Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ലുവിനെ സൃഷ്ടിച്ചത് ജീവിതത്തിലെ ആ ട്വിസ്റ്റുകൾ: രാജ് കലേഷ്

raj-kalesh മഴവിൽ മനോരമയിലെ ഉടൻ പണത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ രാജ് കലേഷ് എന്ന കല്ലു വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

രാജ് കലേഷ് ഏതാണ്ടൊരു സകലകലാവല്ലഭനാണ്. മാജിക്, പാചകം, അവതരണം, അഭിനയം, നൃത്തം തുടങ്ങി കൈവച്ച മേഖലകൾ ഒരുപാടുണ്ട്. കലയോടുള്ള അഭിനിവേശം മാത്രം കൈമുതലാക്കി തുടങ്ങി. തുടക്കത്തിൽ പരാജയത്തിന്റെ കയ്പുനീർ ഒരുപാട് കുടിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചിട്ടും കലയെ ഉപേക്ഷിക്കാതെ പിടിച്ചു നിന്നു. ട്രാജഡിയിൽ നിന്നും കോമഡിയിലേക്ക്..അതാണ് രാജ് കലേഷ് തന്റെ ജീവിതത്തെ കുറിച്ച് ഒറ്റവാക്കിൽ പറയുന്നത്...കലേഷിന്റെ വിശേഷങ്ങളിലേക്ക്...

ഓർമവീട്... 

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്ത് നെടുംപറമ്പ് എന്ന സ്ഥലമാണ് എന്റെ സ്വദേശം. അച്ഛൻ ദിവാകരൻ പോസ്റ്റ് മാസ്റ്ററായി വിരമിച്ചു. അമ്മ വീട്ടമ്മയാണ്. ഒരു സഹോദരൻ രാജ് മഹേഷ്.

ഞാൻ ജനിച്ചത് അമ്മയുടെ അമ്മാവന്റെ വീട്ടിലാണ്. ആർ ജി വിലാസം എന്നായിരുന്നു വീട്ടുപേര്. പഴയ നാടൻ ശൈലിയിൽ നിർമിച്ച ഓടിട്ട ഒറ്റനില വീടായിരുന്നു. അമ്മയുടെ അമ്മാവൻ പഴയ ഐഎൻഎ അംഗമായിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് പുള്ളി ബ്രിട്ടീഷുകാരുടെ കണ്ണിൽപ്പെടാതെ ബർമ വഴി നടന്നു നാട്ടിലെത്തിയ വീരകഥകൾ കേട്ടാണ് ഞാൻ വളർന്നത്. പിന്നീട് അച്ഛന്റെ വീട്ടിലേക്ക് മാറി. ഇടത്തരം സാമ്പത്തിക പശ്‌ചാത്തലമുള്ള കുടുംബമായിരുന്നു അച്ഛന്റേത്.

കരിയർ... 

രാജ് കലേഷ്

കൗമാര- യൗവന കാലത്ത് ഞാൻ അൽപം റിബൽ ആയിരുന്നു. വീട്ടുകാർക്ക് എന്നെ ഒരു സർക്കാർ ഉദ്യോഗസ്ഥനാക്കണം എന്നായിരുന്നു. പക്ഷേ എനിക്ക് കലാപരമായി എന്തെങ്കിലും ചെയ്യണം എന്നായിരുന്നു. അതോടെ വീട്ടുകാർ പിണക്കമായി. എനിക്കും വാശിയായി. ഡിഗ്രി മുതൽ വീട്ടുകാരെ ആശ്രയിക്കാതെ സ്വന്തമായി അധ്വാനിച്ചു പഠിക്കാൻ തുടങ്ങി. 'ഉദരം നിമിത്തം ബഹുകൃതവേഷം' അണിഞ്ഞൊരു ഓട്ടപ്പാച്ചിലായിരുന്നു പിന്നെയങ്ങോട്ട് ജീവിതം. സ്‌കൂൾ കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ചെറിയ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഇതിനിടയ്ക്ക് പാചകം പഠിച്ചു. കുക്കറി ഷോ അവതാരകനായി. അങ്ങനെയാണ് പലവഴി തിരിഞ്ഞു മിനിസ്ക്രീനിലേക്കെത്തുന്നത്.

സ്വന്തം പോലെ വാടകവീടുകൾ.. 

raj-kalesh-kids

1998 മുതൽ വാടകവീടുകളിലാണ് താമസം. കഴിഞ്ഞ ഇരുപത് വർഷത്തിനിടയ്ക്ക് രണ്ടു വീടുകൾ മാത്രമാണ് മാറിയത്. ബാച്‌ലർ ലൈഫ് ചെലവഴിച്ച വീടും, ഇപ്പോൾ കുടുംബമായി താമസിക്കുന്ന വീടും. ഉടമസ്ഥരുമായി വർഷങ്ങളുടെ പരിചയം ഉള്ളതുകൊണ്ട് വീട്ടിൽ അത്യാവശ്യം പൊളിച്ചുപണികൾ നടത്താൻ അവർ അനുവാദം തന്നിരുന്നു. 

ഇപ്പോൾ പൂജപ്പുരയാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യ ദിവ്യ ടിവി പ്രൊഡ്യൂസറാണ്. രണ്ടു മക്കൾ. ദക്ഷ അഞ്ചാം ക്‌ളാസിലും, ദർഷ് എൽകെജിയിലും പഠിക്കുന്നു. രണ്ടുനില വീടാണ്. എനിക്കൊരു പ്രൊഡക്‌ഷൻ ഹൗസുണ്ട്. ഞാനും ഭാര്യയും അനിയനും കൂടിയാണ് അത് നടത്തുന്നത്. താഴത്തെ നില സ്റ്റുഡിയോയും ഓഫിസും മുകൾനിലയിൽ ഞങ്ങളുടെ താമസവും. വർഷങ്ങളായി താമസിക്കുന്നതുകൊണ്ട് വീട് സ്വന്തമല്ല എന്ന അന്യതാബോധമൊന്നുമില്ല. അതാണ് ഇപ്പോൾ ലൈഫ്.

മാജിക്കാണ് പാഷൻ, വീടല്ല...

raj-kalesh-magic

ഡിഗ്രി കഴിഞ്ഞു മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കൂടെ സ്റ്റേജ് കൊറിയോഗ്രഫറായി കൂടിയ സമയത്താണ് മാജിക്കിനോട് കമ്പം തുടങ്ങുന്നത്. പിന്നീട് അദ്ദേഹത്തിൽ നിന്നും മാജിക് പഠിച്ചു. ഇത്രയും കാലത്തെ സമ്പാദ്യത്തിൽ ഭൂരിഭാഗം ഞാൻ നിക്ഷേപിച്ചത് മാജിക്കിലാണ്. സാധങ്ങൾ വാങ്ങാനും മറ്റും. എന്നാൽ ഇപ്പോൾ നമ്മുടെ നാട്ടിൽ മാജിക്കിന് പ്രേക്ഷകർ കുറവായതുകൊണ്ട് പ്രതീക്ഷിച്ച വരവൊന്നും ഉണ്ടായതുമില്ല. അതുകൊണ്ട് സ്വന്തമായി വീടൊന്നും നിർമിക്കാൻ കഴിഞ്ഞില്ല. ഭാര്യ പറയാറുണ്ട്. ഈ മാജിക്കിൽ നിക്ഷേപിച്ച കാശുണ്ടായിരുന്നെങ്കിൽ ഇപ്പോൾ സ്വന്തമായി ഇരുനില വീട് പണിയാമായിരുന്നു എന്ന്. വീട് നിർമിച്ചില്ലെങ്കിലും, മാജിക് സാധനങ്ങൾ കൂട്ടിയിടാൻ വേണ്ടി മാത്രം ഞാനൊരു ചെറിയ കെട്ടിടം ഉണ്ടാക്കി എന്നതാണ് മറ്റൊരു കോമഡി. 

ചെറുപ്പം മുതൽ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങാൻ താൽപര്യമില്ലായിരുന്നു. യാത്രകളായിരുന്നു ഹരം..വീട് ഒരു യോഗമാണെന്നു പണ്ടുള്ളവർ പറയാറുണ്ട്. തക്ക സമയത്ത് അത് നമ്മളെ തേടി വരും. വരുമ്പോൾ വരട്ടെ..അതുവരെ ലൈഫ് ഇങ്ങനെ അഴിച്ചു വിടാനാണ് പ്ലാൻ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.