sections
MORE

അന്ന് അച്ഛന് വീട് വിൽക്കേണ്ടി വന്നു, പക്ഷേ സ്വപ്നം വെറുതെയായില്ല : സുബി സുരേഷ്

HIGHLIGHTS
  • സ്വന്തമായി ഒരു വീട് അന്നുമുതൽ ഞങ്ങളുടെ തീവ്രമായ ആഗ്രഹമായി മാറി.
subi-home
SHARE

മിനിസ്ക്രീനിലും സിനിമകളിലും കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സുബി സുരേഷ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. തൃപ്പൂണിത്തുറയാണ് എന്റെ നാട്. അച്ഛൻ സുരേഷ്, അമ്മ അംബിക, സഹോദരൻ എബി സുരേഷ് എന്നിവരായിരുന്നു  എന്റെ കുടുംബം. അച്ഛന് ചെറിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഫിനാൻസ് ബിസിനസും ആയിരുന്നു. കൂട്ടുകുടുംബമായിരുന്നു അച്ഛന്റേത്. തറവാട് ഭാഗം വച്ചപ്പോൾ ഞങ്ങൾ ഒരു വാടകവീട്ടിലേക്ക് താമസം മാറി. പിന്നെ കുറേക്കാലം വാടകവീടുകളിലായിരുന്നു ജീവിതം.

ആദ്യം പണിത വീട്...

ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ തൃപ്പൂണിത്തുറ പുതിയകാവ് എന്ന സ്ഥലത്ത് ഒരു വീട് വച്ചു. മൂന്നു കിടപ്പുമുറികളുള്ള ഒറ്റ നില വീട്. അമ്മയ്ക്ക് അത്യാവശ്യം പൂന്തോട്ടവും പച്ചക്കറി കൃഷിയും ഉണ്ടായിരുന്നു. മുറ്റത്ത് ഒരു മുന്തിരിവള്ളി പടർത്തിയിരുന്നു. സമാധാനമുള്ള ഒരു കൊച്ചുവീട്.. പക്ഷേ ആ സന്തോഷം ഏറെക്കാലം നീണ്ടില്ല. ബിസിനസിൽ ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ അച്ഛന് ആറ്റുനോറ്റുണ്ടാക്കിയ വീട് വിൽക്കേണ്ടി വന്നു. അങ്ങനെ ഞങ്ങൾ വീണ്ടും വാടക വീടുകളിലേക്ക് മാറി. സ്വന്തമായി ഒരു വീട് അന്നുമുതൽ ഞങ്ങളുടെ തീവ്രമായ ആഗ്രഹമായി മാറി. അതിനുവേണ്ടി അധ്വാനിക്കാൻ തുടങ്ങി.

കരിയർ...

തൃപ്പൂണിത്തുറ സർക്കാർ സ്കൂളിലും എറണാകുളം സെന്റ്. തെരേസാസിലുമായിരുന്നു സ്കൂൾ-കോളജ് വിദ്യാഭ്യാസം. അമ്മ അത്യാവശ്യം കലാനിപുണതയുള്ള ആളാണ്. ആയിടയ്ക്ക് അമ്മ എന്നെ നൃത്തം പഠിപ്പിക്കാൻ ചേർത്തു. ഇഷ്ടമുള്ള ഇനം തിരഞ്ഞെടുക്കാം. ഞാൻ തിരഞ്ഞെടുത്തത് ബ്രേക്ക് ഡാൻസാണ്! അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു. ഇപ്പോഴും സ്റ്റേജ് ഷോകൾ തന്നെയാണ് പ്രധാന തട്ടകം.

സ്വപ്നം സഫലമാകുന്നു..

subi-house

വരുമാനം പതിയെ കൂടിത്തുടങ്ങിയപ്പോൾ കൂടുതൽ വാടകയുള്ള വീടുകളിലേക്ക് മാറി. നാലുവർഷം മുൻപാണ് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നത്. വരാപ്പുഴയിൽ അഞ്ചു സെന്റ് സ്ഥലവും വീടും  വാങ്ങി. അതിനെ എന്റെ മനസ്സിൽ ഉള്ളതു പോലെ വർണാഭമായി മിനുക്കിയെടുത്തു. നഗരത്തിൽ തന്നെ, എന്നാൽ അതിന്റെ ബഹളങ്ങൾ ഒന്നും എത്താത്ത ഇടത്താണ് വീട്. സ്നേഹമുള്ള, എന്നാൽ മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അയൽക്കാർ. 

കൊളോണിയൽ, കന്റെംപ്രറി ശൈലിയിലാണ് പുറംകാഴ്ച. ഇരുനിലകളിലായി നാലു കിടപ്പുമുറികളുണ്ട്. എനിക്ക് വീടിനകവും പുറവും കളർഫുൾ ആകണം എന്നുണ്ടായിരുന്നു.അതു കൊണ്ട് പല നിറങ്ങൾ വീടിനകത്തും പുറത്തും കാണാം. ഫോൾസ് സീലിങ്ങും ലൈറ്റുകളും കൊടുത്തിട്ടുണ്ട്.

ഫേവറിറ്റ് കോർണർ.. 

subi-family

വീട്ടിൽ ഉള്ളപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് എന്റെ മുറിയിലാണ്. പിന്നെ ടിവി ഏരിയയിലും, അടുക്കളയിലും. എനിക്കു കിട്ടിയ ചെറിയ ട്രോഫികളൊക്കെ ഞാനൊരു ഡിസ്പ്ലേ ഷെൽഫിൽ സൂക്ഷിക്കുന്നുണ്ട്.  വീട്ടിൽ ഉള്ളപ്പോൾ എല്ലാവരും ഒരുമിച്ചാണ് പാചകം. വെടിവട്ടമൊക്കെ പറഞ്ഞ് നല്ല രസമാണ്. വീടിന്റെ പുറംഭംഗിയേക്കാൾ അതിൽ താമസിക്കുന്നവരുടെ മനസ്സിന്റെ യോജിപ്പാണ് വീടിനെ സ്വർഗവും നരകവുമാക്കി മാറ്റുന്നത്...

കൃഷി...

subi-farming

വീടിന്റെ ടെറസിൽ സ്വൽപം പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. കീടനാശിനി തളിക്കാത്ത ശുദ്ധമായ പയറും പാവലും ചീരയും വെണ്ടയ്ക്കയുമൊക്കെ ടെറസിൽ സുലഭം. വീട്ടിൽ ഉള്ളപ്പോൾ മനസ്സിന് സന്തോഷം നൽകുന്ന ഒരു ഹോബിയുമാണ് കൃഷി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA