sections
MORE

തിരഞ്ഞെടുപ്പിനൊരുങ്ങി നേതാക്കന്മാരുടെ ഈ വീടുകളും!

candidates-house
ചിത്രങ്ങൾ: ടി. പ്രശാന്ത് കുമാർ∙ മനോരമ
SHARE

തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിൽ പോരിനൊരുങ്ങി നിൽക്കുന്ന സ്ഥാനാർഥികളും നേതാക്കന്മാരും. അവരുടെ വീടുകൾക്കുമുണ്ടാവും അനേകം വിശേഷങ്ങൾ പങ്കുവയ്ക്കാൻ. ഇതാ, ആ വീടുകൾ കഥ പറയുന്നു.

നായകൻ വീട്ടിലെത്തി

k-muralidharan-veed
വടകര യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ വീട്.

ഏറെ നാളത്തെ ആഗ്രഹത്തിനും കാത്തിരിപ്പിനുമാണ് അവസാനമായത്. ബിലാത്തിക്കുളം റോഡിലെ ‘ജ്യോതിസ്’ കെ.മുരളീധരന്റെ വീടാണെന്ന് നാട്ടുകാർക്ക് അറിയാമെങ്കിലും മുരളിയില്ലെങ്കിൽ വീട് വീടാകുമോ? വട്ടിയൂർക്കാവ് എംഎൽഎ ആയി വിട പറഞ്ഞുപോയ അന്നു മുതൽ ഓരോ ദിവസവും കാത്തിരിക്കാനായിരുന്നു വിധി. 

ഇടയ്ക്കിടെ ഒന്നുവന്നു തലകാണിച്ചിട്ടു പോകുമായിരുന്നുവെങ്കിലും ഈ വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. തിരികെ കോഴിക്കോടിന്റെ മണ്ണിലേക്ക് എത്തിയപ്പോൾ അണികൾ നൽകിയ സ്വീകരണവും ആവേശവും വീട്ടിലെത്തിയപ്പോഴും അവസാനിച്ചില്ലെന്നതാണ് സത്യം. പ്രചാരണം ആരംഭിച്ചതോടെ ഇപ്പോൾ രാവിലെയും രാത്രിയും മുറ്റം ഉഷാറാണ്. തിരഞ്ഞെടുപ്പ് കഴിയും വരെ ഈ ഉഷാർ തുടരുകയും ചെയ്യുമെന്നതിൽ സംശയമില്ല. ഒറ്റപ്പെടലിന്റെ വേദന ഇനിയുണ്ടാവില്ല. കാരണം മുരളി ഇങ്ങെത്തിയല്ലോ....

ജ്യോതിസ്

c/o കെ.മുരളീധരൻ

നാഥൻ ഉറങ്ങാത്ത വീട്

mk-raghavan-house
കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ വീട്.

മുറ്റത്തെ പ്ലാവിൽ തൂക്കിയിട്ടിരിക്കുന്ന ആ വെള്ളം നിറച്ച ചട്ടി കണ്ടോ? ആദ്യം ഇവിടെയെത്തുന്നവർക്ക് കാര്യം മനസ്സിലാകില്ലെങ്കിലും തൊട്ടുപിന്നാലെ പാട്ടുംപാടി കിളികളെത്തുമ്പോൾ സംഭവം പിടികിട്ടും. വേനലിൽ ദാഹിച്ചു വലയുന്ന കിളികൾക്ക് കുടിക്കാനായി എ.കെ.രാഘവൻ തൂക്കിയിട്ടിരിക്കുന്നതാണ് ഈ ചട്ടി. 

2011ലാണ് ‘അശോക’യിൽ താമസിക്കാൻ രാഘവൻ കുടുംബസമ്മേതം എത്തുന്നത്. അന്നും ഇന്നും ഈ വീട്ടിലെ തിരക്കിന് കുറവില്ല. അതിന് കാരണവുമുണ്ട്. രാഘവന്റെ ഓഫിസും വീടുമെല്ലാം ‘അശോക’യാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ തിരക്ക് അൽപ്പം കൂടിയെന്ന് പറയാതെ വയ്യ. പോസ്റ്ററുകൾ മുതൽ വിവിധ ചർച്ചകൾ വരെ ഇവിടെ നടക്കുന്നതിനാൽ ഏത് സമയം വീട്ടിൽ ആളാണ്. കക്ഷി നല്ല ഉറക്കപ്രിയനാണെങ്കിലും പ്രചാരണം രാത്രി വൈകുവോളം നീളുമെന്നതിനാൽ ഉറക്കം ഒക്കെ കണക്കാണ്. ആ പരിഭവം ഗസ്റ്റ് റൂമിലെ സോഫയ്ക്ക് ഉണ്ട്. ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞാലെ ഈ വീട്ടിലെ അംഗങ്ങൾക്ക് സുഖകരമായ ഉറക്കമുള്ളുവെന്നതിൽ സംശയമില്ല.

അശോക

c/o എം.കെ.രാഘവൻ

പിള്ള ഇല്ലെങ്കിലും തിണ്ണയിൽ ആളുണ്ടാവും

sreedharan-pillai-house
പി.എസ്.ശ്രീധരൻപിള്ളയുടെ വീട്

തിരഞ്ഞെടുപ്പ് അടുത്തതോടെ ഒന്ന് കാണാൻ കൂടി കിട്ടുന്നില്ല പി.എസ്. ശ്രീധരൻപിള്ളയെ. എപ്പോഴും തിരക്കിട്ട ഓട്ടം തന്നെ ഓട്ടം. പിന്നെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആയതുകൊണ്ട് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലല്ലോ? അതുകൊണ്ട് തിരക്കിട്ട ഓട്ടത്തിന് അൽപ്പം ശമനം ലഭിക്കണമെങ്കിൽ ഈ തിരഞ്ഞെടുപ്പ് കഴിയണം. ശ്രീധരൻപിള്ള ഇവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഉമ്മറത്ത് ആളനക്കമില്ലാത്ത ഒരു ദിവസം ഇതുവരെയുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. വക്കീലന്മാരുടെ കുടുംബമല്ലേ? വിവിധ കേസുകൾ മുതൽ ദാ! തിരഞ്ഞെടുപ്പ് ചർച്ചകൾ വരെ ഈ തിരുമുറ്റത്താണ് നടക്കുന്നത്. ശ്രീധരൻപിള്ളയുടെ ഓഫിസും ഇവിടെ തന്നെയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഉമ്മറത്തെ ആളനക്കത്തിന് പതിവിലും അൽപ്പം കനം കൂടിയിട്ടുണ്ടെന്നതാണ് വാസ്തവം.

ഇനി ദാ! ഈ ചാരുപടി കണ്ടോ? ഇവിടെയിരിക്കാനാണ് ശ്രീധരൻപിള്ളയ്ക്ക് എറ്റവും ഇഷ്ടം. മാധ്യമപ്രവർത്തകരോടും നേതാക്കളോടും ഈ ചാരുപടിയിലിരുന്നാണ് സംസാരം. ഇടയ്ക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞ് ഒറ്റയ്ക്ക് വന്നു ചാരുപടിയിലിരിക്കും. മുറ്റത്തെ കാഴ്ചകൾ ഒക്കെ ആസ്വദിച്ചിരിക്കുന്നതിനിടയിൽ അറിയാതെ കക്ഷി ഉറങ്ങിപോകുമെന്നത് പ്രണവത്തിന് മാത്രമറിയുന്ന രഹസ്യം. 

പ്രണവം

c/o പി.എസ്.ശ്രീധരൻപിള്ള

തിരക്ക് എന്നും ഒരുപോലെ

pradeepkumar-house
കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥി എ. പ്രദീപ് കുമാറിന്റെ വീട്.

നിലാംബരിയെന്നാണ് സ്വന്തം പേരെങ്കിലും നാട്ടിലും ചുറ്റുവട്ടത്തുമെല്ലാം അറിയപ്പെടുന്നത് പ്രദീപ്കുമാർ എംഎൽഎയുടെ വീടെന്നാണ്. അതിൽ വിഷമമില്ല കേട്ടോ, മറിച്ച് അഭിമാനമാണ്. താമസക്കാരുടെ പേരിൽ ലോകത്ത് ചുരുക്കം വീടുകളല്ലെ അറിയപ്പെടുകയുള്ളു. എംഎൽഎ സ്ഥാനം നേടിയപ്പോഴും ഇപ്പോൾ എംപി സ്ഥാനത്തേയ്ക്ക് മത്സരിക്കുമ്പോഴും തിരക്കിനു മാത്രം ഒരു കുറവുമില്ല. എങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പരമാവധി ശ്രമിക്കാറുണ്ട് കേട്ടോ. ഇനി അധികമാർക്കും അറിയാത്ത ഒരു രഹസ്യം പറയാം. വീടിനു തൊട്ടുസമീപത്തായി ഒരു ചെറിയ കോർട്ട് യാർഡ് ഉണ്ട്. അതാണ് പ്രദീപ്കുമാറിന്റെ എറ്റവും ഇഷ്ടപ്പെട്ട ഇടം. സങ്കടം വന്നാലും സന്തോഷം വന്നാലും കക്ഷിക്ക് ഇവിടെ വന്നിരിക്കാനാണ് ഇഷ്ടം. തനിക്ക് മാത്രമായിട്ടൊരു ഒരിടം വേണമെന്ന് ആർക്കിടെക്റ്റിനോട് ആവശ്യപ്പെട്ട് പണിയിച്ചതാണ്. രാവിലത്തെ പത്രവായന മുതൽ ചായ കുടി വരെ ഇവിടെയാണ്. ഇവിടെ തന്നെ സ്വന്തമായിട്ടൊരു പൂന്തോട്ടവും പച്ചക്കറി തോട്ടവും പരിപാലിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇനി ആവേശച്ചൂടാണ്. കാരണം ജയിച്ചാൽ പ്രദീപ്കുമാർ എംപിയുടെ വീടെന്നാണെല്ലോ അറിയപ്പെടുക.

നീലാംബരി

c/o എ.പ്രദീപ്കുമാർ

ഭാഗ്യമുള്ള വീട്

prakash-babu-veed
പ്രകാശ് ബാബുവിന്റെ വീട്

വിവാഹത്തിനു ശേഷമാണ് പ്രകാശ് ബാബുവും ഭാര്യ ഭാഗ്യശ്രീയും ‘ചിറ്റിലക്കോട്ട് മേത്തൽ’ വീട്ടിൽ താമസിക്കുവാനായിട്ടെത്തുന്നത്. ഭാഗ്യശ്രീയുടെ വിദ്യാഭ്യാസ സൗകര്യം കണക്കിലെടുത്താണ് ഇങ്ങോട്ട് മാറിയതെങ്കിലും പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി. മകൾ ഗൗരിലക്ഷമി ജനിച്ചതും പ്രകാശ് ബാബു സ്ഥാനാർഥിയാവുന്നതും ഈ വീട്ടിൽ നിന്നായതിനാൽ വീടിനോട് ഇത്തിരി ഇഷ്ടക്കൂടുതൽ ഉണ്ടെന്നു കൂട്ടിക്കോളു. സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായതോടെ ഇപ്പോൾ ആളെ കാണാൻ കിട്ടാത്ത അവസ്ഥയാണ്. പ്രചാരണ തിരക്കുകൾ തന്നെ കാരണം. പക്ഷേ എത്ര തിരക്കാണെങ്കിലും എന്നും വീട്ടിലെത്താൻ പരമാവധി ശ്രമിക്കുമെന്നതിൽ സംശയമില്ല

ചിറ്റിലക്കോട്ട് മേത്തൽ

c/o പ്രകാശ് ബാബു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA