sections
MORE

'മലയാളി അറിയുന്നുണ്ടോ ഈ മാറ്റങ്ങൾ?'...മുരളി തുമ്മാരുകുടി എഴുതുന്നു

murali-thumarukudi-memories
SHARE

വീടോർമകളെ കുറിച്ചും ഭാവിയുടെ വീടുകളെക്കുറിച്ചും മുരളി തുമ്മാരുകുടി എഴുതുന്നു...

ലോകമേ തറവാട്...

നൂറിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. മുപ്പതോളം രാജ്യങ്ങളിൽ സുഹൃത്തുക്കളുടെയോ സഹപ്രവർത്തകരുടെയോ വീടുകളിൽ പോയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വീടായ ബ്രൂണെയിലെ സുൽത്താന്റെ കൊട്ടാരത്തിൽ പോയിട്ടുണ്ട്. നേപ്പാളിലെ പ്രസിഡന്റിന്റെ മകൻ എന്റെ സഹപാഠിയായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽ അന്തിയുറങ്ങിയിട്ടുണ്ട്. ആഫ്രിക്കയിലെ ഗോത്രത്തലവന്മാരുടെ വീട് മുതൽ സൗത്ത് അമേരിക്കയിലെ ബിഷപ്പുമാരുടെ വീടുകളിൽ വരെ താമസിച്ചിട്ടുണ്ട്. സൗത്ത് സുഡാനിലെ പുല്ലു കൊണ്ടുണ്ടാക്കിയ ടുക്കൂൾ എന്ന കുടിലുമുതൽ മസായിമരയിലെ ടെന്റിൽ വരെ കിടന്നുറങ്ങിയിട്ടുണ്ട്. വീടുകളെല്ലാം ഭൂകമ്പത്തിൽ നശിച്ച ഹെയ്‌ത്തിയിൽ ഒരു ജീപ്പിൽ മൂന്നു പേരോടൊപ്പം ഒരാഴ്ച കഴിഞ്ഞിട്ടുണ്ട്. ലോകത്തെവിടെയും ഏതു ദുരന്തത്തിന്റെ നടുവിലും ഒരു സ്ലീപ്പിങ് ബാഗ് ഉണ്ടെങ്കിൽ അന്നും ഇന്നും എനിക്ക് ഉറക്കം വരും. അമ്മയുടെ സ്വഭാവമാണ്, അനുഗ്രഹവും. 

വീടിന്റെ വലുപ്പമോ വിലയോ ഗുണമോ പുറത്തേക്കുള്ള കാഴ്ചയോ ബെഡിന്റെ കനമോ എസിയുടെ സുഖശീതളിമയോ ഒന്നുമല്ല, ആതിഥേയന്റെ സ്നേഹമാണ് ഒരു വീടിനെ വാസയോഗ്യമാക്കുന്നത്. കൂടുതൽ വൃത്തിയും, she / he എന്നെഴുതിയ ടവ്വലുകളുമുള്ള വീടുകൾ എനിക്കൊട്ടും ഇഷ്ടമല്ല. വീട് എന്നാൽ ആളും ആഹ്ലാദവും നിറഞ്ഞ, പൊതുവെ കാര്യങ്ങൾ നടക്കുന്നതും എന്നാൽ മ്യൂസിയം പോലെ കണിശമല്ലാത്തതുമായ ഒരു സ്ഥലം (functioning anarchy) ആയിരിക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്.

കടലിലേക്കുള്ള കാഴ്ച...

വില്ല എന്ന വാക്ക് ആദ്യം കേൾക്കുന്നത് മസ്കറ്റിൽ ജോലി ചെയ്യുമ്പോഴാണ്. അറേബ്യൻ കടലിലേക്ക് നോട്ടമെത്തുന്ന വിധം മനോഹരമായ ഒരു വീടായിരുന്നു കമ്പനി എനിക്ക് മസ്കറ്റിൽ നൽകിയത്. മൂന്നു ബെഡ്‌റൂമും, രണ്ട് കാർ പാർക്കിങ്ങും, ഗാർഡനും, ജോലിക്കാർക്ക് താമസസൗകര്യവുമുള്ള ഒരു വലിയ വില്ല. മസ്‌ക്കറ്റ് ധാരാളം മലയാളികളുള്ള സ്ഥലമാണ്. ഓരോ ആഴ്ചയുടെയും അവസാനത്തിൽ വീട് നിറയെ ആളുകൾ വരും. വെങ്ങോലയിൽ നിന്നും കുടുംബക്കാരും നാട്ടിൽ നിന്ന് കൂട്ടുകാരുമൊക്കെ മസ്‌ക്കറ്റിൽ വന്നിട്ടുണ്ട്. ഞാൻ താമസിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുതും മനോഹരവുമായ വീടായിരുന്നു അത്.

നാട്ടിലെ വീട്... 

murali-perumbavoor-house-view

പെരുമ്പാവൂരിലാണ് ഞാൻ വീടുവെച്ചിരിക്കുന്നത്. നഗരപരിധിയിലാണെങ്കിലും തുമ്മാരുകുടി പോലെതന്നെ പാടത്തിന്റെ കരയിലാണ് വീട്. രണ്ട് ബെഡ്‌റൂമുകളുള്ള ചെറിയ ഒറ്റനില വീടാണ്. ഒറ്റയ്ക്കു വീട്ടിൽ താമസിക്കാൻ ഇഷ്ടമല്ല. നാട്ടിലെത്തിയാൽ എപ്പോഴും ആരെങ്കിലും സുഹൃത്തുക്കൾ കാണും. രാത്രിയായാൽ സിറ്റിങ്റൂമിൽ പായവിരിച്ച് എല്ലാവരോടും ഒപ്പം കിടക്കും, അതാണ് രീതി. അതാണ് ഇഷ്ടവും. ഒറ്റക്കാണ് കിടക്കുന്നതെങ്കിൽ വാതിൽ തുറന്നിട്ടേ കിടക്കൂ, ചീവീടുകളുടെ ഒച്ചയും മിന്നാമിനുങ്ങിന്റെ വെട്ടവും ഒക്കെ ഇന്നും പെരുമ്പാവൂരുണ്ട്.

ഞാൻ കൂടുതൽ സമയവും യാത്രയിലാണ്. ഏറ്റവും സൗകര്യമുള്ള ഹോട്ടലുകളിൽ താമസിക്കാൻ സൗകര്യവും ഉണ്ട്. പക്ഷേ ഏത് നഗരത്തിൽ ചെന്നാലും ബന്ധുക്കളോ കൂട്ടുകാരോ ഉണ്ടെങ്കിൽ അവരുടെ വീട്ടിൽ സോഫയിലോ, നിലത്തോ, പായയിലോ ഒക്കെ കിടക്കുന്നതാണ് എനിക്കിഷ്ടം. അതിനാൽ ലോകത്ത് ഏതു നഗരത്തിലും ഇന്ന് എനിക്ക് ഒരു വീടുണ്ട്. അതാണെന്റെ ഭാഗ്യവും.

മലയാളിയുടെ വീടുകൾ... 

പൊതുവെ നമ്മുടെ ആവശ്യത്തിനോ കഴിവിനോ അനുസരിച്ചല്ല, മറ്റുള്ളവരെ കാണിക്കാനാണ് മലയാളികൾ വീടുവെക്കുന്നത്. സാമ്പത്തികസ്ഥിതി ഉയർന്നതാണെങ്കിലും താഴ്ന്നതാണെങ്കിലും ഇതുതന്നെ അവസ്ഥ. ഒരു വീടുവച്ചുകഴിയുമ്പോഴേക്കും നടുവൊടിയും. സത്യത്തിൽ ഇതിന്റെ ആവശ്യമുണ്ടോ? ഗസ്റ്റ് റൂമുകൾ എന്ന സങ്കൽപം തന്നെ മാറണം. എത്ര അപൂർവ്വമായിട്ടാണ് നമുക്ക് ഇക്കാലത്ത് അതിഥികൾ ഉണ്ടാകുന്നത്. അവർക്ക് വേണ്ടി ഒരു ദിവസം കുട്ടികൾ നമ്മുടെ മുറിയിൽ കിടക്കുന്നത് ഒരു സന്തോഷമായി കാണാൻ. മക്കൾ വലുതായി വീട് വിട്ടു പോകുന്നതോടെ അവരുടേതും ഗസ്റ്റ് റൂമുകൾ ആകുമല്ലോ. വലിയ വീടുണ്ടാക്കുന്നതിനു പകരം ആവശ്യത്തിനുള്ള ചെറിയ വീടുണ്ടാക്കി ബാക്കി പണം യാത്രകൾക്ക് ഉപയോഗിക്കൂ. 

മലയാളികൾ വീടുണ്ടാക്കുന്നത് എല്ലാക്കാലത്തേക്കുമാണ്. അടിത്തറ മുതൽ ഭിത്തി വരെ കരിങ്കല്ല് കൊണ്ടും ഇഷ്ടിക കൊണ്ടും ബലത്തിൽ ഉണ്ടാക്കുന്നതിന്റെ കാരണമിതാണ്. പരിസ്ഥിതിനാശവും വലിയ ഹരിതവാതക നിർഗ്ഗമനവും ഇതുകൊണ്ട് ഉണ്ടാകുന്നു. എന്നാൽ നാം ഉണ്ടാക്കുന്ന ഈ വീടുകൾക്കൊന്നും ഒരു നൂറ്റാണ്ട് പോലും ആയുസില്ല. കേരളത്തിൽ ഇന്നുള്ള അറുപത് ലക്ഷം വീടുകളിൽ ഒരു ശതമാനം പോലും നൂറു വർഷം പഴയതല്ല. അപ്പാർട്ട്മെന്റുകൾ പോലെ നാം ഉണ്ടാക്കുന്ന 99 ശതമാനം വീടുകളും അടുത്ത നൂറുവർഷം നിലനിൽക്കാൻ പോകുന്നുമില്ല. അപ്പോൾ കട്ടിയിലും ബലത്തിലും വീട് വെക്കുന്നതിനു പകരം, നമുക്ക് എളുപ്പത്തിലും വില കുറഞ്ഞും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഏറ്റവും കൂടുതൽ പ്രായോഗിക സൗകര്യങ്ങളുള്ള വീടുണ്ടാക്കുക എന്നതാണ് ശരിയായ രീതി.

നാളത്തെ വീടുകൾ...

prefabricated_homes

ലോകത്തെല്ലായിടത്തും പൊതുവെ വീടുകളുടെ വലിപ്പം കുറയുകയാണ്. ഊർജ്ജക്ഷമതയുള്ള വീടുകളാണ് പ്രധാന മാറ്റം. ഒരു പ്രദേശത്ത് ലഭ്യമായ വസ്തുക്കൾ പരമാവധി ഉപയോഗിക്കുന്ന - കാർബൺ ഫുട് പ്രിന്റ് കുറഞ്ഞ വീടുകൾ മറ്റൊരു മാറ്റമാണ്. വീടുകൾ സ്വയം ചിന്തിച്ചു തുടങ്ങുന്ന - വെള്ളം, വെളിച്ചം, വൈദ്യുതി സുരക്ഷ എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങൾ സ്വയം എടുക്കുന്ന വീടുകൾ ഇപ്പോഴേ ഉണ്ട്. അത് കൂടിവരും ഭാവിയിൽ.

സ്വന്തമായി ഒരു വീടുണ്ടാക്കുക എന്നത് ശരാശരി കുട്ടികൾക്ക് സാധിക്കാത്ത ഒരുകാലം വരും. സ്ത്രീകൾ കൂടുതൽ ഇഷ്ടപ്പെടുന്ന അപ്പാർട്ട്മെന്റുകൾ സർവ്വസാധാരണമാകും. ജീവിതകാലം മുഴുവൻ വാടകയ്ക്കു ജീവിക്കുന്നതും അപൂർവമല്ലാതാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA