sections
MORE

ഇത് താരങ്ങൾ മണ്ണിലിറങ്ങുന്ന സിനിമാവീട്!

HIGHLIGHTS
  • സംവിധായകൻ വി.എം.വിനു തന്റെ വീടോർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു...
director-vm-vinu-family
വി.എം.വിനുവും കുടുംബവും ‘വരപത്മം’ വീടിനു മുൻപിൽ.
SHARE

ഹിറ്റ് കുടുംബ ചിത്രങ്ങളുടെ കപ്പിത്താൻ സ്വന്തം വീടൊരുക്കിയപ്പോൾ കണ്ട സ്വപ്നങ്ങൾ എന്തെല്ലാമായിരിക്കും ? ആ വീടിനെക്കുറിച്ച് അദ്ദേഹത്തിന് എന്തെല്ലാം പറയാനുണ്ടാകും ? താരങ്ങളെ മണ്ണിലിറക്കി വീടിനോടും കുടുംബത്തോടും ചേർത്തുനിർത്തി മലയാളിക്ക് ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ വി.എം.വിനു തന്റെ വീടോർമകളും വീടിനെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവയ്ക്കുന്നു... 

vm-vinu


അച്ഛൻ വിനയൻ കോഴിക്കോട് ആകാശവാണിയിൽ ജോലി ചെയ്തിരുന്നപ്പോൾ ആദ്യം താമസം വെസ്റ്റ്ഹിൽ ചുങ്കത്തെ വാടക വീട്ടിലായിരുന്നു. ഞങ്ങൾ‌ 5 മക്കളും അച്ഛനും അമ്മയും ചേർന്നുള്ള കൂട്ടുകുടുംബം. ഒന്നിനോടൊന്നു ചേർന്നുള്ള വീടുകൾ. അക്കാലത്ത് 2 കാര്യങ്ങൾക്കു ബുദ്ധിമുട്ടില്ലായിരുന്നു. ഒന്ന് കൂട്ടുകാർ, മറ്റൊന്നു വ്യത്യസ്ത ഭക്ഷണങ്ങൾ. അടുത്ത വീടുകളിലെ ഭക്ഷണം വീട്ടിലെത്തും; വീട്ടിലുണ്ടാക്കുന്നത് അവിടേക്കും. അടുത്ത വീട്ടിലെ അടുക്കളയിൽനിന്നുള്ള രുചിഗന്ധം എന്തായാലും നമ്മളെ വന്നുവിളിക്കും. നമ്മൾ വിളിയും കേൾക്കും. അത്തരം ജീവിതത്തിന്റെ കൂട്ടായ്മ പലപ്പോഴും രസകരമാണ്. ചുങ്കത്തെ വീട്ടിൽനിന്നു നേരെ വരുന്നത് എരഞ്ഞിപ്പാലത്തേക്കാണ്. കുടുംബത്തിനു സ്വന്തമായി ഒരു വീടൊരുക്കിയത് അവിടെയാണ്. ഞങ്ങൾ‌ മക്കളൊക്കെ വലുതായി, ഞങ്ങൾക്കും കുടുംബമായപ്പോൾ അവിടെ സ്ഥലം തികയാതെവന്നു. ‘ബാലേട്ടൻ‌’ സിനിമ ചെയ്യുന്ന സമയത്ത് ആ വീട്ടിലാണ് താമസം. സിനിമാ ചർച്ചകൾക്കും മറ്റും അവിടേക്ക് ആളുകളെത്തുന്നതു മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്നു തോന്നി. സ്വന്തമായി ഒരു വീടിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നതും ആ സമയത്താണ്. 

അങ്ങനെ അവിടെനിന്നു മാറുന്നതു ചുള്ളിയോട് റോഡിലെ ഫ്ലാറ്റിലേക്കാണ്. സംവിധായകൻ രഞ്ജിത്തിന്റെ ആ ഫ്ലാറ്റിൽ വാടകയൊന്നുമില്ലാതെ കുറച്ചുനാൾ താമസിച്ചു. പിന്നെ, അതിനു സമീപത്തെ ഒരു ഫ്ലാറ്റ് വാങ്ങി. ആളുകളുടെയും ബഹളത്തിന്റെയും ഇടയിൽ ജീവിച്ചതുകൊണ്ടാകും ഫ്ലാറ്റിലെ ‘ആകാശജീവിത’ത്തോട് അത്രയ്ക്കിഷ്ടം തോന്നിയില്ല. മുറ്റവും തൊടിയുമൊക്കെയുള്ള ഒരു വീട് എന്ന സ്വപ്നം അങ്ങനെ കയറിപ്പറ്റിയതാണ്. കയ്യിൽ കാശുവച്ചിട്ടൊന്നുമല്ല, ആഗ്രഹംകൊണ്ടു പലരോടും നല്ലൊരു സ്ഥലത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടേയിരുന്നു. 

കുടുംബക്കൂട്ട്...

നീളമുള്ള വഴിയിലൂടെ കുറച്ചു നടന്നു വീട്ടിലേക്കു കയറാനാവണം. പല സിനിമാ ലോക്കേഷനുകളിലും അത്തരം വീടുകളും സ്ഥലവും കണ്ടിട്ടുണ്ട്. അതാണ് സ്ഥലം നോക്കുമ്പോൾ മനസ്സിലുള്ളത്. മയിലാട്ടം എന്ന സിനിമയ്ക്കിടെയാണ് നടി സീനത്ത് ഒരു സ്ഥലത്തെക്കുറിച്ചു പറയുന്നത്. അങ്ങനെ നോക്കിയ ആ 16 സെന്റ് സ്ഥലം കാടുപിടിച്ചു കിടന്നിരുന്നു. അവിടെ വെട്ടിത്തെളിച്ചു നോക്കുമ്പോൾ മനസ്സിലുള്ളതുപോലെ വഴിയുള്ള സ്ഥലം തെളിഞ്ഞു. കോഴിക്കോട് സിവിൽ സ്റ്റേഷന് എതിർവശത്ത് പള്ളിപ്പാട്ട് അയ്യപ്പക്ഷേത്രത്തിനു സമീപമുള്ള ആ സ്ഥലത്താണ് ‘വരപത്മം’ എന്ന ഈ വീട്. 

director-vm-vinu-home-interior

‘വേഷം’ സിനിമയുടെ ലൊക്കേഷൻ തേടിപ്പാകുമ്പോൾ പുതിയങ്ങാടിയിൽ ഒരു വീട് കണ്ടിഷ്ടപ്പെട്ടു. അന്വേഷിച്ചപ്പോൾ ഒരു പഴയ വീട് നവീകരിച്ചെടുത്തതാണ്. പിന്നെ, അതു ചെയ്ത ആർക്കിടെക്ടിന്റെ നമ്പർ തപ്പിയെടുത്തു. അതുപോലെതന്നെയുള്ള വീട് കെട്ടാനല്ല. നമ്മുടെ മനസ്സിലെ സങ്കൽപങ്ങളുമായി ചേർന്നു പോകുന്ന വീടിനായുള്ള ശ്രമത്തിനായിരുന്നു. ആർക്കിടെക്ട് ജോസ് തോമസാണ് ‘വരപത്മ’ത്തിന്റെ സംവിധായകൻ‌. അദ്ദേഹത്തോട് വമ്പൻ ആവശ്യങ്ങളൊന്നും പറയാനില്ലായിരുന്നു. സിനിമാ സംബന്ധമായ ചർച്ചകൾക്കും മറ്റുമായി ഒരു ‘ഡിസ്കഷൻ മുറി’ വേണം. അതു വീട്ടിൽനിന്നു വിട്ടാവരുത്. വീടിന് ഒരു കാരക്ടർ വേണം. വീടു കണ്ടാൽ അവിടെ താമസിക്കുന്നവരുടെ സ്വഭാവവും അതിൽനിന്നു വ്യക്തമാകണം. ആഡംബരം ഒഴിവാക്കി ലളിതമാവണം. ഒരു ചായ വേണോ എന്നു ഭാര്യ അടുക്കളയിൽനിന്നു ചോദിച്ചാൽ വീടിനു മുൻപിലുള്ള എനിക്കതു കേൾക്കാനാവണം. എന്റെ മറുപടി ഭാര്യയ്ക്കും കേൾക്കാനാവണം. ആശയവിനിമയം എളുപ്പത്തിൽ നടക്കുന്ന അത്തരമൊരു വീടായിരുന്നു സ്വപ്നത്തിൽ. അതെല്ലാംകൂടി ഏറ്റവും മികച്ച രീതിയിൽ ചേർന്നതാണ് ‘വരപത്മം’. ഇതിൽ ഭാര്യയുടെയും മക്കളുടെയുമെല്ലാം ഇഷ്ടങ്ങൾകൂടി തുന്നിച്ചേർത്തിരിക്കുന്നു. 

വീട്ടുകാരുടെ ആവശ്യങ്ങളിൽ ആദ്യം പൂജാമുറിയായിരുന്നു. പ്ലാനിങ് മുതൽ പെയിന്റിന്റെയും കർട്ടന്റെയും കാര്യത്തിൽവരെ അവരുടെയും ഇടപെടലുണ്ട്. ഇനി എന്റെ ജീവിതത്തിൽ മറ്റൊരു വീടില്ല. ഈ വീടുമായി ഞാനും ഭാര്യ പത്മജയും മക്കളായ വർ‌ഷയും വരുണും ഇഷ്ടംകൂടിയിട്ട് വർഷം 11 ആകുന്നു. ആ സന്തോഷത്തിലേക്കു കൂട്ടുകൂടാൻ എന്റെ അമ്മയും സഹോദരന്മാരും അവരുടെ മക്കളും ഇടയ്ക്കെത്തും. വീടു നിർമാണത്തിന്റെ ഒരു ഘട്ടത്തിനുശേഷം കുടുംബത്തെ നിർമാണസ്ഥലത്തേക്കു കൊണ്ടുവന്നിരുന്നില്ല. എല്ലാ ജോലിയും പൂർത്തിയാക്കി, ഒരു സർപ്രൈസ് പോലെയാണ് അവരെ കൊണ്ടുവന്നത്. മകൾ ടൗണിലെ കോളജിൽ ഗെസ്റ്റ് അധ്യാപികയാണ്. കൂടെ പാട്ടുമുണ്ട്. ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയിലും പാടി. മകനു താൽപര്യം സിനിമാട്ടോഗ്രഫിയിലാണ്. വരുൺ എന്റെ സിനിമയിൽ ക്യാമറാമാനാണ്. 

വീട്ടുവിശേഷങ്ങൾ... 

4 കിടപ്പുമുറികളുള്ള വീട്ടിൽ ലിവിങ്–ഡൈനിങ് റൂം ഒന്നിച്ചായിരുന്നു. സ്വകാര്യതയെ മുൻ‌നിർത്തി, ലിവിങ്–ഡൈനിങ് സ്പേസ് ലളിതമായ രീതിയിൽ വേർതിരിച്ചു. ലിവിങ്ങിനു മുകളിലെ സീലിങ്ങിൽ അൽപം ചെരിച്ചുവാർത്ത് പർഗോള നൽകി. ഇതിലൂടെ യഥേഷ്ടം വെളിച്ചം അകത്തുകടക്കും. ഫാമിലി ലിവിങ് സ്പേസ് മുകൾനിലയിലാണ്. കാസ്റ്റ് അയൺ, തടി,സ്റ്റീൽ എന്നിവ ചേർത്താണ് സ്റ്റെയർ നിർമിച്ചത്. ലിവിങ് റൂമിൽ വീട്ടുടമയുടെ സംവിധായക ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു വെങ്കല ചിത്രം. ക്യാമറയും റീലും ഫിലിം റോളുമെല്ലാം ചേർന്നതാണിത്. അപ്പർ ലിവിങ്ങിന്റെ ഒരു ഭാഗത്തു കുടിയേറ്റ കുടുംബവുമുണ്ട്, കുഞ്ഞുങ്ങളുമായി ഒരു ബുൾബുൾ പക്ഷിക്കുടുംബം.

director-vm-vinu-house

കോഴിക്കോട് മതി...

മലയാള സിനിമ കൊച്ചിയിലേക്കു മാറിത്താമസിച്ചെങ്കിലും എനിക്ക് കോഴിക്കോട്ടുനിന്നു മാറ്റമൊന്നുമില്ല. അന്നും ഇന്നും ഞാനൊരു കോഴിക്കോടുകാരൻ തന്നെ. പലരും ചോദിക്കാറുണ്ട് എന്താണു പോകാത്തതെന്ന്. കൊച്ചിയിൽ പോയിരുന്നാൽ സിനിമ കിട്ടുമെന്ന വിശ്വാസമൊന്നുമില്ല. ഇവിടെയിരുന്നുതന്നെയാണു മിക്ക സിനിമകളും ചെയ്തത്. പിന്നെ, എറണാകുളത്തേക്ക് അധികം ദൂരമില്ലല്ലൊ. കൊച്ചിയിൽ എത്തിയാലും കാര്യം കഴിഞ്ഞാൽ ഉടൻ ഇവിടെ വീട്ടിലെത്തണം. കോഴിക്കോട്ടു വന്നാലാണ് ഞാൻ ഞാനാണെന്ന തോന്നലുണ്ടാകുന്നത്. വീടും കുടുംബവും സുഹൃത്തുക്കളും എല്ലാം ചേർന്നാകും അതു തോന്നിക്കുന്നത്. സിനിമ പോലുള്ള മേഖലയിൽ വിജയിക്കുന്നവർക്കൊപ്പം എന്നും ആളുണ്ടാവും. അതെല്ലാം എന്നും കൂടെയുണ്ടാവില്ലല്ലൊ. കുടുംബം അന്നും ഇന്നും കൂടെയുണ്ട്, ആ സന്തോഷവും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA