sections
MORE

'സിനിമ മാത്രമല്ല, വീട്ടുജോലിയും ഒറ്റയ്ക്ക് ചെയ്യും': സന്തോഷ് പണ്ഡിറ്റ്

HIGHLIGHTS
  • സർക്കാർ ജോലി കിട്ടിയെങ്കിലും മനസ്സിൽ പണ്ടുമുതൽ സിനിമയായിരുന്നു.
  • വീട് നന്നായി പരിപാലിക്കാൻ താൽപര്യമുള്ള ആളാണ് ഞാൻ.
santhosh-pandit
SHARE

തിരക്കഥ മുതൽ സംവിധാനം വരെ തനിയെ ചെയ്തു ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ചെയ്ത സിനിമകളുടെ നിലവാരത്തിൽ മലയാളികൾക്കിടയിൽ രണ്ടഭിപ്രായമുണ്ടെങ്കിലും, കുറഞ്ഞ ചെലവിൽ സിനിമകൾ ചെയ്യാനും, സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗിച്ച് വിപണനം ചെയ്തു വിജയം നേടാനുമുള്ള സന്തോഷ് പണ്ഡിറ്റ് മാതൃക ഗൗരവമായി ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ സന്തോഷ് പണ്ഡിറ്റ്. ഒപ്പം സാമൂഹിക പ്രശ്നങ്ങളിൽ നിശബ്ദ സാന്നിധ്യമായി ഇടപെടുന്നുമുണ്ട്. സന്തോഷ് പണ്ഡിറ്റ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

രണ്ടുനിലയിൽ നിന്നു ഒറ്റനിലയിലേക്ക്...

santhosh-pandit2

കോഴിക്കോട് നരിക്കുനിയാണ് എന്റെ സ്വദേശം. അച്ഛൻ അപ്പുണ്ണി പി ഡബ്ള്യു ഡി ഉദ്യോഗസ്ഥനായിരുന്നു. അമ്മ സരോജനിയമ്മ വീട്ടമ്മയും. എനിക്കൊരു സഹോദരി. ഇതായിരുന്നു കുടുംബം. സാമ്പത്തികമായി തരക്കേടില്ലാത്ത ഒരു ഇടത്തരം കുടുംബമായിരുന്നു. എന്റെ ചെറുപ്പത്തിൽ അച്ഛൻ തറവാട് പുതുക്കിപ്പണിതു രണ്ടുനില വീടാക്കി മാറ്റിയിരുന്നു. അന്നത്തെക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ ഇരുനില വീടുകൾ അധികമില്ലായിരുന്നു എന്നുകൂടി ഓർക്കണം!

കാലം കടന്നുപോയി. അച്ഛനും അമ്മയും പോയി. അച്ഛന്റെ മരണശേഷം ആ ജോലി എനിക്ക് കിട്ടി. സഹോദരി വിവാഹശേഷം മറ്റൊരിടത്ത് സെറ്റിൽഡ് ആയി. ഞാൻ വിവാഹം കഴിച്ചു. മകനുണ്ടായി. പിന്നീട് വിവാഹബന്ധം വേർപ്പെടുത്തി. തറവാട്ടിൽ വല്ലാത്തൊരു ശൂന്യതയായി. പ്രിയപ്പെട്ടവർ ഇല്ലാത്ത വീട് വെറും കെട്ടിടം മാത്രമാണ്. അങ്ങനെ ആ വീട് വിറ്റു. ബഹളങ്ങളിൽ നിന്നെല്ലാം ഓടിയൊളിച്ച് കുറച്ചുകാലം സ്വസ്ഥമായി ജീവിക്കണം എന്നുതോന്നി. അങ്ങനെയാണ് നരിക്കുനിയിൽ തന്നെ ഞാൻ ഒരു കൊച്ചു ഒരുനില വീട് പണിയുന്നത്. 

ചെറിയൊരു കുന്നിന്മുകളിലാണ്‌ വീട്. അങ്ങനെ രണ്ടുനിലയിൽ ശ്വാസം മുട്ടി ജീവിച്ച ഞാൻ ഒരുനിലയുടെ ശാന്തതയിലേക്ക് ഇറങ്ങിച്ചെന്നു. ഒരു ഹാൾ, രണ്ടു മുറികൾ, അടുക്കള..ഇത്രയുമേ ഉള്ളൂ...പക്ഷേ ഇപ്പോൾ അധികവും യാത്രകളാണ്. വീട്ടിൽ ഇരിക്കാൻ അധികം സമയം കിട്ടാറില്ല.

വീട്ടിലെ എല്ലാപ്പണിയും ഒറ്റയ്ക്ക്!

വീട് നന്നായി പരിപാലിക്കാൻ താൽപര്യമുള്ള ആളാണ് ഞാൻ. വീട് വൃത്തിയാക്കൽ, അടുക്കളപ്പണി, കൃഷിപ്പണി, അത്യാവശ്യം റിപ്പയറിങ് എന്നിവയെല്ലാം ചെയ്യും. വീട്ടിലെ അല്ലറചില്ലറ നിർമാണജോലികളും ഞാൻ തന്നെയാണ് ചെയ്യുന്നത്. അടുത്തിടെ കരിങ്കല്ല് കൊണ്ട് ചെറിയൊരു മതിൽ കെട്ടിയതും തനിച്ചാണ്.

പണ്ഡിതനല്ല..പക്ഷേ...

santhossh-pandit3

സർക്കാർ ജോലി കിട്ടിയെങ്കിലും മനസ്സിൽ പണ്ടുമുതൽ സിനിമയായിരുന്നു. പലരെയും സമീപിച്ചുവെങ്കിലും പരിഹാസമായിരുന്നു മറുപടി. അങ്ങനെയാണ് സ്വന്തമായി എന്തെങ്കിലും ചെയ്തു കാണിക്കണമെന്ന് വാശിയുണ്ടാകുന്നത്. 'കൃഷ്ണനും രാധയും' യുട്യൂബിൽ ട്രെൻഡിങ് ആയതോടെയാണ് സന്തോഷ് പണ്ഡിറ്റ് അറിയപ്പെടാൻ തുടങ്ങിയത്. 

പണി പൂർത്തിയായ വീടിന്റെ നമ്പർ കൊടുക്കുക മുതൽ റോഡ്, കലുങ്ക് എന്നിവയുടെയെല്ലാം പേപ്പർ വർക്കുകൾ എന്റെ ഉത്തരവാദിത്തമായിരുന്നു. അതുകൊണ്ട് വീടുണ്ടാക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ നന്നായി അറിയാം. ജോലി രാജി വയ്ക്കാൻ തീരുമാനിച്ചപ്പോൾ പലരും എതിർത്തു. ലോങ്ങ് ലീവ് എടുക്കാൻ പറഞ്ഞു. പക്ഷേ മറ്റൊരാളുടെ അവസരം നമ്മളായിട്ട് നഷ്ടമാക്കരുത് എന്നു തോന്നിയപ്പോൾ രാജി വച്ചു. ഇപ്പോൾ സിനിമയും സ്വൽപം സാമൂഹികപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. സിനിമയിൽ എല്ലാ റോളുകളും ഒറ്റയ്ക്ക് കൈകാര്യം ചെയ്തു തുടങ്ങിയപ്പോഴാണ് മറ്റു ജോലികൾ ചെയ്യുന്നവരുടെ പ്രാധാന്യം മനസ്സിലായത്.

യാത്ര തന്ന വീട് അനുഭവങ്ങൾ...

ഗജ ചുഴലിക്കാറ്റ് തകർത്ത തമിഴ്‌നാടൻ ഗ്രാമങ്ങളിൽ പോയിരുന്നു. എല്ലായിടത്തും തകർന്ന കുടിലുകൾ, സ്‌കൂളുകൾ... ഒരു സ്ത്രീ എന്നോട് ചോദിച്ചത് 'വീട് മേയാൻ ഓല ലഭ്യമാക്കി തരാമോ' എന്നാണ്..അവരുടെ സ്വപ്നങ്ങൾ പരിമിതമാണ്. നമ്മളെപ്പോലെ രണ്ടുനില ആഡംബര വീട് നിർമിക്കണം എന്നൊന്നും അവരുടെ വിദൂര സ്വപ്നങ്ങളിൽ പോലുമില്ല. മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഒരു ചായ്പ്പ് കിട്ടിയാൽ അവർ തൃപ്തരാണ്. അത് എനിക്ക് ഒരു തിരിച്ചറിവായിരുന്നു. ഇപ്പോൾ ആലപ്പാട് പ്രശ്നബാധിതമായ ഗ്രാമത്തിൽ പോയിരുന്നു. അവിടെയും മറ്റൊരർഥത്തിൽ സമാനമായ സ്ഥിതിയാണ് കാണാൻ കഴിഞ്ഞത്.

സ്വപ്നവീട്...

പൊതുവെ നഗരജീവിതത്തോട് താൽപര്യമില്ല. പക്ഷേ സിനിമകളുടെ ജോലികൾ കൂടുതലും കൊച്ചിയിലും തിരുവനന്തപുരത്തുമാണ്. അതുകൊണ്ട് ഭാവിയിൽ ഇവിടെ എവിടെയെങ്കിലും ഒരു ഫ്ലാറ്റ് എടുത്താൽ കൊള്ളാമെന്നുണ്ട്. അങ്ങനെ വലിയ ആഡംബരത്തോടൊന്നും താൽപര്യമില്ല. ജീവിതം ഭയങ്കരമായി പ്ലാൻ ചെയ്തു പോകുന്ന ആളൊന്നുമല്ല ഞാൻ.. വരുന്നതുപോലെ വരട്ടെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA