sections
MORE

സ്വാഗതം, രഞ്ജിത്ത് ശങ്കറിന്റെ ഏദൻതോട്ടത്തിലേക്ക്..; വിഡിയോ

SHARE

കലാമൂല്യവും വിപണിമൂല്യവും സമന്വയിക്കുന്ന സിനിമകളുടെ സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. പാസഞ്ചർ മുതൽ രാമന്റെ ഏദൻതോട്ടം, പ്രേതം, പുണ്യാളൻ അഗർബത്തീസ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകരുടെ ഇഷ്ടം നേടിയവയാണ്. കൊച്ചി വാഴക്കാലയിലാണ് രഞ്ജിത്ത് ശങ്കറിന്റെ രചന എന്ന വീട്. സ്വപ്നവീടിന്റെ പുതിയ അധ്യായത്തിൽ രഞ്ജിത്തിന്റെ വീടിന്റെ കാഴ്ചകൾ അടുത്തറിയാം. 

ranjith-sankar-exterior

ഞാനൊരു തൃശൂരുകാരനാണ്. എന്റെ മിക്ക സിനിമകൾക്കും തൃശൂർ പശ്‌ചാത്തലമായതും നാടിനോടുള്ള ഗൃഹാതുരത കൊണ്ടായിരിക്കാം. തൃശൂർ ടൗണിൽ പടിഞ്ഞാറേക്കോട്ടയാണ് എന്റെ തറവാട്. എൺപതുകളിൽ നിർമിച്ച ഏകദേശം 3000 ചതുരശ്രയടിയുള്ള ഇരുനില കോൺക്രീറ്റ് വീടായിരുന്നു. വിശാലമായ മുറികളായിരുന്നു വീടിന്റെ ഹൈലൈറ്റ്.  കഴിഞ്ഞ 15 വർഷമായി അടച്ചിട്ടിരിക്കുകയാണ് വീട്. പലരും മോഹവിലയ്ക്ക് വീടും സ്ഥലവും ചോദിച്ചു. എങ്കിലും ഞാൻ കൊടുത്തില്ല. എനിക്ക് വേരുകൾ പ്രധാനമാണ്. തൃശൂരിനെയും എന്നെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ആ വീടാണ്. 

ഞാൻ സിവിൽ എൻജിനീയറിങ്ങാണ് പഠിച്ചത്. പക്ഷേ അതുമായി യാതൊരു ധാരണയും ഇപ്പോഴില്ല. പഠനം കഴിഞ്ഞു കുറച്ചുകാലം ജോലി ചെയ്തത് ഐടി മേഖലയിലാണ്. അതുകഴിഞ്ഞു സിനിമാമോഹങ്ങളുമായാണ് കൊച്ചിയിലേക്ക് ചേക്കേറുന്നത്. ആദ്യം കുറച്ചുകാലം വാടകയ്ക്കു താമസിച്ചു. 2005 ലാണ് ഈ വീട് മേടിക്കുന്നത്. അന്ന് ഒരുനില വീടായിരുന്നു നഗരഹൃദയത്തിൽത്തന്നെ, എന്നാൽ അതിന്റെ ബഹളങ്ങൾ ഇല്ലാത്ത സ്വസ്ഥതയുള്ള പ്രദേശമാണിവിടം. അതാണ് എന്നെ ഏറ്റവും ആകർഷിച്ചത്. എന്നെ എഴുതാൻ പ്രചോദിപ്പിക്കുന്ന ഇടം എന്ന ചിന്തയിലാണ് രചന എന്നുപേരിട്ടത്. 

ranjith-sankar-home

കുട്ടികൾ വലുതായപ്പോൾ വീട്ടിൽ സ്ഥലപരിമിതി ഒരു പ്രശ്നമായി. അങ്ങനെ 2014-ലാണ് വീട് പുതുക്കിപ്പണിയുന്നത്. ഇതിനു സമീപമുള്ള സ്ഥലവും വീടും ഞാൻ മേടിച്ചിരുന്നു. അവിടെ താമസിച്ചാണ് വീട് പുതുക്കിപ്പണിതത്. മുറികൾ വിശാലമാക്കി. മുകളിൽ മുറികൾ കൂട്ടിച്ചേർത്തു. സ്വീകരണമുറി, ഹാൾ, ഊണുമുറി, അടുക്കള, മൂന്ന് കിടപ്പുമുറികൾ, ഹോം തിയറ്റർ എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. 

ranjith-sankar

ഭാര്യ സ്മിത സോഫ്റ്റ്‌‌വെയർ എൻജിനീയറാണ്. മകൾ താര ഒൻപതാം ക്‌ളാസിലും മകൻ തരുൺ ആറാം ക്‌ളാസിലും പഠിക്കുന്നു. അച്ഛൻ ശങ്കരൻകുട്ടി ഡെപ്യൂട്ടി രജിസ്ട്രാർ ആയാണ് വിരമിച്ചത്. അമ്മ ശാന്തകുമാരി അധ്യാപികയായിരുന്നു. ഇരുവരും എന്നോടൊപ്പമാണ് താമസിക്കുന്നത്.

ranjith-sankar-family

സിനിമയിൽ നിന്നും കിട്ടിയ പുരസ്‌കാരങ്ങൾ സ്നേഹത്തോടെ സൂക്ഷിക്കാനായി താഴത്തെ ഹാളിൽ ഒരു ഡിസ്പ്ളേ ഷെൽഫ് ഒരുക്കിയിട്ടുണ്ട്. ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ഫ്‌ളോട്ടിങ് ശൈലിയിൽ മൂന്ന് നിലകളിലായി പരന്നുകിടക്കുകയാണ് ഗോവണി. പൂജാമുറി ഒരുക്കിയത് ഗോവണിയുടെ താഴെയാണ്. ഇവിടേക്കുള്ള സ്ഥലത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു ഭംഗിയാക്കിയിട്ടുമുണ്ട്.

ranjith-sankar-home-hall

വീടിന്റെ നിർമാണകാര്യങ്ങളിലൊന്നും ഞാൻ ഇടപെട്ടിരുന്നില്ല. ഭാര്യയാണ് മേൽനോട്ടം വഹിച്ചത്. മിനിമൽ ശൈലിയുടെ പ്രയോക്താവാണ് ഭാര്യ സ്മിത. അതാണ് വീടിനുള്ളിൽ അധികം കടുംവർണങ്ങളോ അലങ്കാരങ്ങളോ നൽകാത്തത്. ഒരു ഹോം തിയറ്റർ വേണം എന്നുമാത്രമായിരുന്നു എന്റെ ആവശ്യം. അത് വീട്ടിൽ ഒരുക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ അധികം അവിടെ കയറാൻ താൽപര്യപ്പെടാറില്ല എന്നതാണ് കോമഡി. സ്മാർട് ടെലിവിഷനുകൾ എത്തിയതോടെ ഹോം തിയറ്ററുകളുടെ പ്രസക്തി കുറഞ്ഞു വരികയാണ് എന്നുതോന്നുന്നു. ഇപ്പോൾ സ്വീകരണമുറി തന്നെയാണ് എന്റെ ഹോം തിയറ്റർ.

ranjith-sankar-wife

സിനിമയിൽ എത്തുന്നതിനു മുൻപ് 2007 ൽ കൊച്ചിയിൽ ഒരു ചെറിയ ഫ്ലാറ്റും മേടിച്ചു. ഒരുപക്ഷേ പിൽക്കാലത്ത് എന്റെ സിനിമാമോഹങ്ങൾക്ക് സാമ്പത്തിക പിന്തുണയായി നിന്നത് ആ ഫ്ലാറ്റായിരിക്കും. ആദ്യ സിനിമയായ പാസഞ്ചർ നിർമിക്കാൻ പലരെയും സമീപിച്ചിട്ടും നടന്നില്ല. ഒന്നും നടന്നില്ലെങ്കിൽ വീടും സ്ഥലവും പണയം വയ്ക്കാം എന്നൊരു ധൈര്യം ഉണ്ടായിരുന്നു. കേറിക്കിടക്കാൻ മറ്റൊരു ഫ്ലാറ്റ് ഉണ്ടല്ലോ!..എന്തായാലും അതിന്റെ ആവശ്യം വന്നില്ല. ചിത്രത്തിന് നിർമാതാവിനെ ലഭിച്ചു. ഫ്ളാറ്റിപ്പോൾ എന്റെ സിനിമകളുടെ പ്രൊഡക്‌ഷൻ ഓഫീസായി പ്രവർത്തിക്കുകയാണ്.  

സിനിമകളുടെ ലൊക്കേഷനുകൾ ഒരു നിയോഗം പോലെ തേടിയെത്തിയ അനുഭവമാണ് എനിക്കുള്ളത്. രാമന്റെ ഏദൻതോട്ടത്തിൽ ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷമാണു വാഗമണ്ണുള്ള റിസോർട് കടന്നുവരുന്നത്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്റെ ഭാര്യയുടെ നാട് ഒറ്റപ്പാലമാണ്. വരിക്കാശേരി മനയുമായി അകന്ന ബന്ധുതയുമുണ്ട്. എന്നെങ്കിലും വരിക്കാശ്ശേരി മനയിൽ ഒരു ചിത്രം ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പ്രേതത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ആ സ്വപ്നവും സഫലമായി. 

എത്ര ദൂരെ പോയാലും ഓരോ മലയാളിയും തിരിച്ചു വരാൻ ആഗ്രഹിക്കുന്ന ഇടമാണ് സ്വന്തം വീട്. കട്ടയും സിമന്റും കൊണ്ട് പണിയുമ്പോഴല്ല, അതിൽ താമസിക്കുന്നവർ തമ്മിലുള്ള സ്നേഹബന്ധം ദൃഢമാകുമ്പോഴാണ് ഓരോ വീടും പൂർത്തിയാകുന്നത് എന്നാണ് എന്റെ വിശ്വാസം. രചന എല്ലാ അർഥത്തിലും എന്റെ സ്വപ്‌നവീട്‌ തന്നെയാണ്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA