ADVERTISEMENT

ജൂൺ എന്ന സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് രജീഷ വിജയൻ. ജൂണിലെ 'കൂടുവിട്ടുപാറും തേൻകിളീ' എന്ന പാട്ടിനു രജീഷയുടെ ജീവിതവുമായി സാമ്യമുണ്ട്. ഇതുവരെയുള്ള രജീഷയുടെ ജീവിതത്തിൽ വ്യത്യസ്തമായ വീടനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തറവാടിന്റെ സുരക്ഷിതത്വത്തിൽ തുടങ്ങി വാടക വീടുകളുടെ അന്യതാബോധവും രണ്ടാംവീടുപോലെ  ക്വാർട്ടേഴ്സുകളും പിന്നെ ഫ്ലാറ്റും ജീവിതത്തിൽ വിരുന്നുവന്നു. രജീഷ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

കാത്തിരിക്കുന്ന തറവാട്...

കോഴിക്കോട് പേരാമ്പ്രയാണ് എന്റെ സ്വദേശം. തറവാട് കാലപ്പഴക്കം മൂലം മോശമായപ്പോഴാണ് അത് പൊളിച്ചുകളഞ്ഞു അച്ഛൻ പുതിയ വീട് പണിതത്. കോഴിക്കോട് നഗരത്തിന്റെ തിരക്കുകളിൽനിന്നും ഒഴിഞ്ഞുമാറി പച്ചപ്പിനു നടുവിലാണ് വീട്. ചുറ്റും പാടവും കനാലും കമുകിൻ തോട്ടവുമുണ്ട്. രാത്രി മുറ്റത്തിറങ്ങി നിന്നാൽ വിശാലമായ ആകാശവും നിറയെ നക്ഷത്രങ്ങളും കാണാം. തുറസായ ശൈലിയിലാണ് അകത്തളങ്ങൾ. അതുകൊണ്ട് നല്ല വെന്റിലേഷൻ ലഭിക്കുന്നു.എന്റെ മുറിയിൽ ഇരുന്നാൽ പുറത്തെ പാടത്തിന്റെ കാഴ്ചകൾ ആസ്വദിക്കാം. ഇപ്പോഴും തിരികെ വിളിക്കുന്ന, ഞങ്ങൾക്കായി കാത്തിരിക്കുന്ന ഒരു വീടാണ് പേരാമ്പ്രയിലെ തറവാട്.

rajisha-1

 

വിരുന്നു വന്ന വീടുകൾ... 

അച്ഛൻ വിജയൻ ആർമി ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഷീല വീട്ടമ്മയാണ്. എനിക്കൊരു അനിയത്തി അഞ്ജുഷ. ഇപ്പോൾ ബി എസ് സിക്ക് പഠിക്കുന്നു. ചെറുപ്പത്തിൽ അച്ഛന്റെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് ഞങ്ങളുടെ ജീവിതവും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പറിച്ചുനടപ്പെട്ടുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ തറവാടിനെക്കാൾ ആർമി ക്വാർട്ടേഴ്സുകളാണ് ഓർമകളിൽ നിറയുന്നത്. ഒരുപാട് മുറികളുള്ള ഒരു വലിയ വീടുതന്നെയായിരുന്നു ഓരോ ക്വാർട്ടേഴ്സുകളും.

ഗൃഹനാഥന്മാർ പലപ്പോഴും അകലെയായതിനാൽ അമ്മമാർ തമ്മിൽ ഒരു ഹൃദയബന്ധമുണ്ടായിരുന്നു. അതുപോലെ ഞങ്ങൾ കുട്ടികളും. ഓരോ യാത്ര പറയലുകളും ഒരുപാട് മുറിപ്പെടുത്തുമായിരുന്നു. കൂടുതലും നോർത്ത് ഇന്ത്യയിലായിരുന്നു ജീവിതം. ഡൽഹിയിലായിരുന്നു കോളജ് പഠനം. ജൂണിൽ കാണിക്കുന്ന പോലെ വീട്ടിൽ നിന്നും മാറി നിൽക്കുമ്പോഴുള്ള വിഷമം അന്ന് അറിഞ്ഞിട്ടുണ്ട്.

ഓരോ വീടുകൾക്കും ഓരോ ഊർജമുണ്ട്. ചില വീടുകളിൽ ചെല്ലുമ്പോൾ നമുക്ക് പെട്ടെന്ന് പോരണമെന്നു തോന്നാറില്ലേ, അതുപോലെ ചില വീടുകളിൽ സമയം ചെലവഴിക്കാനും തോന്നും. പോസിറ്റീവ് എനർജി കൂട്ടി നെഗറ്റീവ് എനർജി കുറയ്ക്കുക എന്ന കൺസെപ്റ്റിൽ എനിക്ക് വിശ്വാസമുണ്ട്. 

 

oru-cinemakaran-flat

ഫ്ലാറ്റ് ജീവിതം... 

ഇപ്പോൾ സിനിമയുടെ സൗകര്യങ്ങൾക്ക് ഞങ്ങൾ കൊച്ചിയിലേക്ക് താമസം മാറി. ഇവിടെ ഒരു ഫ്ലാറ്റിലാണ് താമസം. എനിക്ക് മുറിയിൽ അധികം സാധനങ്ങൾ കുത്തി നിറയ്ക്കുന്നത് ഇഷ്ടമല്ല. ജൂണിന്റെ പോസ്റ്ററിൽ കണ്ടപോലെ പഴയ ഫോട്ടോകൾ ചേർത്തുവച്ചൊരു ഫോട്ടോവോൾ ഒരുക്കിയിട്ടുണ്ട്. അമ്മയാണ് വീടിന്റെ രക്ഷാധികാരി. ഞാൻ കൂടുതലും യാത്രകളിൽ ആയതുകൊണ്ട് വീട് അങ്ങനെ ശ്രദ്ധിക്കാൻ കഴിയാറില്ല.

june-home

 

സിനിമാവീടുകൾ...

നല്ല രസമുള്ള വീടുകളിൽ താമസിച്ച് അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് എന്റെ ഒരു ഭാഗ്യം. അനുരാഗക്കരിക്കിൻ വെള്ളം, ജൂൺ തുടങ്ങിയ സിനിമകളിൽ വീടും ഒരു കഥാപാത്രമാണ്. 'ഒരു സിനിമാക്കാരൻ' എന്ന സിനിമയിൽ ഞാനും വിനീതും താമസിക്കുന്ന ഫ്ലാറ്റും ഓർമയിൽ തങ്ങിനിൽക്കുന്നതാണ്. അതിൽ സിനിമാസെറ്റിൽ നിന്നും ബാക്കിയായ സാധനങ്ങൾ കൊണ്ടുള്ള ക്യൂരിയോസാണ് ഫ്ലാറ്റ് അലങ്കരിക്കുന്നത്. പഴയ സൈക്കിൾ വീലിൽ ലൈറ്റ് പിടിപ്പിച്ച ഒരു ഇൻസ്റ്റലേഷനുമുണ്ടായിരുന്നു അവിടെ...സിനിമയിലെ സഹപ്രവർത്തകർക്ക് കൂടുതലും ഫ്ളാറ്റുകളാണുള്ളത്. പുറമെ നിന്ന് കണ്ടിട്ടുള്ളതിൽ ഇഷ്ടം തോന്നിയത് പനമ്പിള്ളി നഗറിലുള്ള നടൻ കുഞ്ചൻ ചേട്ടന്റെ വീടാണ്. നമ്മുടെ
കണ്ണുകളെ വലിച്ചെടുക്കുന്ന ഒരു ഭംഗി ആ വീടിനുണ്ട്. അതിനകത്ത് ഒന്ന് കയറിക്കാണണമെന്നു ഇപ്പോഴും ആഗ്രഹമുണ്ട്.

 

ജൂണിലെ വീട്...

ജൂൺ എന്ന കഥാപാത്രവുമായി താദാത്മ്യപെടുത്താവുന്ന സംഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. വൈക്കത്തുള്ള നൂറു വർഷത്തോളം പഴക്കമുള്ള ഒരു തറവാടാണ് ജൂണിന്റെ വീടായി വേഷമിട്ടത്. ചരിഞ്ഞ മേൽക്കൂരയിൽ ഓടുമേഞ്ഞ വീട്. മുറ്റത്തു പഞ്ചാരമണലും ചെടികളും. തൊട്ടുമുന്നിൽ കനാലുണ്ട്. അതിലെ എന്റെ മുറി ഇഷ്ടമായി എന്നു ഒരുപാടുപേർ പറഞ്ഞിരുന്നു. അതിനുശേഷം മുംബൈയിൽ താമസിക്കുന്ന ഫ്ലാറ്റും മനോഹരമായി ചിട്ടപ്പെടുത്തിയതാണ്. അതിന്റെ ക്രെഡിറ്റ് സിനിമയുടെ കലാസംവിധായകനാണ്.

 

സ്വപ്നവീട്...

എനിക്ക് വിക്ടോറിയൻ ശൈലിയിലുള്ള വീടുകൾ ഇഷ്ടമാണ്. വേറിട്ടുനിൽക്കുന്ന മുഖപ്പുകളും അതിലേക്ക് വള്ളിച്ചെടികൾ പടർന്നുപൂവിട്ടു നിൽക്കുന്ന വീടുകൾ. അതുപോലെ നമ്മുടെ നാടൻ വീടുകളും ഇഷ്ടമാണ്. ഭാവിയിൽ ഒരു വീടുവയ്ക്കുകയാണെങ്കിൽ ഇതുരണ്ടും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു ഫ്യൂഷൻ വീടു വയ്ക്കണം എന്നാണ് സ്വപ്നം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com