Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ വീട് ജപ്തി ചെയ്തിട്ടില്ല, വിവാദങ്ങൾ അനാവശ്യം' : ശാലു മേനോൻ

shalu-menon-home

സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവ് വന്നുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ, ഇതൊന്നുമല്ല യാഥാർഥ്യമെന്നാണ് ശാലു മേനോന് പറയാനുള്ളത്. "ജപ്തി ചെയ്യാൻ ഉത്തരവ് വന്നുവെന്ന് പറയപ്പെടുന്ന വീട്ടിലാണ് ഞാനിപ്പോഴും താമസിക്കുന്നത്. നിലവിൽ സാക്ഷിവിസ്താരം പോലും നടക്കാത്ത കേസിൽ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല"...വിവാദങ്ങളിലേക്ക് കടക്കാതെ ശാലു തന്റെ വീടോർമകൾ പങ്കുവയ്ക്കുന്നു...

മുത്തച്ഛൻ അരവിന്ദാക്ഷ മേനോന്റെ നാട് തൃപ്പൂണിത്തുറയായിരുന്നു. മന്നത്ത് പദ്മനാഭന്റെ സഹോദരന്റെ മകളായിരുന്നു എന്റെ മുത്തശ്ശി. പിന്നീട് മുത്തച്ഛനും കുടുംബവും ചങ്ങനാശേരിയിലേക്ക് താമസം മാറുകയായിരുന്നു. മുത്തച്ഛന് ജയകേരള എന്ന പേരിൽ ഒരു നൃത്തകലാലയം ഉണ്ടായിരുന്നു. അത് രണ്ടുതലമുറകളായി ഞങ്ങൾ തുടർന്നുകൊണ്ടുപോകുന്നു. ഇത് അറുപത്തിയൊന്നാം വർഷമാണ്. 

അച്ഛൻ വേണുഗോപാൽ, അമ്മ കലാദേവി. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചങ്ങനാശേരിയിലാണ്. പഴയ ശൈലിയിലുള്ള തറവാട് വീടായിരുന്നു. ആറു വർഷം മുൻപാണ് ഞങ്ങൾ വീട് പുതുക്കിപ്പണിതത്. പഴയ വീടിന്റെ കുറച്ചു ഭാഗങ്ങൾ നിലനിർത്തി മുൻപിലേക്ക് പണിതെടുക്കുകയായിരുന്നു. മുകളിൽ മുറികൾ കൂട്ടിച്ചേർത്തു. അരവിന്ദം എന്നാണ് വീടിന്റെ പേര്.

shalu-pooja-space

പണ്ട് വിശാലമായ മുറ്റമുണ്ടായിരുന്നു. മുന്നിലേക്ക് പണിതപ്പോൾ മുറ്റം അൽപം കുറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. പുതിയ വീടിന്റെ പിന്നിലായുള്ള ഹാളിലാണ് ആദ്യം ഡാൻസ് സ്‌കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്‌കൂളുകൾ നടത്തുന്നുണ്ട്. 

shalu-menon-dance-school

2450 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയുണ്ട്. പഴമ അനുസ്മരിപ്പിക്കും വിധമാണ് പുതിയ വീടിന്റെ അകത്തളങ്ങളും. പഴയ തറവാടുകളുടെ പൂമുഖത്തെ അനുസ്മരിപ്പിക്കുന്ന വിധം തൂണുകളും സോപാനവും നൽകിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ തടിയാണെന്നു തോന്നുമെങ്കിലും, സിമന്റ് പ്ലാസ്റ്ററിങ്ങിൽ വുഡൻ ഫിനിഷ് നൽകിയതാണ്. ഗോവണിയിലും കൊത്തുപണികൾ നൽകിയിട്ടുണ്ട്.

shalu-menon-house-1

ഇന്റീരിയറിലെ ഹൈലൈറ്റ് ഗണപതി വിഗ്രഹങ്ങളാണ്. ഞാൻ ചെന്നൈയിൽ പോയ സമയത്താണ് വാദ്യഗണപതിയുടെ വിഗ്രഹങ്ങൾ കണ്ടത്. സാധാരണ കാണുന്നവയിൽ നിന്നും വ്യത്യസ്തമായി പലതരം വാദ്യോപകരണങ്ങൾ വായിക്കുന്ന ഗണപതിയുടെ പ്രതിമയാണിത്. നടരാജ വിഗ്രഹങ്ങളുമുണ്ട്. ഇത് കൂടുതലും നൃത്തത്തിലെ ശിഷ്യഗണങ്ങൾ സമ്മാനമായി നൽകിയതാണ്. ഇന്റീരിയറിലെ മറ്റൊരു സവിശേഷത ഭിത്തികളിൽ നൽകിയ ഹൈലൈറ്റർ നിറങ്ങളാണ്. ഓരോ ഭിത്തികളിലും പലവർണങ്ങളിലുള്ള ടെക്സ്ചർ പെയിന്റുകൾ നൽകിയിട്ടുണ്ട്. നാലു കിടപ്പുമുറികളുണ്ട്. മുകളിൽ മൂന്നും താഴെ ഒന്നും.

shalu-menon-home-interior

വീടിന്റെ ഇന്റീരിയർ ക്രമീകരണങ്ങൾ കൊണ്ടായിരിക്കാം എപ്പോഴും ഒരു പൊസിറ്റീവ് എനർജി വീടിനുള്ളിൽ അനുഭവവേദ്യമാകുന്നുണ്ട്. വീട് എല്ലാവരെയും പോലെ എനിക്കും അഭയകേന്ദ്രമാണ്. സന്തോഷവും സമാധാനവും നൽകുന്ന എന്റെ കൂട്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.