Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷമാണ് ഈ വീട്, എങ്കിലും ഒരു വേദന ബാക്കിയാണ്: കൃഷ്ണപ്രഭ

krishnaprabha-home

കൊച്ചി പനമ്പള്ളി നഗറിൽ പുതിയ നൃത്തവിദ്യാലയം തുറന്നതിന്റെ സന്തോഷത്തിലാണ് കൃഷ്ണപ്രഭ. മമ്മൂട്ടിയാണ് കലാവിദ്യാലയം ഉദ്ഘാടനം ചെയ്തത്. കൃഷ്ണപ്രഭ തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു...

എറണാകുളമാണ് എന്റെ സ്വദേശം. അച്ഛൻ പ്രഭാകരൻ നായർ കളമശേരി എച്ച്എംടി യിൽ എൻജിനീയറായിരുന്നു. അമ്മ ഷീല വീട്ടമ്മയും. എനിക്കൊരു സഹോദരൻ ഉണ്ണികൃഷ്ണൻ. ഇപ്പോൾ കുടുംബമായി ചങ്ങനാശേരിയിൽ താമസിക്കുന്നു.

krishnaprabha-family

അച്ഛന്റെ വീട് പാലായും അമ്മയുടേത് തൊടുപുഴയുമായിരുന്നു. ഞങ്ങളുടെ അവധിക്കാലങ്ങൾ കൂടുതലും അവിടെയായിരുന്നു. റബർ തോട്ടങ്ങളും സമീപം പുഴയും കാപ്പി തോട്ടങ്ങളുമൊക്കെയുള്ള വീടായിരുന്നു അച്ഛന്റേതും അമ്മയുടേതും. പഴയ ഒരുനില വാർക്കവീടുകൾ. എച്ച്എംടിയിൽ ക്വാർട്ടേഴ്സ് ലഭിക്കുമായിരുന്നെങ്കിലും അച്ഛൻ കളമശേരിയിൽ ഒരു വീട് മേടിക്കുകയായിരുന്നു. എന്റെ രണ്ടു മൂന്നു വയസ്സ് വരെ മാത്രമാണ് അവിടെ താമസിച്ചത്. അതിനുശേഷം ആ വീട് വിറ്റ് അച്ഛൻ തൃക്കാക്കരയിൽ ഭൂമി മേടിച്ചു വീടുവച്ചു.

മറക്കാനാകാത്ത 'ഐശ്വര്യ'...

ജീവിതത്തിലെ മറക്കാനാകാത്ത ഓർമകൾ ഉള്ളത് തൃക്കാക്കരയുള്ള വീട്ടിൽ താമസിച്ചപ്പോഴാണ്. എൽ കെ ജി മുതൽ പത്താം ക്‌ളാസ് വരെ അവിടെയായിരുന്നു ജീവിതം. അച്ഛൻ സ്ഥലം മേടിച്ചു പണിത വീടാണ്. ഐശ്വര്യ എന്നായിരുന്നു ഞങ്ങൾ ഇട്ട പേര്. പല തട്ടായി കിടക്കുന്ന ഭൂമിയിൽ ബേസ്മെന്റ് ഫ്ലോർ കൂടി ഒരുക്കിയാണ് വീട് പണിതത്. അത്യാവശ്യം പറമ്പും ഉണ്ടായിരുന്നു. 

പാലായിലെയും തൊടുപുഴയിലെയും വീടുകളുടെ ഓർമയിൽ ഞങ്ങൾ ചെറിയൊരു കുളവും കുഴിച്ചു. അച്ഛൻ മരിക്കുന്നതും ആ വീട്ടിൽവച്ചാണ്. ഞാൻ അന്ന് എട്ടാം ക്‌ളാസിൽ പഠിക്കുകയാണ്. അച്ഛൻ ഇല്ലാത്ത വീട് വല്ലാത്തൊരു ശൂന്യത അവശേഷിപ്പിച്ചു. അങ്ങനെയാണ് എന്റെ പത്താം ക്ലാസ് കഴിഞ്ഞു, ആ വീട് വാടകയ്ക്ക് കൊടുത്ത്, ഞങ്ങൾ പനമ്പിള്ളി നഗറിലേക്ക് ഫ്ലാറ്റെടുത്ത് മാറുന്നത്. 

Krishnaprabha

കളമശേരി സെന്റ്. ജോസഫ്‌സ്, തേവര സേക്രഡ് ഹാർട്സ് എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ-കോളജ് വിദ്യാഭ്യാസം. ചെറുപ്പം മുതൽ നൃത്തം പരിശീലിച്ചിരുന്നു. പിന്നീട് ഭരതനാട്യത്തിൽ ഡിപ്ലോമ നേടി. മനോജ് ഗിന്നസിന്റെ കൊച്ചിൻ നവോദയയിൽ ഡാൻസറായി ചേർന്നു. അവിടെ നിന്നാണ് മിനിസ്ക്രീനിലേക്കും സിനിമയിലേക്കുമുള്ള വാതിലുകൾ തുറക്കുന്നത്.

ഫ്ലാറ്റ് ജീവിതം...

krishnaprabha-flat

എറണാകുളം നഗരത്തിലെ ആദ്യകാല അപ്പാർട്മെന്റുകളിൽ ഒന്നായിരുന്നു അത്. അവിടെ ഒരു 3 BHK ഫ്ലാറ്റ്. ഇപ്പോൾ 16 വർഷങ്ങൾ കഴിഞ്ഞു. കാലഘട്ടത്തിനനുസരിച്ച് ഞങ്ങൾ ഫ്ലാറ്റിന്റെ ഇന്റീരിയർ പരിഷ്കരിച്ചു. ഓപ്പൺ ശൈലിയിലുള്ള ഫ്ലാറ്റ് ആയതിനാൽ അധികം സ്ഥലപരിമിതി അനുഭവപ്പെടില്ല.

krishnaprabha-hall

കിടപ്പുമുറിയുടെ ഭിത്തിയിൽ ഫ്ലോറൽ പാറ്റേൺ ഉള്ള വോൾപേപ്പർ നൽകി പരിഷ്കരിച്ചത് എന്റെ ഐഡിയയാണ്. എനിക്ക് ലഭിച്ച ചെറിയ പുരസ്‌കാരങ്ങൾ കൊണ്ടാണ് സ്വീകരണമുറി അലങ്കരിച്ചിരിക്കുന്നത്. കിടപ്പുമുറിയാണ് ഇഷ്ട ഇടം. എങ്കിലും വീട്ടിൽ ഉള്ളപ്പോൾ ഞാനും അമ്മയും ഒരുമിച്ചാണ് കിടക്കുന്നത്.

krishnaprabha-bed
krishnaprabha-kitchen

ഒരുപാട് സിനിമാസഹപ്രവർത്തകർ ഇവിടെ അയൽക്കാരായുണ്ട്. നഗരത്തിനു സമീപം തന്നെ ശാന്തതയും സമാധാനവും ഉള്ള ഇടം. ഇനി മറ്റൊരിടത്ത് വീട് വയ്ക്കുന്നത് മനസ്സിൽ പോലുമില്ല. പനമ്പിള്ളി നഗർ വിട്ടുപോകാൻ ഇടയാകരുത് എന്നാണ് മനസ്സിലെ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.