷം മുൻപാണ്. സാമ്പത്തികമായി അൽപം പിന്നോക്കമുള്ള കുടുംബമാണ് എന്റേത്. അതുകൊണ്ടുതന്നെ പണം ലഭിക്കുന്നതിനനുസരിച്ച് പടിപടിയായായിരുന്നു നിർമാണം. ആദ്യം വെട്ടുകല്ല് കൊണ്ട് ചുവരുകൾ കെട്ടി, മേൽക്കൂര വാർത്തു ഞങ്ങൾ താമസം തുടങ്ങി... പിന്നെ മുകളിലേക്ക് ഒരു നില പണിതു, വീട് വൈറ്റ് വാഷ് ചെയ്തു, ഫർണിഷ് ചെയ്തു..ഇതെല്ലാം ഇത്രയും വർഷങ്ങൾ കൊണ്ടാണ് ചെയ്തത്. ഇനിയും കുറച്ചുകൂടി മിനുക്കുപണികൾ ബാക്കിയുണ്ട്. എന്നോടൊപ്പം വളർന്ന വീടാണ് ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട്. അതുകൊണ്ടുതന്നെ വീടിനോട് മാനസികമായി വല്ലാത്തൊരു അടുപ്പമുണ്ട്.

ആർക്കിടെക്ചറും അഭിനയവും...

Vincy

എങ്ങനെയെങ്കിലും ഡിഗ്രി വരെ പഠിപ്പിക്കുക. അതുകഴിഞ്ഞു വിവാഹം കഴിപ്പിച്ചയയ്ക്കുക. വീട്ടുകാർക്ക് ഇത്രയും സ്വപ്നം കാണാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളൂ. ചെറുപ്പം മുതൽ അത്യാവശ്യം വരയ്ക്കുമായിരുന്നു. പ്ലസ്ടുവിന് അത്യാവശ്യം മാർക്കും ഉണ്ടായിരുന്നു. അങ്ങനെയാണ് ആർക്കിടെക്ചർ തിരഞ്ഞെടുക്കുന്നത്. പഠനത്തിന്റെ ഭാഗമായി മോഡൽ മേക്കിങ് ചെയ്യാറുണ്ട്. അക്രിലിക്- ടെക്സ്ചർ പെയിന്റ് കൊണ്ട് ഇന്റീരിയർ ഒരുക്കുന്നത് ഇഷ്ടമാണ്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എന്റെ ജീവിതത്തിലെ നല്ലൊരു  തീരുമാനമായിരുന്നു അതെന്നു തോന്നുന്നു.

vincy

പഠനത്തിന്റെ ഭാഗമായുള്ള ഒരു നോർത്ത് ഇന്ത്യൻ യാത്രയ്ക്കിടയിൽ എനിക്ക് ചിക്കൻ പോക്സ് പിടിച്ചു. തിരികെ വീട്ടിലെത്തി ഡിപ്രഷൻ അടിച്ചു മുറിയിൽ ഒറ്റയ്ക്ക് ചെലവഴിക്കുമ്പോഴാണ് ടിവിയിൽ നായികാനായകന്റെ പരസ്യം കാണുന്നത്. വെറുതെ അപേക്ഷിച്ചു. കിട്ടി. ഹിറ്റായി. പിന്നെ നടന്നത് എന്നെ സംബന്ധിച്ച് ഇപ്പോഴും അദ്ഭുതമാണ്. ഇപ്പോൾ രണ്ടു മൂന്നു ചിത്രങ്ങളിലേക്ക് അവസരം വന്നിട്ടുണ്ട്. ആർക്കിടെക്ചർ പ്രഫഷനും അഭിനയം പാഷനുമായി കൊണ്ടുപോകാനാണ് എനിക്ക് താൽപര്യം. 

Vincy-n-03

എന്റെ സ്വപ്നവീട്...

ആർക്കിടെക്ചർ വിദ്യാർഥിനിയായതുകൊണ്ട് വീടിനെക്കുറിച്ചു നിരവധി സങ്കൽപ്പങ്ങളുണ്ട്. ഒരുപാട് ആഡംബരം നിറഞ്ഞ വീടുകളോട് താൽപര്യമില്ല. ഭാവിയിൽ വിവാഹം ഒക്കെ കഴിഞ്ഞു ഒരു വീട് വയ്ക്കുകയാണെങ്കിൽ നടുമുറ്റവും തുറന്ന അകത്തളങ്ങളുമുള്ള, നിറയെ കാറ്റും വെളിച്ചവും ലഭിക്കുന്ന, പരമ്പരാഗത ശൈലിയിലുള്ള ഒരു വീട് നിർമിക്കണം. അത്യാവശ്യം മുറ്റം വേണം. നിറയെ ചെടികൾ വേണം.. ഇതൊക്കെയാണ് മിക്ക മലയാളികളെയും പോലെ എന്റെയും സ്വപ്നം...