Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് മംഗലശേരി നീലകണ്ഠൻ 'പിറന്ന' സിനിമാവീട്!

mullaserry-tharavad-calicut തളർന്ന ശരീരത്തെ പാട്ടിനുവിട്ട് പാട്ടിന്റെയും കലയുടെയും കലാകാരൻമാരുടെയും ഇടയിൽ ജീവിച്ച മുല്ലശ്ശേരി രാജഗോപാൽ എന്ന ‘രാജുവേട്ടന്റെ’ മുല്ലശ്ശേരി വീടിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു അദ്ദേഹത്തിന്റെ ഭാര്യ ‘ബേബിച്ചേച്ചി’ എന്ന ലക്ഷ്‌മി...

ചതുരശ്രയടിക്കണക്കിന്റെ ഗരിമയും കോടിക്കണക്കുകളുടെ ഏച്ചുകെട്ടലും കൂട്ടുപിടിക്കാതെ തലപ്പൊക്കമാർന്നൊരു വീട് – കോഴിക്കോട്  ചാലപ്പുറത്തെ ആ വീടിന്റെ പേരാണ് മുല്ലശ്ശേരി. ഓർമത്തൂക്കത്തിന്റെ പൊൻതട്ടിൽ തൂക്കിയാൽ മുല്ലശ്ശേരി വീട് ഒരു കൊട്ടാരമാണ്– ഓർമക്കൊട്ടാരം. ഓടുമേഞ്ഞ ആ കൊച്ചുവീട്ടിലേക്കു പാട്ടും കലയുമെല്ലാം കാലവും നേരവും നോക്കാതെ പടികടന്നെത്തി, വർഷങ്ങളോളം. പാട്ടിന്റെയും കലയുടെയും പാലാഴി മനസ്സിൽ നിറച്ചൊരു മനുഷ്യൻ അവിടെയുണ്ടായിരുന്നു– മുല്ലശ്ശേരി രാജഗോപാൽ. തിരശ്ശീലയിൽ ആ പേരിന്റെ രൂപമാറ്റം മംഗലശ്ശേരി നീലകണ്ഠൻ. മലയാള സിനിമയിലെ മാസ്–ക്ലാസ് നായകനെ തിരക്കഥാകൃത്ത് രഞ്ജിത്ത് രൂപപ്പെടുത്തിയതു മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തിൽനിന്നാണ്. 

മുല്ലശ്ശേരി ഓർമ.. 

മുൻപു വന്നിട്ടുണ്ടെങ്കിലും 1976ൽ ആണ് ബേബിച്ചേച്ചി മുല്ലശ്ശേരി വീട്ടിലെ ‘ഔദ്യോഗിക’ അംഗമായി എത്തുന്നത്. ഒച്ചപ്പാട് ഒരുപാടുണ്ടാക്കിയായിരുന്നു പ്രണയ വിവാഹം. പട്ടാമ്പിയാണു നാടെങ്കിലും അവിടത്തെ ഓർമകൾ ലക്ഷ്മിക്കു കൂട്ടിനില്ല. കോഴിക്കോട് ചെറുവണ്ണൂരിലെ വീടും ഫാറൂഖ് കോളജിലെ വിദ്യാഭ്യാസകാലവുമാണ് ഓർമ റീലിൽ ആദ്യം മിന്നുന്നത്. 

മുല്ലശ്ശേരിയിൽ എത്തിയശേഷം വീടുവിട്ടുള്ള യാത്രകൾ അധികം ഉണ്ടായില്ല. രാജുവേട്ടനെ പരിചരിച്ച് മുല്ലശ്ശേരി വീടിന്റെ ഭാഗമായി. കിടപ്പിലായിരുന്ന രാജുവേട്ടൻ, കലാലോകത്തെ അദ്ദേഹത്തിനു ചുറ്റും സൗഹൃദത്തിൽ കോർത്തുനിർത്തിയതിനാൽ മുല്ലശ്ശേരി വിട്ടു പോകേണ്ടിവന്നിട്ടുമില്ല. ഏക മകൾ നാരായണിയുടെ വിവാഹ റിസപ്ഷൻ എറണാകുളത്തായിരുന്നു. അന്ന് അവിടേക്കും പോയില്ല. രാജഗോപാലിന്റെ വേർപാടിനുശേഷം വർഷങ്ങൾ കഴിഞ്ഞാണ് മകളുടെ വീട് കാണുന്നത്. 

1985ൽ ഒരു മദ്രാസ് യാത്രയുണ്ടായിരുന്നു. അന്നുപോയത് യേശുദാസിന്റെ വീട്ടിലേക്ക്. ‘ഇവനെ ഇങ്ങനെ കിടത്തല്ലേ, ട്രീറ്റ്മെന്റ് നോക്കാം’ എന്നു നിർബന്ധിച്ചു കൊണ്ടുപോയതു ദാസേട്ടനാണ്. ഒരു വർഷത്തോളം ഞങ്ങൾ ആദ്യമായി മുല്ലശ്ശേരി വിട്ടു മാറിനിന്നു. മോളും രാജുവേട്ടനും ഞാനും ഒന്നിച്ചുള്ള ആദ്യ യാത്രയും അതാണ്. രാജുവേട്ടൻ വിട്ടുപിരിഞ്ഞതു 16 വർഷം മുൻപാണ്. 

പാട്ടിൽ മുങ്ങിയ വീട്..

mullasheri-tharavad

പഴയ മുല്ലശ്ശേരി തറവാടിന്റെ ഔട്ട്‌ഹൗസ് പോലുള്ള ഭാഗമാണ് ഇപ്പോഴുള്ള വീട്. തറവാട് ഒന്നര ഏക്കറോളം വരുന്ന സ്ഥലത്തായിരുന്നു. 2 കുളങ്ങളും നാലുകെട്ടും ഉൾപ്പെടെയുള്ള തറവാട്. ഞങ്ങളുടെ വിവാഹത്തിനു മുൻപുതന്നെ അതിലേറെയും ഭാഗിച്ചു വിൽപന നടത്തി. പഴയ ആ നാലുകെട്ട് വീടായിരുന്നു രാജുവേട്ടന്റെ യഥാർഥ ആസ്ഥാനം – ലക്ഷ്മി ഓർത്തെടുക്കുന്നു. എം.എസ്.ബാബുരാജ് ഉൾപ്പെടെയുള്ളവർ വന്നുതാമസിച്ചതെല്ലാം ആ വീട്ടിലാണ്. അവിടെവച്ച് ഈണങ്ങൾ ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. ബാലൻ കെ.നായർ, പി.ഭാസ്കരൻ, പപ്പു ഇവരുടെയെല്ലാം കേന്ദ്രമായിരുന്നുവത്. 

ഞാൻ വന്നുകയറുന്നത് ഇപ്പോഴുള്ള ഈ വീട്ടിലേക്കാണ്. 2 കിടപ്പുമുറികൾ‌, പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള എന്നിവയുൾപ്പെടുന്ന ചെറിയൊരു വീട്.  

രാജുവേട്ടന്റെ അമ്മാവൻ അഡ്വ. കെ.പി.രാവുണ്ണി മേനോന്റെ ഓഫിസായിട്ടാണ് ഈ കെട്ടിടം ആദ്യം ഉപയോഗിച്ചിരുന്നത്. രാജുവേട്ടന്റെ ഏട്ടനെ കഥകളി പഠിപ്പിക്കാൻ ഗുരു കുഞ്ചുക്കുറുപ്പ് എത്തുമായിരുന്നു. എന്റെ ഓർമയിൽ, അദ്ദേഹവും സംഘവുമാണ് ഈ വീട്ടിലെ ആദ്യ താമസക്കാർ. ‘ത്യാഗരാജസുധ’ എന്ന പുസ്തകമെഴുതിയ കെ.പി.എസ്.മേനോന്റെ വാസവും ഇവിടെയായിരുന്നു. കോഴിക്കോട് നഗരത്തിൽ എവിടെ ഗാനമേള നടത്തിയാലും റിഹേഴ്സൽ ഇവിടെയാണ്, ഒരു കാലത്ത്. ദാസേട്ടന്റെയൊക്കെ ഗാനമേളയുടെ ഫൈനൽ റിഹേഴ്സൽ ഇവിടെ നടത്തിയിട്ടുണ്ട്. ഇങ്ങോട്ടു മാറിയശേഷം സൃഹൃത്തുക്കൾ അധികവും ഇവിടെ താമസിച്ചിരുന്നില്ല. എല്ലാവരും വന്നുപോകും. ഇവിടെ വന്നു കുറേനാൾ താമസിച്ചത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഗിരീഷാണ് രഞ്ജിയെ കൂട്ടിവരുന്നത്. പിന്നെ ജയരാജ് വന്നു. അത്തരത്തിൽ ഉണ്ടായ ചർച്ച ഒരു സിനിമയിലേക്കെത്തി. രഞ്ജി എഴുതി, ജയരാജ് സംവിധാനം ചെയ്ത ആ സിനിമയാണ് ജോണി വാക്കർ. അതിലൂടെയാണ് ഗിരീഷ് സിനിമാ ഗാനരചയിതാവാകുന്നത്. പലതും ഇവിടെനിന്നു തുടക്കമിട്ടു. അങ്ങനെയാണ് ‘ദേവാസുരം’ സിനിമയുടെ പിറവിയും. കലാരംഗത്ത് ഇപ്പോഴുള്ള തലമുറയിലെ ആളുകൾ പലരും ഇവിടെ വരുന്നതു രഞ്ജി വഴിയാണ്. ചെറിയ യാത്രയെങ്കിൽപോലും കോഴിക്കോട്ടു വന്നാൽ ദാസേട്ടനും ഇവിടെ എത്തിയിരുന്നു. കോഴിക്കോട് നഗരത്തിലെത്തിയാൽ മഞ്ജു വാരിയർ താമസം ഇവിടെയാകും. നടിയും സംവിധായകയുമായ രേവതിയും നഗരത്തിലെത്തിയാൽ മുല്ലശ്ശേരിയിൽ വരും. 

ഗണേശമയം... 

lakshmi-mullasery

മുല്ലശ്ശേരിയുടെ പടികടന്നു വരുന്നവർ പറയുന്ന ഒരു കാര്യമുണ്ട്– ഇവിടെ വരുമ്പോൾ കിട്ടുന്ന സമാധാനം. ‘കുറേപ്പേർ അതു പറഞ്ഞിട്ടുണ്ട്. അതു കേൾക്കുമ്പോൾ സന്തോഷം. അതു നമ്മുടെ കഴിവല്ല, തളിയിൽ ഇരിക്കുന്നയാളില്ലേ, അവിടുന്നു കിട്ടിയ അനുഗ്രഹമാണ്’ – ചിരിയിൽ മുങ്ങി ബേബിച്ചേച്ചി. മുല്ലശ്ശേരി വീട്ടിലെ മറ്റൊരു പ്രത്യേകതയാണ്  ഗണേശ ശിൽപങ്ങൾ. ആദ്യം 3 ശിൽപങ്ങൾ സമ്മാനം കിട്ടിയതാണ്. അതിപ്പോൾ ആയിരം കടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള, പല വലുപ്പമുള്ള, കല്ലിലും മണ്ണിലും മരത്തിലും സിമന്റിലും ലോഹക്കൂട്ടുകളിലും നിർമിച്ച ഗണപതി രൂപങ്ങൾ. എല്ലാം പലരും പലപ്പോഴായി സമ്മാനിച്ചതാണ്. 

ഇതു മാത്രം മതി... 

വീട് ഉടച്ചുവാർത്ത് ‘മോഡേൺ’ ആക്കണമെന്ന് തോന്നിയിട്ടില്ല ലക്ഷ്മിക്ക്. മകൾക്കുമില്ല ആ ചിന്ത. മകളുടെ വിവാഹസമയത്ത് ഒന്നു വൈറ്റ്‌വാഷ് ചെയ്തതാണ്. ഇടയ്ക്ക് വരാന്തയുടെ പ്രവേശനഭാഗം ഒന്നു മാറ്റിപ്പണിതു. ആ സമയത്തു ചെറിയ ചില മിനുക്കുപണികൾ നടത്തിയതാണ്. പിന്നൊന്നും ചെയ്തില്ല. ജീവിക്കാൻ ഇതൊക്കെ ധാരാളമല്ലേ എന്നാണ് ചോദ്യം. വീട്ടിലെ അലങ്കാര വസ്തുക്കൾ പലതും പണ്ടേയുള്ളത്. ഇന്റീരിയർ ലേഔട്ട് ഇടയ്ക്കു മാറ്റുന്നതാണ് ആകെയുള്ള പരിഷ്കാരം. വീടു നിൽക്കുന്ന പുരയിടം അവകാശികളുമായി ഭാഗിക്കേണ്ടിവന്നു. രാജുവേട്ടൻ പോയശേഷം അതുണ്ടായി. പിന്നെ, തീരെ സ്ഥലമില്ലായിരുന്നു. ഒരു സെന്റ് സ്ഥലംകൂടി അവരിൽനിന്നു വാങ്ങി. ചെടികളോടും പൂക്കളോടും ഇഷ്ടമുള്ളതുകൊണ്ട് ഉള്ള സ്ഥലത്ത് അതൊക്കെ നട്ടു പരിപാലിക്കുന്നു. ഇടയ്ക്കു സഹായത്തിന് ആളെത്തും, വയനാട്ടിൽനിന്നുള്ള മനോജ്. ഇവിടെയുള്ള വലിയ ഗണേശ ശിൽപവും മനോജ് നിർമിച്ചുതന്നതാണ്. രാജുവേട്ടൻ ഉണ്ടായിരുന്ന സമയത്ത് സ്വീകരണമുറിയെന്ന ഏർപ്പാടില്ല. വരുന്നവർ നേരെ അദ്ദേഹം കിടക്കുന്ന മുറിയിലേക്കാണ് എത്തുന്നത്. ഇപ്പോൾ വീട്ടിലെ ഏറ്റവും ഇഷ്ടയിടം സിറ്റ്ഔട്ടാണ്; അവിടെ ചെടികളുടെ തണലിൽ ഇരിക്കുന്നതും. 

niranjana-garden കൊച്ചുമകളും അഭിനേത്രിയുമായ നിരഞ്ജന മുല്ലശേരിയിൽ

മുല്ലശ്ശേരിവിട്ട് എവിടേക്കുമില്ല...

രാജുവേട്ടൻ വിട്ടുപിരിഞ്ഞശേഷം, മകൾ പലപ്പോഴായി എറണാകുളത്തേക്കു വിളിച്ചതാണ്. മകൾ‌ ‘പുനർജനി’ എന്ന പേരിൽ അവിടെ നൃത്തവിദ്യാലയും നടത്തുന്നു. നാരായണിയുടെ ഭർത്താവ് അനൂപ് അക്ബർ ഇന്റീരിയർ ഡിസൈനറാണ്. കൊച്ചുമകൾ നിരഞ്ജന നൃത്തവും സിനിമയുമായി സജീവം. മുല്ലശ്ശേരി വീടു വിട്ട്, ദീർഘകാലത്തേക്കൊരു മാറ്റം ലക്ഷ്‌മിക്കു ചിന്തിക്കാനാവില്ലായിരുന്നു. അമ്മയ്ക്ക് എവിടെയാണു സന്തോഷം കിട്ടുന്നതെന്നാൽ‌ അവിടെ കഴിയട്ടെയെന്നു മകളും തീരുമാനിച്ചു. എന്നാൽ‌, വീടുവിട്ട് ലക്ഷ്‌മിക്കു മാറിനിൽക്കേണ്ടിവന്നു. അതിനൊരു കാരണക്കാരനുമുണ്ടായിരുന്നു– കാൻസർ. ചികിത്സയുടെ ഭാഗമായി കുറച്ചുനാൾ എറണാകുളത്തേക്കു മാറി. വീട് പൂട്ടിയിടാൻ മനസ്സൊട്ടുമില്ലായിരുന്നു. അന്ന് രഞ്ജിത് ‘പാലേരി മാണിക്യം’ സിനിമ തുടങ്ങാനിരിക്കുന്നു. അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, രഞ്ജിത്തിനെ മുല്ലശ്ശേരി വീട് ഏൽപിച്ചാണ് പോയത്. ‘ഈ വീടിനെക്കുറിച്ചുള്ള എല്ലാ ഓർമകളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് വീടുവിട്ട് പുറത്തുപോണമെന്നു തോന്നിയിട്ടുമില്ല’– ബേബിച്ചേച്ചി പറഞ്ഞുനിർത്തി.