Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇത് തിരികെ വിളിക്കുന്ന എന്റെ വീട്' : ജോസഫ് അന്നംകുട്ടി ജോസ്

joseph-annamkutty-jose-house

മോട്ടിവേഷനൽ സ്പീക്കറായും അഭിനേതാവായും സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുകയാണ് ജോസഫ്. ഇരുപത്തേഴു വയസ്സിൽ ഒരു വ്യക്തിക്ക് എന്ത് ജീവിതാനുഭവങ്ങൾ ഉണ്ടാകുമെന്നു ജോസഫിനോട് ചോദിച്ചാൽ ഉത്തരമായി ഒരു പുസ്തകം തിരികെ തരും. തന്റെ ആത്മകഥാപരമായ അനുഭവങ്ങൾ അടങ്ങിയ 'ബറീഡ് തോട്ട്സ്' എന്ന പുസ്തകം. ജീവിതത്തിൽ നേരിട്ടുകണ്ട, പറഞ്ഞുകേട്ട, അനുഭവിച്ച കാര്യങ്ങൾ കഥ പോലെ പറയുക മാത്രമാണ് താൻ ചെയ്യുന്നത് എന്ന് ജോസഫ് പറയുന്നു. അമ്മയുടെ പേരിനെ ഒപ്പംകൂട്ടി സ്വന്തം പേരിനെ ബാലൻസ് ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. ജോസഫിന്റെ വീട്ടുവിശേഷങ്ങളിലേക്ക്...

അങ്കമാലി കറുകുറ്റിയാണ് എന്റെ സ്വദേശം. അപ്പൻ ജോസ്, അമ്മ അന്നംകുട്ടി..ഇരുവരും അധ്യാപകരായിരുന്നു. കുട്ടിക്കാലത്തു കണ്ട കാഴ്ചകളും ഓർമകളുമാണ് എന്നെ രൂപപ്പെടുത്തിയത്. അതിൽ വീടിനു വലിയൊരു പങ്കുണ്ട്. ചെറുപ്പം മുതൽ എന്റെ അഭയകേന്ദ്രമായിരുന്നു വീട്. എത്ര തല്ലുകൊള്ളിത്തരം കാണിച്ചാലും മാപ്പു കിട്ടുന്ന ഇടം. അവിടെ സുരക്ഷിതത്വമുണ്ട്. സമാധാനമുണ്ട്. 

joseph-annamkutty അമ്മയോടൊപ്പം

ചെറിയ ഒരു ഒറ്റനില വീടായിരുന്നു. സ്ഥലപരിമിതികൾ മൂലം അച്ഛൻ വീട് പൊളിച്ചുപണിതു. ആ സമയത്താണ് ഞാൻ ജനിക്കുന്നത്. അമ്മ പറയാറുണ്ട് പുതിയ വീട്ടിലേക്കാണ് ഞാൻ ജനിച്ചു വീണതെന്ന്. സ്വീകരണമുറി, അടുക്കള, നാലു കിടപ്പുമുറികൾ എന്നിവയുണ്ട്. അതിനുശേഷം വലിയ പുതുക്കിപ്പണികൾ ഒന്നും വീട്ടിൽ നടന്നിട്ടില്ല. ഞങ്ങൾ മൂന്ന് ആൺമക്കളാണ്‌. ഞാൻ ഏറ്റവും ഇളയതും. മൂന്നു പേരും കൂടിയാൽ വീട് തിരിച്ചു വയ്ക്കും. 

ബാല്യത്തിലെ വീട് ഓർമകളിൽ നിറഞ്ഞുനിൽക്കുന്നത് വീടിനു സമീപമുള്ള ചായ്പ്പും അവിടെ ട്യൂഷനു വന്നിരുന്ന വിദ്യാർഥികളും അവരുടെ നിരനിരയായി വച്ചിരുന്ന സൈക്കിളുകളുമാണ്. വൈകുന്നേരം അവരുടെ കലപില കൊണ്ട് വീട് നിറയും. ആ പഴയ ചായ്പ്പ് ഇപ്പോഴും വീട്ടിൽ നിലനിർത്തിയിട്ടുണ്ട്. ചെറിയ തോതിൽ കൃഷിയുമുണ്ടായിരുന്നു. മുൻവശത്ത് വാഴത്തോട്ടവും പിന്നിൽ റബർ തോട്ടവുമൊക്കെയുണ്ട്. 

വീടിനകത്തേക്കു കയറുമ്പോൾ ആദ്യം കാഴ്ച പതിയുന്നത് മിക്ക മലയാളിവീടുകളിലും ഉള്ളപോലെ ഒരു ഷോകെയ്സിലേക്കാണ്. ഞങ്ങൾക്ക് സ്‌കൂൾ കാലം മുതൽ കിട്ടിയ ട്രോഫികളും മറ്റും ഇവിടെ വിശ്രമജീവിതം നയിക്കുന്നു. പണ്ടുമുതലേ വായിക്കുമായിരുന്നു. പത്തുനൂറ്റമ്പതു പുസ്തകങ്ങളുണ്ട് വീട്ടിൽ. അതെല്ലാം ഇപ്പോൾ വാരിവലിച്ചിട്ടിരിക്കുകയാണ്.  ആ ഷോകെയ്‌സ് പൊളിച്ച് ഒരു ലൈബ്രറി ആക്കി മാറ്റാനുള്ള പദ്ധതിയിലാണ് ഇപ്പോൾ ഞാൻ.

ഡിഗ്രി ബെംഗളൂരുവിലാണ് ചെയ്തത്. അവിടെ ചേട്ടനൊപ്പം ഫ്ലാറ്റിലായിരുന്നു താമസം. ഇളയ സന്തതി ആയതുകൊണ്ട് അത്യാവശ്യം ഹോംസിക്നസ് ഉണ്ട്. ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു എങ്കിലും പിന്നീട് അഡ്ജസ്റ്റായി. എംബിഎ കൊച്ചിയിൽ ചെയ്തു. അതിനുശേഷം ജോലി കിട്ടി പോയത് ചൈനയിലേക്കാണ്. അവിടെ മണ്ണിൽതൊടാതെയുള്ള ആകാശജീവിതമായിരുന്നു. നൊസ്റ്റാൽജിയ മൂക്കുമ്പോൾ ഞാൻ വീടിന്റെയും പറമ്പിന്റെയും ചിത്രങ്ങൾ സഹപ്രവർത്തകരെ കാണിക്കും. ഇത്തിരിവട്ടത്തിലുള്ള ജീവിതം ശീലിച്ച അവർ അതു കാണുമ്പോൾ ഞാനേതോ കോടീശ്വരനാണെന്നു മട്ടിൽ എന്നെ മിഴിച്ചു നോക്കും. തിരികെ വരുന്നതുവരെ ഞാൻ അവരുടെ മുൻപിൽ വേദനിക്കുന്ന കോടീശ്വരൻ ആയിരുന്നു.

joseph-house

മൂത്ത സഹോദരൻ ആദർശ് ഇപ്പോൾ കുടുംബമായി ദുബായിലാണ്. രണ്ടാമത്തെ ആൾ അരുൺ മെൽബണിലും. ആദർശ് കാലടിയിൽ ഒരു വീട് നിർമിച്ചു. അരുൺ മെൽബണിൽ ഒരു വീട് വാങ്ങിച്ചു. ഞാൻ തറവാട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നു.

വീടുമായി ആദൃശ്യമായ പൊക്കിൾകൊടി ബന്ധം എല്ലാ മലയാളികൾക്കുമുണ്ട് എന്നെനിക്കു തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് ലോകത്ത് എവിടെ പോയാലും മലയാളി തന്റെ വീടിനെ കുറിച്ച് വാചാലനാകുന്നതും തിരികെയെത്താൻ കൊതിക്കുന്നതും. ഓർമകളെ അതേപോലെ സൂക്ഷിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് ഭാവിയിൽ പുതിയ വീടുപണിതാലും തറവാട് അതേപടി നിലനിർത്താനാണ് എനിക്ക് താൽപര്യം. കാശുകൊണ്ട് അല്ലെങ്കിലും ഓർമകൾ തൂക്കിനോക്കിയാൽ ഞാനൊരു കോടീശ്വരൻ തന്നെയാണ്.