Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ദൃശ്യ'മയം അൻസിബയുടെ പുതിയ വീട്! വിഡിയോ

അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു ഡിസംബർ മാസത്തിലാണ് ജോർജ്‌കുട്ടിയും കുടുംബവും 'ധ്യാനം' കൂടാൻ പോയത്. ജോർജ്കുട്ടിയേയും കുടുംബത്തെയും സിനിമാപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച നാളുകളായിരുന്നു. ദൃശ്യം എന്ന മോഹൻലാൽ ചിത്രം മലയാളസിനിമയുടെ ബോക്സോഫീസ് സമവാക്യങ്ങൾ തിരുത്തിയെഴുതി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് ചിത്രം പുനരവതരിച്ചു. ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചത് അൻസിബ ഹസൻ എന്ന കോഴിക്കോടുകാരിക്കാണ്. ദൃശ്യം തുടക്കക്കാരിയായിരുന്ന അൻസിബയുടെ കരിയറിൽ വഴിത്തിരിവായി.

ansiba

ഇപ്പോൾ ജീവിതത്തിൽ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് അൻസിബയും കുടുംബവും. കോഴിക്കോട് നടക്കാവ് സ്വന്തമായി ഒരു വീട്.. 'ദൃശ്യത്തിന് ശേഷം പത്തു പതിനഞ്ച് സിനിമകൾ ചെയ്‌തെങ്കിലും ഇപ്പോഴും ആളുകൾ എന്നെ തിരിച്ചറിയുന്നത് ദൃശ്യത്തിലെ അഞ്ജു എന്ന കഥാപാത്രമായാണ്...അഞ്ചു വർഷങ്ങൾക്കിടയിൽ ജീവിതം ഒരുപാട് മാറി. പഠനം പൂർത്തീകരിച്ചു. ഒരു ഷോർട്ഫിലിം സംവിധാനം ചെയ്തു'. അൻസിബ പറയുന്നു. 

ansiba-home-exterior

'മലപ്പുറം കൊണ്ടോട്ടിയിലാണ് ഞാൻ ജനിച്ചത്. ഉപ്പയുടെ തറവാട് അവിടെയായിരുന്നു. ഉപ്പ നിസാർ ഫൊട്ടോഗ്രഫറാണ്. ഉമ്മ റസിയയുടെ നാട് കോഴിക്കോടാണ്. ഞങ്ങൾ 6 മക്കളാണ്. നാലാണും രണ്ടു പെണ്ണും. ഞാൻ രണ്ടാമത്തെ ആളാണ്. എനിക്കു രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ഞങ്ങൾ കോഴിക്കോട്ടേക്ക് സ്ഥലം മാറി. ഉപ്പയ്ക്ക് കോഴിക്കോട്ട് സ്റ്റുഡിയോ ഉണ്ടായിരുന്നു. പിന്നീട് കുറേകാലം വാടകവീടുകളിലായിരുന്നു താമസം. സിനിമയിലെത്തിയ ശേഷം ഫ്ലാറ്റും വില്ലയും വാങ്ങിയെങ്കിലും നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഒരു വീട് പണിയണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. കോഴിക്കോട് നടക്കാവ് അഞ്ചു സെന്റ് ഭൂമി വാങ്ങിയാണ് വീടു വച്ചത്. 2550 ചതുരശ്രയടിയാണ് വിസ്തീർണം. സമകാലിക ശൈലിയിലാണ് ഡിസൈൻ. മന്നത്ത് എന്നാണ് വീടിനു നൽകിയ പേര്'. അൻസിബ പറയുന്നു.

ansiba-in-sitout

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ ആദ്യം കാഴ്ച പതിയുന്നത് ഇടനാഴിയുടെ അറ്റത്തുള്ള മഞ്ഞ ടെക്സ്ചർ പെയിന്റ് ചെയ്ത ഭിത്തിയിലേക്കാണ്.

ansiba-in-hall

വലതുവശത്തായി സ്വീകരണമുറി. ഇവിടെ ചുവന്ന ടെക്സ്ചർ പെയിന്റ് ചെയ്ത് ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. സമീപം ടിവി യൂണിറ്റ്. ഇവിടെ അൻസിബയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ക്രമീകരിച്ചിരിക്കുന്നു. 

ansiba-living

ഗോവണിയുടെ ഡിസൈൻ ആണ് വീട്ടിലെ പ്രധാന ഹൈലൈറ്റ്. സസ്‌പെൻഡഡ്‌ ശൈലിയിലാണ് ഗോവണി ഒരുക്കിയത്. മേൽക്കൂരയിൽ ഉറപ്പിച്ച കയറാണ് കൈവരികളായി താഴേക്ക് തൂങ്ങിയിറങ്ങുന്നത്. വാം ടോൺ തീമിലുള്ള തൂക്കുവിളക്കുകൾ അകമ്പടിയായി നൽകി. കോൺക്രീറ്റിനു മുകളിൽ തടി പൊതിഞ്ഞാണ് പടികൾ. ഇതിൽ പ്രൊഫൈൽ ലൈറ്റുകളും നൽകിയിരിക്കുന്നു. ഗോവണിയുടെ താഴെയായി ചെറിയൊരു പെബിൾ കോർട്ടും ഒരുക്കി. ഇതിൽ എൽഇഡി സ്ട്രിപ്പുകൾ നൽകിയിരിക്കുന്നു. രാത്രിയിൽ ഈ രണ്ടു ഭാഗത്തെ ലൈറ്റുകൾ മാത്രം മതി ഹാൾ പ്രകാശമാനമാക്കാൻ.

ansiba-stair

ഗോവണിയുടെ മറുവശത്തായി സ്വകാര്യത നൽകി ഊണുമുറി. മുകൾനിലയിൽ നിന്നും കാഴ്ച ലഭിക്കുംവിധം ഡബിൾ ഹൈറ്റിലാണ് ഈ ഭാഗം ഒരുക്കിയത്. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. മുറിയുടെ ചുറ്റിലും പെയിന്റിങ്ങുകൾ നൽകി അലങ്കരിച്ചിട്ടുണ്ട്.

ansiba-dining

ലളിതമായ അടുക്കള. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകി കബോർഡുകൾ കൊടുത്തിട്ടുണ്ട്. പിന്നിലെ ചെറിയ സ്ഥലത്തു മതിലിനോട് ചേർന്ന് വർക്കേരിയയും ഒരുക്കി.

ansiba-in-dine

ഇരട്ട ബാൽക്കണികളാണ് വീടിന്. ഗോവണി കയറി എത്തുന്ന ലാൻഡിങ്ങിന്റെ വശത്തുനിന്നാണ് ആദ്യ ബാൽക്കണിയിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ജിഐ ഫ്രയിമുകൾ കൊണ്ട് പർഗോള നൽകിയിട്ടുണ്ട്.

ഗോവണി കയറി എത്തുന്നത് ചെറിയ ഹാളിലേക്കാണ്. താഴത്തെ മഞ്ഞ ടെക്സ്ചർ ഭിത്തിയുടെ തുടർച്ചയെന്നപോലെ മുകളിലെ ഭിത്തിയിൽ റോസ് ഹൈലൈറ്റർ നിറം നൽകിയിരിക്കുന്നു.

ansiba-hall

അഞ്ചു കിടപ്പുമുറികളുണ്ട്. താഴെ രണ്ടും മുകളിൽ മൂന്നും. അഞ്ചു മുറികളിലും ഒരു ഭിത്തി ഹൈലൈറ്റ് ചെയ്ത് വ്യത്യസ്തമാക്കിയിട്ടുണ്ട്. അറ്റാച്ച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകിയിരിക്കുന്നു. മുകളിലാണ് അൻസിബയുടെ മുറി. ഇവിടെ ഭിത്തിയിലെ വയലറ്റ് ടെക്സ്ചർ സീലിങ്ങിലേക്കും പടർത്തിയിരിക്കുന്നു. അൻസിബയുടെ മുറിയിൽനിന്നും ബാൽക്കണി നൽകിയിട്ടുണ്ട്. ഇവിടെ നിന്നാൽ പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാം.

ansiba-bed

'ഷൂട്ടും മറ്റുമായി ഞാൻ കൊച്ചിയിലാണ് കൂടുതൽ സമയവും ഉണ്ടാവുക. ഇപ്പോൾ കോഴിക്കോട്ടേക്ക് തിരിച്ചെത്താൻ ഒരു കാരണവും കൂടി ഉണ്ടായിരിക്കുകയാണ്. എന്നെ കാത്തിരിക്കുന്ന വീട്'... അൻസിബയും വീട്ടുകാരും ഒത്തുചേരുമ്പോൾ മന്നത്തിൽ സന്തോഷത്തിന്റെ സ്ഫുരണങ്ങൾ വിരിയുന്നു... 

ansiba-balcony

Watch it on YouTube

സ്വപ്നവീട് മുൻ എപ്പിസോഡുകൾ യുട്യൂബിൽ കാണാം