ADVERTISEMENT

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ ദീപൻ മുരളി വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വിളക്കണഞ്ഞ വീട്... 

തിരുവനന്തപുരം ജില്ലയിലെ പൊറ്റയിൽ എന്ന സ്ഥലത്താണ് കുടുംബവീട്. അച്ഛൻ, അമ്മ, ചേട്ടൻ, ഞാൻ..ഇതായിരുന്നു സന്തുഷ്ടമായ കുടുംബം. പക്ഷേ വളരെ പെട്ടെന്നാണ് ജീവിതം മാറിമറിഞ്ഞത്. വീടിന്റെ വിളക്കായിരുന്ന അമ്മയുടെ അപ്രതീക്ഷിതമായ മരണം ഞങ്ങൾക്കെല്ലാം ഒരു ഷോക്ക് ആയിരുന്നു. പെട്ടെന്നൊരു തണൽ ഇല്ലാതായപോലെ. അമ്മ ഇല്ലാത്ത ആ വീട്ടിൽ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. ഇടയ്ക്കിടയ്ക്ക് ഞാൻ അമ്മയുടെ അലമാര തുറന്നു നോക്കും. അമ്മയുടെ സാരികൾ തൊട്ടുനോക്കും. ഇളയ മകൻ ആയതുകൊണ്ട് വീട്ടിൽ അത്യാവശ്യം ലാളിച്ചാണ് വളർത്തിയത്. അടുത്ത കാലം വരെ ഒരു ചായ പോലും ഇട്ടു കുടിക്കാൻ ശ്രമിച്ചിട്ടില്ല. പതിയെ ഞാൻ വിഷാദത്തിലേക്ക് കൂപ്പുകുത്തി. അങ്ങനെയാണ് ഒരു മാറ്റത്തിനായി തിരുമലയിൽ ഒരു വാടകവീട്ടിലേക്ക് താമസം മാറുന്നത്.

 

deepan-family-jpeg

സ്വന്തം പോലെ വാടകവീട്...

deepan-rented-home-jpeg

ശൂന്യതയിൽ നിന്നാണ് പിന്നീട് ജീവിതം തുടങ്ങുന്നത്. വാടകവീട്ടിൽ ഒന്നും ഒരുക്കിയിട്ടില്ല. ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങി. ഫർണിച്ചർ, കർട്ടൻ, അലമാര, അടുക്കള സാമഗ്രികൾ എല്ലാം സ്വയം വാങ്ങി. അങ്ങനെ പതിയെ വാടക വീട്ടിൽ ഞാൻ സ്വന്തം വീടിനെ കണ്ടെത്തിത്തുടങ്ങി. ആ സമയത്താണ് വിവാഹം. ഭാര്യ കൂടി എത്തിയതോടെ വീട് ഒരുക്കലിന് വേഗം കൂടി. ഭാര്യ ഇപ്പോൾ ഗർഭിണിയാണ്. അവൾ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിൽ അവൾ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ഗൃഹഭരണം ഞാനാണ്. വീട് വൃത്തിയാക്കലും, പാചകവുമെല്ലാം ചെയ്യും. 

എനിക്ക് വീടിനകം രണ്ടാഴ്ചയിൽ കൂടുതൽ ഒരേപോലെയിരിക്കുന്നത് ഇഷ്ടമല്ല. അപ്പോൾ ഫർണിച്ചറുകൾ മാറ്റി ചില ചെപ്പടി വിദ്യകൾ ചെയ്യും. എനിക്ക് ആന്റിക്ക് ക്യൂരിയോസിന്റെ ഒരു ശേഖരമുണ്ട്. അതുകൊണ്ടാണ് അകത്തളങ്ങൾ അലങ്കരിച്ചിരിക്കുന്നത്. ഇന്റീരിയർ ഡിസൈനിങ് കഴിഞ്ഞാൽ ഹരം ചെടികളോടാണ്. രണ്ടാം നിലയിലുള്ള ബാൽക്കണി നിറയെ പൂച്ചെടികൾ കൊണ്ട് നിറച്ചു. വീടിനകത്തും ചെടികൾ നൽകിയിട്ടുണ്ട്. ചെറിയ തോതിൽ പച്ചക്കറി കൃഷിയും ടെറസിൽ ചെയ്യുന്നുണ്ട്. എന്റെ സുഹൃത്തുക്കളൊക്കെ വീടുകാണാനായി വരാറുണ്ട്. വീട് കാണുമ്പോൾ ഉടമസ്ഥനും ബഹുസന്തോഷം. 

 

സ്വപ്നവീട്...

ഇനിയുള്ള ലക്ഷ്യം സ്വന്തമായി ഒരു വീട് നിർമിക്കുക എന്നതാണ്. നിർമിക്കുക മാത്രമേ വേണ്ടൂ. ബാക്കി അകത്തളങ്ങൾ എല്ലാം ഞാൻ ഇവിടെ സെറ്റ് ചെയ്തിട്ടുണ്ടല്ലോ...അതെടുത്ത് മാറ്റി വയ്ക്കുക മാത്രം മതി. അധികം ആഡംബരങ്ങൾ ഒന്നും വേണ്ട. കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഒരു കൊച്ചു വീട്. അതിനായി കാത്തിരിക്കുകയാണ് ഞാനും കുടുംബവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com