sections
MORE

ടിനി ടോമിന്റെ വീട്ടുവിശേഷങ്ങൾ

tini-tom-family
SHARE

തോട്ടിൽ കിടക്കുന്ന മീൻ കടൽ കാണുമ്പോൾ ഉണ്ടാകുന്ന ആവേശം പോലെ ആപേക്ഷികമാണ് വീടുകളുടെ കാര്യത്തിൽ മലയാളിയുടെ മനഃശാസ്ത്രം എന്ന് ടിനി ടോം ഹാസ്യാത്മകമായി പറയുന്നു. ടിനിയുടെ വീട്ടുവിശേഷങ്ങളിലേക്ക്...

ഓർമവീടുകൾ...

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്തുള്ള പുത്തൻവേലിക്കരയാണ് എന്റെ സ്ഥലം. പാലാട്ടി എന്നാണ് തറവാട്ടുപേര്. അപ്പൻ ടോമി പാലാട്ടി എച്ച് എം ടിയിൽ എൻജിനീയറായിരുന്നു. അമ്മ ആനി വീട്ടമ്മയും. എനിക്കൊരു സഹോദരി ടിൻസി. ഇതായിരുന്നു കുടുംബം. ജൂതന്മാരുടെ കയ്യിൽനിന്ന് പൂർവികന്മാർ വാങ്ങിയ പഴയൊരു നാലുകെട്ടായിരുന്നു തറവാട്. ഞങ്ങളുടേത് ഒരു കർഷകകുടുംബമായിരുന്നു. അപ്പന് സഹോദരങ്ങൾ ഏഴു പേരാണ്. അവധിക്കാലത്തെ മേളമൊന്നും പിന്നെ പറയേണ്ടല്ലോ. കൊച്ചിയിൽ കലാഭവന് പിറകിലായിരുന്നു അമ്മയുടെ വീട്. അങ്ങനെ ഗ്രാമത്തിലും നഗരത്തിലുമായി എന്റെ ബാല്യം കടന്നുപോയി.

tini-tom

കാലപ്പഴക്കം മൂലം ബലഹീനമായപ്പോൾ ഇളയപ്പൻ തറവാട് പുതുക്കിയെടുക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും രക്ഷയില്ലാതായതോടെ പൊളിച്ചു കളയേണ്ടി വന്നു. പിന്നെ അവിടെ പുതിയകാലരൂപഭാവങ്ങളുള്ള വീട് പണിതു. അപ്പൻ പതിനെട്ടാം വയസ്സിൽ ജോലിക്ക് കയറി. ക്വാർട്ടേഴ്സ് കിട്ടുമായിരുന്നെങ്കിലും അപ്പൻ ആലുവയിൽ ലോണെടുത്തു ഒരു വീട് പണിതു. പിന്നീട് തറവാട് ഭാഗം വച്ചപ്പോൾ കിട്ടിയ ഭൂമി വിറ്റാണ് ആ ലോൺ തിരിച്ചടച്ചത്.

പ്രളയവും വീടും...

സ്‌കൂൾ കാലം മുതൽ ഞാൻ മിമിക്രിയിൽ സജീവമായിരുന്നു. കോളജ് പഠനം കഴിഞ്ഞു മിമിക്രി ട്രൂപ്പുകളിൽ സജീവമായി. അത് വഴി സിനിമയിലേക്കെത്തി. സ്‌റ്റേജുകളിൽ നിന്നും സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് പന്ത്രണ്ടു കൊല്ലം മുൻപ് ഞാൻ ആലുവയിൽ സ്വന്തം വീട് വയ്ക്കുന്നത്.

2500 ചതുരശ്രയടിയുള്ള ഇരുനില വീടാണ്. അധികം ആഡംബരങ്ങൾ ഒന്നും ചെയ്തിട്ടില്ല. ആകെ ഞാൻ ഇഷ്ടപ്പെട്ടു ചെയ്തത് ഒരു ഹോംതിയറ്റർ മാത്രമാണ്. പക്ഷേ ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട് മുഴുവൻ വെള്ളവും ചെളിയുമടിഞ്ഞു നാശമായി. ഇപ്പോഴും ഭിത്തികളിലെ ഈർപ്പം മാറിയിട്ടില്ല. അതിനുശേഷമേ പ്ലാസ്റ്ററിങ് ചെയ്ത് പെയിന്റിങ് നടക്കുകയുള്ളൂ.

ഭാര്യ രൂപ, മകൻ ആദം ഒൻപതാം ക്‌ളാസിൽ പഠിക്കുന്നു. രണ്ടുപേരും അടുത്തിറങ്ങിയ ഡ്രാമ എന്ന സിനിമയിൽ എന്റെ കുടുംബമായി തന്നെ അഭിനയിച്ചിരുന്നു.

അമ്മയ്ക്കിഷ്ടം ഫ്ലാറ്റ്... 

സിനിമയിൽ സജീവമായ ശേഷം ലഭിച്ച സമ്പാദ്യം കൊണ്ട് അപ്പനും അമ്മയ്ക്കും താമസിക്കാനായി ഞാൻ കാക്കനാട് ഒരു വില്ല മേടിച്ചിരുന്നു. പക്ഷേ ആ സമയത്താണ് അപ്പന്റെ അകാലനിര്യാണം. അതോടെ അമ്മയ്ക്ക് ഒറ്റയ്ക്ക് താമസിക്കാൻ ബുദ്ധിമുട്ടായി. 

ആലുവയിലെ വീടിനടുത്തു തന്നെ ഞാൻ ചെറിയൊരു ഫ്ലാറ്റ് വാങ്ങിയിട്ടിരുന്നു. അമ്മ സ്വയം താൽപര്യമെടുത്ത് ആ ഫ്ലാറ്റിലേക്ക് മാറി. വീടും മുറ്റവും പരിചയിച്ച അമ്മയ്ക്ക് ഫ്ലാറ്റുമായി പൊരുത്തപ്പെടാനാകുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ എന്റെ വീട്ടിൽ താമസിക്കുന്നതിനേക്കാൾ അമ്മയ്ക്കിഷ്ടം ഫ്ലാറ്റ്  ജീവിതമാണ്. ഞാൻ ഷൂട്ടിന്റെ യാത്രകളിലാകുമ്പോൾ സംസാരിക്കാൻ നിരവധി സമപ്രായക്കാരുണ്ട് എന്നതും ഒരു കാരണമാകാം.

വില്ല ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. തലമുറകളായി സമ്പാദിച്ച ഒന്നും ഇതുവരെ നഷ്ടപ്പെടുത്തിയിട്ടില്ല. അപ്പൻ നിർമിച്ച ആലുവയിലെ വീടും ഞാൻ ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

അതിശയിച്ചു പോയ വീട്..

സിനിമാസുഹൃത്തുക്കൾക്കിടയിൽ വില്ലൻ വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട രാമുവിന്റെ വീട് (അതിശയൻ സിനിമയിലെ ബാലതാരം ദേവദാസിന്റെ അച്ഛൻ) എന്നെ അദ്ഭുതപ്പെടുത്തിയ ഒന്നാണ്. കുറച്ചു വർഷങ്ങൾക്കു മുൻപാണ് തൃശൂരുള്ള ആ വീട്ടിൽ പോകുന്നത്. വീടിന്റെ വലുപ്പം കണ്ടാണ് ആദ്യം ഞെട്ടിയത്. നാലോ അഞ്ചോ കാറുകൾ പാർക്ക് ചെയ്യാൻ വിശാലമായ പോർച്ച് മറ്റൊരു വീടിനു തുല്യം. ഒരു മുറിയിൽ തന്നെ നമ്മുടെ ഒരു ചെറിയ വീട്ടിലുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. ശരിക്കുള്ള ഞെട്ടൽ പിന്നീടായിരുന്നു... ഇത്രയും സൗകര്യങ്ങൾ ഉണ്ടെങ്കിലും അക്കാലത്തു രാമുവും കുടുംബവും കിടന്നിരുന്നത് ഒരു മുറിയിലാണത്രേ...

വലിയ വീട്ടിൽ നിന്നും ചെറിയ വീടുകളിലേക്ക്...

ചെറുപ്പം മുതൽ വലിയ തറവാടിന്റെ സുഖസൗകര്യങ്ങൾ അറിഞ്ഞുവളർന്നതുകൊണ്ട് അച്ഛനും ഞാനും നിർമിച്ചത് ചെറിയ വീടുകളാണ്. അതേസമയം കലാഭവൻ മണിയും സലിം കുമാറുമൊക്കെ കൂരയിൽ നിന്നും കഷ്ടപ്പാടിലൂടെ വളർന്നു വന്നവരാണ്. അവർ നിർമിച്ചത് വലിയ വീടുകളാണ്. അത് അവരെ സംബന്ധിച്ചിടത്തോളം കഷ്ടപ്പാടിന്റെ ഫലം അടയാളപ്പെടുത്തുന്ന ട്രോഫികളാകാം. ഇനി ഞങ്ങളുടെ മക്കൾ നിർമിക്കുന്നത് ഇതിലും ചെറിയ വീടുകളാകാം. ഓരോ തലമുറയും കാണുകയും അനുഭവിക്കുകയും ചെയ്യുന്നത് അനുസരിച്ചു ഭവന കാഴ്ചപ്പാടുകൾ മാറി വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA