പ്രിയമാണ് ആ സിനിമാവീടുകൾ: നിഖില വിമൽ

nikhila-vimal
SHARE

അഭിനയിച്ച സിനിമകൾ മിക്കവയും ശ്രദ്ധിക്കപ്പെടുക എന്നത് ഒരു അഭിനേത്രിയെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. ആ ഭാഗ്യം കൈവന്ന നടിയാണ് നിഖില വിമൽ. നിഖില തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

കുടുംബം... 

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പയാണ് എന്റെ സ്വദേശം. തനി നാട്ടുമ്പുറമാണ്. അച്ഛൻ പവിത്രൻ. അമ്മ കലാമണ്ഡലം വിമലാദേവി. അച്ഛൻ സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ നർത്തകിയാണ്. എനിക്കൊരു ചേച്ചി അഖില. തിയറ്റർ ആർട്സിൽ ഡൽഹിയിൽ ഉപരിപഠനം നടത്തുന്നു.

കണ്ണൂർ ആലക്കോടാണ് അച്ഛന്റെ തറവാട്. ചെറുപ്പത്തിൽ തന്നെ അവിടെ നിന്നും മാറിയതുകൊണ്ട് വളരെ ചെറിയ ഓർമകളെ ആ വീടിനെ കുറിച്ചുള്ളൂ. ഭാഗം വച്ചതിനുശേഷം ഞങ്ങൾ വാടകവീടുകളിലേക്ക് മാറി. തൃച്ചമ്പലം എന്ന സ്ഥലത്ത് ഏഴ് വർഷം താമസിച്ചു. പിന്നീട് കീഴാറ്റൂർ എന്ന സ്ഥലത്ത് സ്വന്തമായി വീട് വച്ചു.

വീടും സ്‌കൂളും... 

nikhila-vimal-3

അമ്മയാണ് വീടിന്റെ പ്ലാനും മേൽനോട്ടവും നിർവഹിച്ചത്. വാടകവീട്ടിൽ നിന്നും താമസിയാതെ മാറണമെന്നതുകൊണ്ട് പെട്ടെന്നായിരുന്നു വീടുപണി തീർത്തത്. അധികം ചർച്ചകൾ ഒന്നും നടത്താതെ ആദ്യ പ്ലാൻ തന്നെ തിരഞ്ഞെടുത്തു. അന്ന് ഞങ്ങൾ ചെറുതാണ്. വീടിനെ കുറിച്ച് അഭിപ്രായം പറയാൻ അറിവുണ്ടായിരുന്നില്ല. ഇപ്പോൾ വീട്ടിൽ ചെറിയ അസൗകര്യങ്ങളൊക്കെ ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. ഞാനും ചേച്ചിയും അമ്മയോട് ചോദിക്കാറുണ്ട് - ' അമ്മേ നമുക്ക് അവിടെ പൊളിച്ചു കളഞ്ഞാലോ, ഇവിടെ പൊളിച്ചു മറ്റൊരു മുറി പണിതാലോ' എന്നൊക്കെ...

അഞ്ചു കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ വീട്ടിലുണ്ട്. വീടിനോട് ചേർന്നുതന്നെയാണ് അമ്മയുടെ ഡാൻസ് സ്‌കൂളും. വീടിന്റെ മുൻകാഴ്ചയേക്കാൾ ഡാൻസ് സ്‌കൂളിന്റെ ഷെഡ് ആണ് കാണുക. വീടിന്റെ അകത്തളങ്ങളെക്കാൾ ഭംഗിയോടെ അമ്മ സൂക്ഷിക്കുന്നത് ഡാൻസ് സ്‌കൂളിന്റെ അകത്തളങ്ങളാണ്. മ്യൂറൽസും പെയിന്റിങ്ങുകളും ഒക്കെ വച്ച് അലങ്കരിച്ചിട്ടുണ്ട്. പലപ്പോഴും വീട്ടിലല്ല, ഡാൻസ് സ്‌കൂളിലാണ് താമസിക്കുന്നതെന്ന് ഞങ്ങൾക്ക് തോന്നാറുണ്ട്.

nikhila-trip7

ഞങ്ങളുടെ ഒരു കലാകുടുംബമാണ്. അച്ഛൻ എഴുതും. അമ്മ എന്നെയും ചേച്ചിയെയും ചെറുപ്പം മുതൽ ഡാൻസ് പരിശീലിപ്പിച്ചു. അമ്മയുടെ തറവാട് ഭരണങ്ങാനമാണ്. അവിടെ ഉള്ള ഒരു സ്‌കൂൾ കലാപാരമ്പര്യമുള്ള കുട്ടികളെ തിരയുന്നുണ്ടായിരുന്നു. അങ്ങനെ അന്വേഷണം എന്നിലേക്കെത്തി. പിന്നീട് ഞാൻ ആറാം ക്‌ളാസ് മുതൽ പത്തു വരെ പഠിച്ചത് അവിടെയുള്ള കോൺവെന്റ് സ്‌കൂളിലാണ്. ഞാൻ വീട്ടിലെ ഇളയ കുട്ടിയായതുകൊണ്ട് ഭയങ്കര ഹോംസിക്ക് ആണ്. ആദ്യമൊന്നും ഹോസ്റ്റൽ ജീവിതവുമായി പൊരുത്തപ്പെടാനേ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അത് നന്നായി. സ്‌കൂൾ കാലത്ത്  ഞാൻ ഒരു ഡോക്യുമെന്ററിയിൽ അൽഫോൻസാമ്മയായി അഭിനയിച്ചിരുന്നു. അതുവഴിയാണ് അഭിനയത്തിലേക്കുള്ള വഴി തെളിയുന്നത്.

സിനിമാവീടുകൾ...

vagamon-boat-house
ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം

ഞാൻ അഭിനയിച്ച സിനിമകളിൽ എന്റെ വീടായി കാണിക്കുന്ന വീടുകളോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. ലവ് 24*7 എന്ന സിനിമയിൽ ബോണക്കാടുളള എന്റെ വീടായി കാണിക്കുന്നത് വാഗമണ്ണിൽ തേയിലത്തോട്ടങ്ങൾക്ക് നടുവിൽ നിൽക്കുന്ന ഒരു വീടാണ്. അത് തേയിലക്കമ്പനിയുടെ ഗോഡൗൺ ആയിരുന്നു എന്നുകേട്ടിട്ടുണ്ട്. പിന്നിൽ തേയിലത്തോട്ടം മുന്നിൽ ചെറിയൊരു തടാകം. അതിലൂടെ നീളൻ മരപ്പാലം. അതിലൂടെ നടന്നുവേണം വീട്ടിലേക്കെത്താൻ. ഞാൻ പ്രകാശനിൽ എന്റെ വീടായി കാണിക്കുന്നത് കുമ്പളങ്ങിയിലുള്ള ഒരു കൊച്ചുവീടാണ്. സമീപം കായലും ചീനവലകളുമുണ്ട്. 

nikhila-fahad

ഞാൻ ഇപ്പോഴും ഭയങ്കര ഹോം സിക്കാണ്. എത്ര വൈകിയാലും വീട് പിടിക്കാനാണ് എനിക്കിഷ്ടം. വീട്ടിൽ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ ഭയങ്കര ഇഷ്ടമാണ്. കൊച്ചിയിൽ ഒരു വാടക വീട് എടുക്കാൻ പദ്ധതിയുണ്ട്. ഭാവിയിൽ സ്വന്തമായി ഒരു വീട് പണിയാനും പദ്ധതിയുണ്ട്. വീട് ഒരു യോഗമാണ് എന്ന് പറയാറുണ്ട്. സമയമാകുമ്പോൾ അത് നമ്മളെ തേടിയെത്തുക തന്നെ ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA