ADVERTISEMENT

മിനിസ്‌ക്രീനിലെ കിലുക്കാംപെട്ടിയാണ് ശിവാനി മേനോൻ. സ്വാഭാവികമായ അഭിനയമാണ് ശിവാനിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. പ്രായഭേദമെന്യേ നിരവധി ആരാധകരാണ് ഈ കുട്ടിത്താരത്തിനുള്ളത്. അഭിനയം മാത്രമല്ല, പാട്ടും ഡാൻസും എഴുത്തുമെല്ലാം ശിവയുടെ പക്കൽ ഭദ്രമാണ്. ശിവാനി വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഞാനൊരു തൃശൂരുകാരിയാണ്. പക്ഷേ നാലു വീടുകളിലായാണ് ഇപ്പോൾ എന്റെ ജീവിതം. അഷ്ടമിത്തറയിലുള്ള അമ്മവീട്, ഇരിങ്ങാലക്കുടയിലുള്ള അച്ഛന്റെ തറവാട്, കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്, പിന്നെ ഉപ്പും മുളകും വീട്. അതിപ്പോൾ ശരിക്കും ഒരു രണ്ടാം കുടുംബം പോലെയാണ്.

shivani-parents
അച്ഛൻ ആനന്ദ്, അമ്മ മീന എന്നിവർക്കൊപ്പം ശിവാനി

കുടുംബം...

എന്റെ ഭാഗ്യം വീട്ടിൽനിന്നും സ്‌കൂളിൽ നിന്നും കിട്ടുന്ന പിന്തുണയാണ്. വീട്ടുകാർ തന്നെയായിരുന്നു എന്റെ ആദ്യ ഗുരുക്കന്മാർ. അച്ഛൻ ആനന്ദ്. ബിസിനസാണ്. ഞാൻ ജനിക്കുന്നതിനു മുൻപ് അച്ഛന്റെ മാതാപിതാക്കൾ മരിച്ചു പോയി. അതുകൊണ്ട് അമ്മയുടെ വീട്ടിലാണ് ഞാൻ ചെറുപ്പത്തിൽ വളർന്നത്. ഞാൻ ജനിക്കുന്ന സമയത്ത് അച്ഛനും അമ്മയ്ക്കും എറണാകുളത്തായിരുന്നു ജോലി. ഇരുവർക്കും നാടിനോടും വീടിനോടും ഒരു പ്രത്യേക അടുപ്പമുണ്ട്. അതുകൊണ്ട് കൊച്ചിയിൽ വീട് ഒന്നും എടുക്കാതെ വൈകുന്നേരം നേരെ വീട്ടിലേക്ക് എത്തുമായിരുന്നു. അമ്മ പഴയ കലാതിലകമായിരുന്നു. ഞാൻ മിനിസ്‌ക്രീനിൽ സജീവമായശേഷം എന്റെ കൂടെ ഷൂട്ടിങ്ങിനു വരാനും പഠിപ്പിക്കാനും അമ്മ ജോലി രാജിവച്ചു. 

മുത്തച്ഛൻ നാരായണൻകുട്ടി അധ്യാപകനായിരുന്നു. മുത്തശ്ശി രതി. ചേച്ചിയമ്മയും അധ്യാപികയാണ്. അതുകൊണ്ടു നഴ്‌സറി മുതൽ ഞാൻ കലാമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 

shivani-house
cof

അച്ഛന്റെ വീട്...

40 വർഷം പഴക്കമുളള തറവാടാണ് അച്ഛന്റേത്. ഒരേക്കറോളം പറമ്പുണ്ട്. മുറ്റത്തു നല്ലൊരു മൂവാണ്ടൻ മാവുണ്ട്. സീസൺ സമയത്ത് ധാരാളം മാങ്ങയുണ്ടാകും. ആ സമയത്ത് കിളികളും അണ്ണനുമൊക്കെ മാവിൽ കലപില കൂട്ടും. 

ശിവയുടെ അച്ഛൻ ആനന്ദ് ഇതിനിടയ്ക്ക് ഇടപെട്ടു. 

"എന്റെ അച്ഛൻ നിർമിച്ച വീടാണ്. നല്ല കെട്ടുറപ്പിൽ നിർമിച്ച വീടാണ്. അതുകൊണ്ട് അധികം പുതുക്കിപ്പണികളൊന്നും വേണ്ടിവന്നിട്ടില്ല. ഒരു റൂഫിങ് ഷീറ്റ് വിരിച്ചതുമാത്രമാണ് ഞാൻ വരുത്തിയ മാറ്റം. ഏകദേശം 2500 ചതുരശ്രയടി വിസ്‌തീർണമുള്ള വീട്ടിൽ മൂന്ന് കിടപ്പുമുറികളുണ്ട്. വൈകാരികമായ ഒരു അടുപ്പമുണ്ട് ഈ വീടിനോട്. അതുകൊണ്ട് എത്ര വർഷം കഴിഞ്ഞാലും പൊളിച്ചു കളയരുത് എന്ന് ഞാൻ ശിവാനിയോട് പറഞ്ഞിട്ടുണ്ട്.

അച്ഛന് ഉത്തരേന്ത്യയിൽ കൽക്കരി നിർമാണ ഫാക്ടറിയിലായിരുന്നു ജോലി. അമ്മ അധ്യാപികയും. എനിക്കൊരു സഹോദരിയുണ്ട്. എന്റെ വിവാഹത്തിന് മുൻപ് അച്ഛനും അമ്മയും മരിച്ചുപോയി. സഹോദരിയും ഭർത്താവും കുടുംബവും ബെംഗളുരുവിലാണ് സ്ഥിരതാമസം. അവർക്ക് കൊച്ചി ചേരാനല്ലൂരും വീടുണ്ട്. അതും ശിവാനിക്ക് സ്വന്തം വീടുപോലെയാണ്"...

വീണ്ടും ശിവ സംസാരിച്ചു തുടങ്ങി...

അച്ഛന്റെ വീടിനടുത്താണ് കൂടൽമാണിക്യം ക്ഷേത്രം. അവിടുത്തെ ഉത്സവം പ്രസിദ്ധമാണ്. എത്ര ഷൂട്ടിങ് തിരക്കുണ്ടെങ്കിലും ആ സമയത്ത് ഞാൻ നാട്ടിലെത്തും.

പ്രതിഭ എന്ന അമ്മവീട്... 

അമ്മയുടെ അച്ഛൻ നിർമിച്ച വീടാണ്. തൊണ്ണൂറുകളിൽ ഒക്കെ നിർമിച്ചിരുന്ന വീടിന്റെ ശൈലിയാണ് പുറംകാഴ്ചയിൽ എന്നാണ് മുത്തച്ഛൻ പറയുന്നത്. റോഡിൽ നിന്നും മുറ്റം നൽകി ഉള്ളിലേക്കാണ് വീട്. വഴിയുടെ ഇരുവശത്തും നിറയെ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.  വീടിനു പിന്നിലേക്ക് പറമ്പുണ്ട്. അവിടെ മുത്തച്ഛൻ കൃഷി ചെയ്യുന്നുണ്ട്. ചേമ്പും തെങ്ങും വാഴയും പ്ലാവും മാവുമൊക്കെയുണ്ട്. വീട്ടിൽ ഉള്ള അപൂർവം സമയങ്ങളിൽ പറമ്പിലൂടെ വെറുതെ നടക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. ഞാനൊരു മരംകയറിയാണ് എന്നു പറഞ്ഞു വീട്ടുകാർ എന്നെ കളിയാക്കാറുണ്ട്.

shivani-mother-house

ചെറിയൊരു പോർച്ചും സിറ്റൗട്ടും കടന്നാണ് അകത്തേക്കു കയറുന്നത്. സിറ്റൗട്ടിൽ തന്നെ ചൂരലുകൊണ്ടുനിർമിച്ച ഒരു തൂക്കുകസേര നൽകിയിട്ടുണ്ട്.

എനിക്ക് ബാർബി പാവകളുടെ ഒരു ശേഖരമുണ്ട്. മുറിയിൽ വയ്ക്കാൻ സ്ഥലമില്ലാത്തതുകൊണ്ടു ഇപ്പോൾ വീട്ടിൽ പലയിടത്തായുള്ള ഷെൽഫുകളിലാണ് സ്ഥാനം. ഇവിടെ എനിക്കൊരു സ്റ്റഡി റൂമുണ്ട്. അവിടെയാണ് ബുക്കും കംപ്യൂട്ടറുമൊക്കെ വച്ചിരിക്കുന്നത്. ഞാൻ വീട്ടിലുണ്ടെങ്കിൽ അതെല്ലാം അലങ്കോലമാക്കിയിടും. പിന്നെ അമ്മയ്ക്ക് അത് അടുക്കിപ്പെറുക്കി വയ്ക്കാനേ സമയം കാണൂ.. 

അമ്മവീടിനു തൊട്ടടുത്തും അമ്പലമുണ്ട്. നാട്ടിലുള്ളപ്പോൾ അവിടെ പോകും. അല്ലെങ്കിൽ പൂജാമുറിയിൽ പോയി പ്രാർഥിക്കും. വീട്ടിൽ ഭയങ്കര സന്തോഷം നൽകുന്ന ഇടമാണ് പൂജാമുറി. അടുക്കള എന്റെ ഒരു ഫേവറിറ്റ് കോർണറാണ്. ഞാൻ അത്യാവശ്യം പാചകം ഒക്കെ ചെയ്യും കേട്ടോ..ദോശ, ചപ്പാത്തി, ചായ, ഓംലറ്റ് ഒക്കെ ഉണ്ടാക്കും. നാളെ അമ്മ അടുത്തില്ലെങ്കിലും പിടിച്ചുനിൽക്കണ്ടേ... 

ഉപ്പും മുളകും വീട്...

ഇപ്പോൾ മൂന്നു കൊല്ലമായി ഉപ്പും മുളകിൽ അഭിനയിക്കുന്നു. വാഴക്കാലയുള്ള ആ വീട്ടിൽ നിരവധി സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. പുലിമുരുകനിൽ മംഗലാപുരത്തെ വീടായി കാണിക്കുന്നത്, ചാർലിയിൽ കള്ളൻ കയറുന്ന വീട്, പോക്കിരിരാജയിൽ സുരാജിന്റെ വീട്, രാമലീലയിലെ ഓഫിസ് അങ്ങനെ ഹിറ്റ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് ഈ വീട്. ഞാനിപ്പോൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ഇവിടെയാണ്. അതുകൊണ്ട് ഉപ്പും മുളകും വീടും കുടുംബവും സ്വന്തം വീടുപോലെയായി മാറിയിട്ടുണ്ട്. കൊച്ചിയിലുള്ള നിഷാമ്മയുടെ (നിഷ സാരംഗ്) വീട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. പറഞ്ഞപോലെ നിഷാമ്മയുടെ വീട് മനോരമ ഓൺലൈൻ സ്വപ്നവീടിൽ വന്നപ്പോൾ ഞാനും ഉണ്ടായിരുന്നല്ലോ...

ഷൂട്ടുമായി ബന്ധപ്പെട്ടു കൂടുതലും കൊച്ചി വാഴക്കാലയുള്ള വാടകവീട്ടിലാണ് ഇപ്പോൾ താമസം. സമയം കിട്ടുമ്പോൾ തൃശൂരെ വീടുകളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം വയ്ക്കും. സ്‌കൂളിലെ മാവേലിയാണ് ഞാൻ. പക്ഷേ അധ്യാപകരും കൂട്ടുകാരുമൊക്കെ നല്ല പിൻതുണയാണ്. അവർ നോട്സൊക്കെ വാട്സാപ്പിൽ അയച്ചുതരും. ഭാവിയിൽ ഒരുപാട് സിനിമകളിൽ അഭിനയിക്കണം, പീഡിയാട്രീഷ്യനാകണം, പിന്നെ കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ് എടുക്കണം... ഇതൊക്കെയാണ് സ്വപ്നങ്ങൾ...അല്ലെങ്കിലും സ്വപ്നം കാണാൻ കാശൊന്നും കൊടുക്കണ്ടല്ലോ...അല്ലേ... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com