sections
MORE

'ഇതാണ് എന്റെ അഡാർ ലവ്': പ്രിയ വാര്യർ

HIGHLIGHTS
  • ജീവിതം മാറിമറിയാൻ എത്ര സമയം വേണം? ഈ ചോദ്യം പ്രിയാ പ്രകാശ് വാര്യർ എന്ന പൂങ്കുന്നത്തുകാരി പെൺകൊടിയോടു ചോദിച്ചാൽ...
  • നാലര വയസ്സ് വരെ ഞാൻ മുംബൈയിലാണ് വളർന്നത്. അവിടെയുള്ള ഒരു ഫ്ലാറ്റായിരുന്നു....
Priya-Varrier-house
SHARE

ജീവിതം മാറിമറിയാൻ എത്ര സമയം വേണം? ഈ ചോദ്യം പ്രിയാ പ്രകാശ് വാര്യർ എന്ന പൂങ്കുന്നത്തുകാരി പെൺകൊടിയോടു ചോദിച്ചാൽ മറുപടി ഒരു ഇമചിമ്മലായിരിക്കും. അതിലുണ്ട് ഉത്തരം!...ഒരു അഡാർ ലവ് എന്ന സിനിമയിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ കുസൃതി ഒളിപ്പിച്ച കണ്ണിറുക്കലിലൂടെ ഒരൊറ്റ രാത്രി കൊണ്ടാണ് പ്രിയ ലോകം അറിയപ്പെടുന്ന സെലിബ്രിറ്റി ആയി മാറിയത്. അഭിനയിച്ച സിനിമ പുറത്തിറങ്ങും മുൻപ് താരമായ നടി എന്ന അപൂർവ ക്രെഡിറ്റും പ്രിയയ്ക്കു സ്വന്തം... 

priya-wink

ഏറ്റവും അദ്ഭുതം പ്രിയയുടെ ആരാധകർ ഭൂരിഭാഗവും കേരളത്തിനു പുറത്തുള്ളവരാണ് എന്നതാണ്. ഇതുതന്നെയാണ് ഇന്ത്യയിലെ മുൻനിര ബ്രാൻഡുകൾ ഈ പെൺകൊടിയുടെ ഡേറ്റിനായി ക്യൂ നിൽക്കുന്നതിനു പിന്നിലെ രഹസ്യവും. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ, വാലന്റൈൻസ് ദിനത്തിൽ അഡാർ ലവ് പ്രദർശനത്തിനെത്തുമ്പോൾ ലണ്ടനിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലാണ് താരം. പ്രിയ തന്റെ വീട്ടുവിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു...

ഓർമവീടുകൾ...

ഞാനൊരു തൃശൂരുകാരിയാണ്. അച്ഛൻ പ്രകാശ് വാര്യർ സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥനാണ്. അമ്മ പ്രീത വീട്ടമ്മയും. എനിക്കൊരു അനിയൻ പ്രസിദ്ധ്. ഏഴാം ക്‌ളാസിൽ പഠിക്കുന്നു. ഞാൻ തൃശൂർ വിമല കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ്. പിന്നെ മുത്തച്ഛനും മുത്തശ്ശിയും. ഇതാണ് എന്റെ കുടുംബം. 

priya-varrier-family

അച്ഛന്റെ തറവാട് പുതുക്കാടിനടുത്ത് കിള്ളിമംഗലമാണ്. അമ്മയുടേത് പെരിന്തൽമണ്ണയ്ക്കടുത്തു തച്ചനാട്ടുകരയും. അച്ഛൻ പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. അമ്മ പഠിച്ചു വളർന്നതു കോയമ്പത്തൂരും. അച്ഛൻ പെരിന്തൽമണ്ണയിലുള്ള അമ്മവീട്ടിലേക്ക് ദത്തുകയറുകയായിരുന്നു. അതുകൊണ്ട് അച്ഛന്റെ തറവാട് എന്റെ ഓർമകളിലില്ല. അമ്മവീട്ടിലാണ് ഞാൻ ജനിച്ചത്. ക്ഷേത്രവുമായി ഇഴുകിച്ചേർന്നുള്ള ജീവിതമായിരുന്നു കുടുംബത്തിന്റേത്. മുത്തച്ഛനും മുത്തശ്ശിയും ക്ഷേത്രത്തിൽ മാല കെട്ടുന്ന ആൾക്കാരാണ്. ഞാനും നാട്ടിലുള്ള സമയത്തൊക്കെ ക്ഷേത്രത്തിൽ പോകാറുണ്ട്.

ആകാശത്തെ കൂട്ടുകുടുംബം...

നാലര വയസ്സ് വരെ ഞാൻ മുംബൈയിലാണ് വളർന്നത്. അവിടെയുള്ള ഒരു ഫ്ലാറ്റായിരുന്നു ഞങ്ങളുടെ സ്വർഗം. പിന്നീട് അച്ഛന് കേരളത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. അങ്ങനെ ഞങ്ങൾ വീണ്ടും തൃശൂരിലേക്കെത്തി. അയ്യന്തോൾ എന്ന സ്ഥലത്ത് ഒരു 2 BHK ഫ്ലാറ്റ് വാങ്ങി. മുത്തച്ഛനും മുത്തശ്ശിയും ഞങ്ങളോടൊപ്പം കൂടി. മയൂര എന്നായിരുന്നു ആ സമുച്ചയത്തിന്റെ പേര്. പ്രൈമറി സ്‌കൂൾ മുതൽ പ്ലസ് വൺ വരെ ഞങ്ങൾ താമസിച്ചത് ആ ഫ്ലാറ്റിലാണ്. എന്റെ ജീവിതത്തിലെ നിറമുള്ള ഓർമകൾ മിക്കവയും ആ വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവിച്ചത്. ആകാശത്താണെങ്കിലും കുടുംബം എല്ലാം അടുത്തുള്ളതുകൊണ്ട് ശരിക്കും ഒരു തറവാടിന്റെ ഫീലായിരുന്നു ആ ഫ്ലാറ്റ്. മറ്റു ഫ്ലാറ്റുകളിൽ ഒരുപാട് സമയപ്രായക്കാരുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്കു കുടുംബങ്ങളുടെ ഒത്തുചേരലുകളും കലാപരിപാടികളുമൊക്കെയുണ്ടാകും. അങ്ങനെ നല്ല രസമുള്ള കാലമായിരുന്നു.

ഭാഗ്യമുള്ള വീട്...

Priya-Varrier-bedroom

ഞങ്ങൾ വളർന്നപ്പോൾ ഫ്ലാറ്റിനുള്ളിൽ സ്ഥലപരിമിതി ഒരു വിഷയമായി. അങ്ങനെയാണ് പൂങ്കുന്നത്തു ഒരു 3 BHK ഫ്ലാറ്റ് വാങ്ങി താമസം മാറുന്നത്. ഇപ്പോൾ മൂന്നു വർഷമായി ഇതാണ് എന്റെ വീട്. എന്റെ കരിയറിൽ ഞാൻ ആഗ്രഹിച്ച സൗഭാഗ്യങ്ങൾ തേടിവന്നത് ഇവിടെ താമസിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ ഇതൊരു ഭാഗ്യവീടായി കരുതാനാണ് എനിക്കിഷ്ടം. പഴയ ഫ്ലാറ്റ് ഇപ്പോൾ വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. 

Priya-Varrier-flat

ഓപ്പൺ ശൈലിയിലുള്ള ഫ്ലാറ്റാണ്. പരമാവധി സ്‌പേസ് ഉപയോഗപ്പെടുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. പിന്നെ ബാൽക്കണി തുറന്നിട്ടാൽ നല്ല കാറ്റ് അകത്തേക്കു വിരുന്നെത്തും. എനിക്ക് ഇന്റീരിയർ ഡിസൈൻ ഇഷ്ടമാണ്. പുതിയ ഫ്ലാറ്റ് ഫർണിഷ് ചെയ്തപ്പോൾ കർട്ടനും, പെയിന്റിങ്‌സും, ഞങ്ങളുടെ കിടപ്പുമുറികളും, എന്തിനു ബാത്റൂം ടൈൽസ് വരെ തിരഞ്ഞെടുത്തത് ഞാനാണ്. എന്റെ മുറി തന്നെയാണ് ഫേവറിറ്റ് കോർണർ. അവിടെ എത്ര നേരമിരുന്നാലും ബോറടിക്കില്ല. ഇതുവരെ ലഭിച്ച ചെറിയ ട്രോഫികളൊക്കെ സൂക്ഷിക്കുന്ന ഒരു ഷെൽഫുണ്ട്. അതും ഇഷ്ടമുള്ള ഇടമാണ്.

Priya-Varrier-flat-interior

ഇഷ്ടം ഫ്ലാറ്റ്...

സിനിമയിലൊക്കെ നല്ല രസമുളള തറവാടുവീടുകൾ കണ്ടിട്ടുണ്ട്. ഇവിടെ തൃശൂര് തന്നെ ധാരാളം മനകളുണ്ട്. അതൊക്കെ കണ്ടുനിൽക്കാൻ ഇഷ്ടമാണ്. എന്റെ ചെറുപ്പം മുതൽ ഞാൻ വളർന്നത് ഫ്ളാറ്റുകളിലാണ്. ഇപ്പോഴും താമസിക്കുന്നതും ഫ്ലാറ്റിലാണ്. അതുകൊണ്ട് എനിക്ക് വീടുകളേക്കാൾ ഇഷ്ടം ഫ്ളാറ്റിനോടാണ്. അതുനൽകുന്ന സുരക്ഷയും സൗകര്യവുമാകാം കാരണം. ഭാവിയിൽ വീടുപണിയുന്നതിനേക്കാൾ ഫ്ലാറ്റ് എടുക്കാനാകും സാധ്യത. 

with-omar-roshan
റോഷനും ഒമറിനുമൊപ്പം പ്രിയ

നേരം പുലർന്നപ്പോൾ ലഭിച്ച പ്രശസ്തിയുമായി പൊരുത്തപ്പെടാൻ ആദ്യമൊക്കെ എനിക്കും വീട്ടുകാർക്കും നല്ല ബുദ്ധിമുട്ടായിരുന്നു. പിന്നെ അഡ്ജസ്റ്റായി. വിമർശനങ്ങളെയും അതുപോലെ ഉൾക്കൊള്ളാൻ ഇപ്പോൾ പഠിച്ചു. തൊഴിൽപരമായി ഞാൻ കുറച്ചുകൂടി ബിസിയായി. അതുമാത്രമാണ് ജീവിതത്തിൽ വന്ന മാറ്റം. അടിസ്ഥാനപരമായി ഞാനിപ്പോഴും ആ നാട്ടിൻപുറത്തുകാരി പെൺകുട്ടി തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA