എന്റെ ഭാഗ്യമാണ് ഈ തറവാട്: ആഡിസ് ആന്റണി

SHARE

മഴവിൽ മനോരമയിലെ നായികാനായകനിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ആഡിസ് ആന്റണി. വിൻസിയും ആഡിസും ഇപ്പോൾ സമൂഹമാധ്യമത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നവരാണ്. വിൻസിയുടെ വീട്ടുവിശേഷങ്ങൾ അടുത്തിടെ സെലിബ്രിറ്റി കോർണറിൽ പങ്കുവച്ചിരുന്നു. അതിനു അനുബന്ധമായി ഇക്കുറി ആഡിസിന്റെ വീട്ടുവിശേഷങ്ങൾ വായിക്കാം.

കുടുംബം... 

തൃശൂർ ജില്ലയിലെ ഒല്ലൂരാണ് എന്റെ സ്വദേശം. അപ്പൻ ആന്റണി. അമ്മ മീന. എനിക്കൊരു അനിയൻ, ആൽബിസ്. ഇതാണ് കുടുംബം. അപ്പൻ ഒരു പ്രമുഖ കമ്പനിയിൽ മാനേജിങ് ഡയറക്ടറായിരുന്നു. മഹാരാഷ്ട്രയിലെ മീറജ് എന്ന ഗ്രാമത്തിലായിരുന്നു ഏറെക്കാലം ജോലി ചെയ്തത്. ഞാൻ ജനിച്ചതും പ്ലസ്‌ടു വരെ പഠിച്ചതും മുംബൈയിലാണ്.

addis-antony

ഡിഗ്രി ബെംഗളൂരുവിലായിരുന്നു. അതിനുശേഷം ഒരുവർഷം മുംബൈയിൽ ആർജെ ആയി ജോലി നോക്കി. അതിനുശേഷം ഒരുവർഷം അഭിനയം പഠിച്ചു. ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പറന്നു. അതിനുശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. 

ഒല്ലൂരിലെ ഏദൻതോട്ടം...

addis-ollur-home

എന്റെ കൂട്ടുകുടുംബമാണ്. അപ്പന്റെ നാട് ഒല്ലൂരും അമ്മയുടെ നാട് ഇരിഞ്ഞാലക്കുടയും. ഒല്ലൂരിലെ തറവാട്ടിലെ അവധിക്കാലങ്ങളാണ് നാട്ടിലെ വീടോർമകളിൽ നിറഞ്ഞുനിൽക്കുന്നത്. അമ്മാമ്മയ്ക്ക് ആറു മക്കളാണ്. മൂന്ന് ആണും മൂന്ന് പെണ്ണും. ഒത്തുചേരുമ്പോൾ ഒരു പൂരത്തിനുള്ള ആളുണ്ടാകും വീട്ടിൽ. അവധി കഴിഞ്ഞു തിരിച്ചു പോകുമ്പോഴേക്കും വിഷമമമാകും.

addis-family
കുടുംബം (ഫയൽ ചിത്രം)

അപ്പാപ്പൻ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറായി റിട്ടയർ ചെയ്ത ആളാണ്. അതുകൊണ്ട് സ്വന്തം വീട് അപ്പാപ്പൻ ഒരു ഏദൻതോട്ടമാക്കി മാറ്റിയിരുന്നു. പ്രകൃതിവില്ല എന്നാണു വീട്ടുപേര്. പേരുപോലെതന്നെ പ്രകൃതി നിറയുന്ന വീടാണ്. ധാരാളം ഫലവൃക്ഷങ്ങളും ചെടികളും മരങ്ങളും പറമ്പിലുണ്ട്.  പരമ്പരാഗത ശൈലിയിൽ നിർമിച്ച വർഷങ്ങൾ പഴക്കമുള്ള വീടാണ്. കാലാകാലങ്ങളിൽ വീടിന്റെ പഴമ നിലനിർത്തി പുതുക്കിപ്പണിയുകയായിരുന്നു. മുറ്റത്ത് ഒരു ക്വാറി ഉണ്ടായിരുന്നു. വീട് പുതുക്കിപ്പണിത സമയത്ത് അപ്പൻ അതൊരു കുളമാക്കി മാറ്റി. നാട്ടിലുള്ളപ്പോൾ എന്റെ കുളി അവിടെയാണ്.

addis-ollur-home-pond

തറവാട്ടിൽ ഉള്ളപ്പോൾ എന്റെ മുറിയാണ് ഫേവറിറ്റ് കോർണർ. പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന നിരവധി ജനലുകളുണ്ട് വീട്ടിൽ. അതുകൊണ്ട് വീടിനകത്തിരുന്നു പുറത്തെ കാഴ്ചകൾ ആസ്വദിക്കാം.

addis-thanal

ഗുരുവായൂരുള്ള തണൽ എന്ന സ്ഥാപനം എനിക്ക് രണ്ടാം വീട് പോലെയാണ്. ഷൂട്ടിങ് ഇല്ലാത്തപ്പോൾ ഞാൻ അവിടെ പോയി ആളുകളുമായി ഇടപഴകാറുണ്ട്. മാനസിക പരിമിതികളുള്ള ഒരുപാട് ആളുകൾ അവിടെ താമസിക്കുന്നുണ്ട്. അവരോടൊപ്പം സമയം ചെലവഴിക്കുന്നത് തന്നെ വലിയ സന്തോഷമാണ്. എനിക്ക് കുറച്ച് നേട്ടങ്ങൾ എങ്കിലും സ്വന്തമാക്കാൻ ആയെങ്കിൽ അത് അവരുടെ പ്രാർത്ഥന കൂടിയാണ്.

thanal-guruvayur

സ്വപ്നവീട്...

prakrithi-villa

നഗരവും ഗ്രാമവും വൻനഗരവും ജീവിതത്തിലൂടെ മാറിമാറിവന്നു. എന്നാലും എനിക്ക് ഇപ്പോഴും ഇഷ്ടം ഒല്ലൂരിലെ തറവാടും ജീവിതവുമൊക്കെയാണ്.ഭാവിയിൽ ഒരു വീട് വയ്ക്കുകയാണെങ്കിൽ അതും ഒല്ലൂരിലെ തറവാട് പോലെയാകണം എന്നാണ് ആഗ്രഹം. ഇപ്പോൾ പക്ഷേ അഭിനയമാണ് ലക്ഷ്യവും പ്രണയവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA