sections
MORE

മണ്ഡോദരിയുടെ വീട്ടുവിശേഷങ്ങൾ

HIGHLIGHTS
  • മറിമായം സീരിയലിലെ മണ്ഡോദരിയാണ് എന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്.
  • ഞാൻ മഹാരാജാസിൽ ഡിഗ്രി അവസാനവർഷം പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം.
sneha-house
SHARE

കൊച്ചി നഗരത്തോട് ചേർന്ന് കിടക്കുന്ന കുമ്പളത്താണ് എന്റെ വീട്. അച്ഛൻ ശ്രീകുമാർ ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഗിരിജാദേവി സ്‌കൂൾ പ്രഥമാധ്യാപികയായി വിരമിച്ചു. എനിക്കൊരു ചേച്ചിയുണ്ട്- സൗമ്യ. ഇപ്പോൾ കുടുംബമായി കുമ്പളത്തു തന്നെ താമസിക്കുന്നു. മറിമായം സീരിയലിലെ മണ്ഡോദരിയാണ് എന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. പുറത്തു വച്ചു കാണുമ്പോഴെല്ലാം ആളുകൾ അടുത്തു വന്നു വിശേഷങ്ങൾ തിരക്കും, അവർക്കെല്ലാം ഞാൻ മണ്ഡുവും മണ്ഡോദരിയുമാണ്...ഇപ്പോൾ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഓർമയിലെ വീട്... 

അച്ഛന്റെ സ്ഥലം പാലായായിരുന്നു. അവിടെനിന്നും കുമ്പളത്തെത്തി താമസമാക്കുകയായിരുന്നു. ദേശീയപാതയ്ക്ക് സമീപം എന്നാൽ തികച്ചും ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു ചെറിയ വീട്. സമീപം അമ്പലവും പള്ളിയും പച്ചപ്പും. അച്ഛന് കൃഷി ജീവനായിരുന്നു. ഞങ്ങളുടെ പറമ്പിൽ മിക്ക പച്ചക്കറികളും അച്ഛൻ കൃഷി ചെയ്യുമായിരുന്നു. തക്കാളിയാണ് അതിൽ എടുത്തുപറയേണ്ടത്. തക്കാളി പാകമാകുമ്പോൾ കഴിക്കാനായി തത്തകൾ കൂട്ടമായി എത്തും. അതിനെ ഓടിക്കേണ്ടത് ഞങ്ങളുടെ ചുമതലയായിരുന്നു. പിന്നെ പറമ്പിൽ വലിയൊരു കുളമുണ്ടായിരുന്നു. അതിൽ നീന്തിക്കളിക്കുന്നത് ഞങ്ങളുടെ മറ്റൊരു വിനോദമായിരുന്നു.

അച്ഛനില്ലാത്ത വീട്...

old-family-photo
പഴയൊരു കുടുംബചിത്രം

ഞാൻ മഹാരാജാസിൽ ഡിഗ്രി അവസാനവർഷം പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. അത് ജീവിതത്തിൽ വലിയൊരു ശൂന്യതയുണ്ടാക്കി. അച്ഛൻ ഇല്ലാത്ത വീടുമായി ആദ്യമൊന്നും പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. കുറച്ചു നാളുകൾക്ക് ശേഷം ഞങ്ങൾ ആ വീട് വിറ്റു, കുമ്പളത്തുതന്നെ ഒരു വാടകവീട്ടിലേക്ക് മാറി. നാട്ടിൽനിന്നു മാറി നിൽക്കണം എന്ന തോന്നലിലാണ് ഡിഗ്രി കഴിഞ്ഞു കാലടി സർവകലാശാലയിൽ നാടകം പഠിക്കാൻ ചേരുന്നത്. അത് പിന്നീട് കലാജീവിതത്തിൽ വഴിത്തിരിവായി.

മറിമായം വീട്...

marimayam-house

മറിമായം സീരിയലിന്റെ ആദ്യ എപ്പിസോഡ് ചിത്രീകരിച്ചത് എന്റെ വീട്ടിലായിരുന്നു. പിന്നീട് പല വീടുകൾ വന്നുപോയി. അരൂർ മനോരമ ഓഫിസിനടുത്താണ് ഇപ്പോൾ സീരിയലിൽ സ്ഥിരം കാണുന്ന വീടുള്ളത്. വലിയ മുറ്റവും ധാരാളം ചെടികളും മരങ്ങളും നീളൻ ഇടനാഴികളുമുള്ള ഒരുനില വീട്.. ഒരു അമ്മച്ചി മാത്രമാണ് അവിടെയുള്ളത്. അതുകൊണ്ട് ഞങ്ങൾക്ക് ഫുൾ സ്വാതന്ത്ര്യമാണ് വീട്ടിൽ. ഞങ്ങൾ ഇപ്പോൾ 'അമ്മച്ചി ഫിലിം സിറ്റി' എന്നാണ് വീടിനെ തമാശയ്ക്ക് വിളിക്കുന്നത്.

marimayam-team

വീടുപണി കഴിഞ്ഞു... പക്ഷേ..

ഞാൻ പട്ടണക്കാട് കുറച്ച് സ്ഥലം വാങ്ങിയിരുന്നു. കഴിഞ്ഞ ഒന്നുരണ്ടു വർഷമായി വീടുപണിയുടെ തിരക്കിലുമായിരുന്നു. ഇപ്പോൾ പണി ഏതാണ്ട് കഴിഞ്ഞു. അത്യാവശ്യം സൗകര്യങ്ങൾ മാത്രമുള്ള ഇരുനില വീട്. പക്ഷേ ഞാൻ ജനിച്ചു വളർന്ന സ്ഥലം എന്ന വൈകാരികമായ ഒരു അടുപ്പം ഉള്ളതുകൊണ്ടാകാം കുമ്പളവും ഈ വാടകവീടും വിട്ടുപോകാൻതോന്നുന്നില്ല. അമ്മയ്ക്കും അങ്ങനെതന്നെ...ഏതായാലും രണ്ടുമൂന്നു മാസങ്ങൾക്കുള്ളിൽ പുതിയ വീടിന്റെ ഗൃഹപ്രവേശം നടത്തണമെന്ന് വിചാരിക്കുന്നു. എനിക്ക് ചെടികൾ വളരെ ഇഷ്ടമാണ്. വീട്ടിൽ നല്ലൊരു പൂന്തോട്ടം ഉണ്ടാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA