Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഈ വീട് ഞങ്ങൾക്ക് സ്പെഷലാണ്, കാരണം..': സോനാ നായർ

sona-nair-home

മലയാളസിനിമയിലെ ദീപ്തമായ ഒരു മുഖമാണ് സോനാ നായർ. 22 വർഷങ്ങൾക്ക് മുൻപ് തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് സോന സജീവമായി സിനിമാരംഗത്തേക്ക് എത്തിയത്. അതിനും പത്തു വർഷങ്ങൾക്ക് മുൻപ് ബാലതാരമായി ഒരു സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. സോന തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

ഓർമവീട്... 

ഞാനൊരു തിരുവനന്തപുരംകാരിയാണ്. അച്ഛന്റെ നാട് പോത്തൻകോടും അമ്മയുടേത് അമ്പലമുക്കുമായിരുന്നു. അച്ഛൻ സുധാകരൻ പ്രവാസിയായിരുന്നു. അമ്മ വസുന്ധര അധ്യാപികയും. എനിക്കൊരു സഹോദരൻ ദീപു. സ്‌കൂൾ കാലം വരെയുള്ള ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് അമ്പലമുക്കിലുള്ള ആ ഓടിട്ട വീടായിരുന്നു. അമ്മയുടെ സ്ഥലം മാറ്റത്തിനനുസരിച്ച് ഒന്നുരണ്ടു വാടകവീടുകളിലും പിന്നീട് ഞങ്ങൾ താമസിച്ചു. കൂട്ടുകുടുംബത്തിന്റെ സൗഭാഗ്യങ്ങൾ എല്ലാം അനുഭവിച്ചാണ് ഞാൻ വളർന്നത്. അമ്മയുടെ ബന്ധുക്കളെല്ലാം ചുറ്റുവട്ടത്തുതന്നെ ഉണ്ടായിരുന്നു.

കല്യാണം കഴിഞ്ഞു ഞാൻ കയറിചെന്നതും ഒരു കൂട്ടുകുടുംബത്തിലേക്കാണ്. ഭർത്താവ് ഉദയൻ അമ്പാടി സിനിമയിൽ ഛായാഗ്രാഹകനാണ്. ഉദയന്റെ വീട് ചിറ്റാഴ എന്ന സ്ഥലത്താണ്.  

sona-nair-husband

വർഷങ്ങൾക്ക് കടന്നുപോയി. അമ്പലമുക്കിലുള്ള വീടും സ്ഥലവും ഞങ്ങൾ വിറ്റു. അച്ഛനുമമ്മയും വഴയിലയിൽ വേറെ വീടും സ്ഥലവും മേടിച്ചു. അനിയൻ ദീപു ഇപ്പോൾ കുടുംബമായി വിദേശത്താണ്.

സാഫല്യമായി ആ വീട്... 

sona-nair-house

നീളൻ വരാന്തകളും നിറയെ തൂണുകളുമുള്ള വീടുകൾ, പഴമ നിലനിർത്തുന്ന വാതിലുകളും ജനലുകളുമുള്ള വീടുകൾ...ഇതൊക്കെ പണ്ടുമുതലേ എന്റെ മനസ്സിൽ കയറിക്കൂടിയിരുന്നു. ജയറാമേട്ടന്റെ ചെന്നൈയിലുള്ള വീടിന്റെ ഒരു ഫീച്ചർ പണ്ട് ഒരു മാഗസിനിൽ വായിച്ചിരുന്നു. ഒറ്റനിലയിൽ പല ഇടങ്ങളായി പരന്നുകിടക്കുന്ന വീട്. അതും വളരെ ഇഷ്ടമായിരുന്നു.

sona-home-view

ഈ ആഗ്രഹങ്ങളുടെയെല്ലാം പൂർത്തീകരണമായാണ് ഒൻപതു വർഷം മുൻപ് ഞങ്ങൾ നാലാഞ്ചിറ വീട് വച്ചത്. പരമ്പരാഗത തനിമയിൽ ഒരുക്കിയ വീട്ടിൽ നിരവധി സീരിയലുകളും പരസ്യങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ രണ്ടു സഹോദരിമാരുടെ വീടും ഇവിടെത്തന്നെയാണ്. ഒറ്റ മതിലിനുള്ളിൽ മൂന്നു വീടുകൾ സ്ഥിതി ചെയ്യുന്നു. ഒരേക്കറോളം ഭൂമിയിലാണ് മൂന്നു വീടുകളും. നിറയെ മരങ്ങളും ചെടികളുമൊക്കെ തണൽ വിരിക്കുന്ന പ്ലോട്ട്. ഇപ്പോൾ പൂട്ടിയിട്ടിരിക്കുകയാണെങ്കിലും വിശേഷ ദിവസങ്ങളിൽ ഞങ്ങളുടെ ഒത്തുചേരലുകൾ ഇവിടെയാണ്.

sona-garden

ഫ്ലാറ്റ് ജീവിതം...

sona-nair-flat

ജോലി സംബന്ധമായ സൗകര്യത്തിനായാണ് നഗരത്തിൽ ഫ്ലാറ്റെടുത്തു താമസം മാറിയത്. കരമനയാണ് ഇപ്പോൾ താമസിക്കുന്ന 3 BHK ഫ്ലാറ്റ്. എനിക്ക് വെള്ള നിറത്തിനോട് ഒരുപാട് താൽപര്യമുണ്ട്. വൈറ്റ് & ബ്രൗൺ കളർ തീമാണ് ഞങ്ങൾ ഫ്ലാറ്റിൽ നൽകിയത്. കൂടുതൽ വിശാലതയും ഇതിലൂടെ ഫ്ലാറ്റിനകത്ത് തോന്നിക്കുന്നു. അത്യാവശ്യം ക്യൂരിയോസും പെയിന്റിങ്ങുകളുമൊക്കെ നൽകി ഫ്ലാറ്റ് ഞാൻ അലങ്കരിച്ചിട്ടുണ്ട്.

ജീവിതത്തിൽ സ്വന്തമായി രണ്ടു വീടുകൾ അങ്ങനെയെത്തി. എങ്കിലും ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയുള്ള ആ പഴയ കൂട്ടുകുടുംബ ജീവിതം ഇപ്പോൾ ചെറുതായി മിസ് ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.