ADVERTISEMENT
jayasurya-family

കാത്തിരിപ്പിനൊടുവിൽ സംസ്ഥാന അവാർഡ് തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ജയസൂര്യ. ഈ അവാർഡ് മറ്റൊരു തരത്തിൽ ജയനും കുടുംബത്തിനും സ്പെഷലാണ്. പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് ആദ്യമായി ലഭിക്കുന്ന അംഗീകാരമാണ്. അതുകൊണ്ടുതന്നെ വീട് അലങ്കരിക്കുന്ന ആദ്യത്തെ പുരസ്‌കാരം സംസ്ഥാന ചലച്ചിത്ര അവാർഡായിരിക്കും. ജയസൂര്യ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

കഴിഞ്ഞ 13 വർഷങ്ങളായി പനമ്പിള്ളി നഗറിലുള്ള വീട്ടിലായിരുന്നു താമസം. എന്നെ സംബന്ധിച്ചിടത്തോളം രാശിയുള്ള ഒരു വീടാണത്. കരിയറിലെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ പിറന്നത് അവിടെ താമസിച്ചപ്പോഴാണ്. പക്ഷേ ഷൂട്ടിന്റെയും പ്രൊമോഷന്റെയും ഭാഗമായുള്ള യാത്രകൾ വർധിച്ചപ്പോഴാണ് ഒരു ഫ്ലാറ്റ് നോക്കാം എന്ന് തീരുമാനിച്ചത്. സരിതയ്‌ക്കും ബുടീക്കിന്റെ തിരക്കുകളുണ്ട്. അതിനിടയ്ക്ക് പലപ്പോഴും വീടു വേണ്ടപോലെ പരിപാലിക്കാൻ സമയം കിട്ടാറില്ല. ഫ്ലാറ്റ് ആകുമ്പോൾ നോക്കി നടത്താൻ എളുപ്പമാണ്. കുറച്ചുകൂടി സുരക്ഷിതമാണ്. ആ തിരച്ചിൽ ചെന്നവസാനിച്ചത് കൊച്ചി മറൈൻ ഡ്രൈവിന് സമീപമുള്ള ഒരു ഫ്ലാറ്റിലാണ്. ഫ്ലാറ്റിലേക്ക് മാറിയെങ്കിലും ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിൽ പോയി നിൽക്കാറുണ്ട്. 

jayasurya-flat-pooja

പ്രകൃതി ഒരുക്കുന്ന ചിത്രങ്ങൾ

jayasurya-flat-living

കൊച്ചിക്കായലിന്റെ  ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ ആസ്വദിക്കാവുന്ന ഇടങ്ങളിലൊന്ന്- ഇതാണ്‌ ഈ ഫ്ലാറ്റിന്റെ ഏറ്റവും വലിയ സവിശേഷത. ഞങ്ങളുടെ വീടും സരിതയുടെ ബുട്ടീക്കും ഒക്കെ രൂപകൽപന ചെയ്ത ആർക്കിടെക്ട് മനോജ് കുമാറാണ് (ഇല്യൂഷൻസ് ആർക്കിടെക്ചറൽ ഗ്രൂപ്പ്, കൊച്ചി) ഫ്ലാറ്റും ഡിസൈൻ ചെയ്തത്. വീടിന്റെ വിശാലതയിൽനിന്നും ഫ്ലാറ്റിലേക്ക് ചേക്കേറുമ്പോൾ ഞെരുക്കം അനുഭവപ്പെടരുത് എന്ന് നിർബന്ധമായിരുന്നു. തുറസായ ശൈലിയിൽ വിശാലമായാണ് അകത്തളങ്ങൾ. അതുകൊണ്ട് ഒരു വീട്ടിൽ ചെലവഴിക്കുന്ന പ്രതീതി ഇവിടെയും ലഭിക്കും. 3500 ചതുരശ്രയടിയുള്ള 3 BHK ഫ്ലാറ്റാണ്. എല്ലാ മുറികളും കായൽക്കാഴ്ചകളിലേക്കാണ് തുറക്കുന്നത്. 

jayasurya-flat-dine-hall

സരിത ഡിസൈനർ ആയതുകൊണ്ട് വീടൊരുക്കുന്നതിലും നല്ല ധാരണയുണ്ട്. ബാക്കി കാര്യങ്ങൾ സരിത പറയട്ടെ... 

jayaurya-flat-dine

എനിക്ക് മിനിമൽ ഡിസൈനുകളോടാണ് താൽപര്യം. ജയനും അങ്ങനെതന്നെ. അതുകൊണ്ട് അധികം സാധങ്ങൾ ഒന്നും വലിച്ചു വാരി നൽകിയിട്ടില്ല. വൈറ്റ്, ഗ്രേ നിറങ്ങളാണ് കൂടുതലും നൽകിയത്. ഒരു ബുദ്ധ തീം കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നതിൽ ഇതുവലിയ പങ്കുവഹിക്കുന്നുണ്ട്. ഫ്ളാറ്റിലെ ഫർണിച്ചറുകളും ക്യൂരിയോസും ഞങ്ങളും ആർകിടെക്റ്റും ഒരുമിച്ചു പോയി തിരഞ്ഞെടുത്തവയാണ്.  ലിവിങ്- ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. ഡൈനിങ് ടേബിളിനു മുകളിൽ നൽകിയ തൂക്കുവിളക്കുകൾ ഒരുപാട് കടകളിൽ കയറിയിറങ്ങി തിരഞ്ഞെടുത്തതാണ്.

ഇതിനിടയിൽ ജയസൂര്യ വീണ്ടും ഇടപെട്ടു.

jayaurya-flat-budha-theme

സ്വീകരണമുറിയിൽ ധ്യാനത്തിലിരിക്കുന്ന ബുദ്ധന്റെ ഒരു ക്യൂരിയോ നൽകിയിട്ടുണ്ട്. ചുറ്റിനും ചെറിയൊരു വാട്ടർ ഫൗണ്ടനും. അതുപോലെ ഫ്ളാറ്റിലെ നീണ്ട ഇടനാഴിയുടെ അറ്റത്തായി ബുദ്ധന്റെ പെയിന്റിങ്ങുണ്ട്. ബാൽക്കണിയിൽ ചെറിയ പെയിന്റിങ് നൽകിയിട്ടുണ്ട്. ഷൂട്ട് ഒക്കെ കഴിഞ്ഞു വീട്ടിലെത്തി അതിനെ നോക്കിയിരിക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സ്വസ്ഥത ഫീൽ ചെയ്യും. 

അടുക്കളയുടെ കാര്യം ഇനി വീട്ടുകാരി തന്നെ പറയട്ടെ...

jayaurya-flat-kitchen

എനിക്ക് പാചകം ഇഷ്ടമാണ്. അതുകൊണ്ട് അടുക്കളയിൽ എല്ലാം കയ്യെത്തും ദൂരത്തു ഉണ്ടാകണം എന്നുണ്ടായിരുന്നു. ഷൂട്ടില്ലാത്തപ്പോൾ ജയനും അടുക്കളയിൽ കയറാറുണ്ട്. ഇവിടെയുള്ള ബ്രേക്ഫാസ്റ്റ് കൗണ്ടറാണ് ഞങ്ങളുടെ മറ്റൊരു ഒത്തുകൂടൽ ഇടം.

jayaurya-flat-bed
jayasurya-flat-bedroom

മൂന്നു കിടപ്പുമുറികൾക്കും ബാൽക്കണിയുണ്ട്. സ്ലൈഡിങ് ഗ്ലാസ് ഡോർ നൽകിയതുകൊണ്ട് കട്ടിലിൽ ഇരുന്നാലും പുറത്തെ കാഴ്ചകൾ കാണാം. മകൻ അദ്വൈതിനും മകൾ വേദയ്ക്കും തങ്ങളുടെ മുറികളെ കുറിച്ചു ഡിമാൻഡുകൾ ഉണ്ടായിരുന്നു. അദ്വൈതിനു ബങ്ക് ബെഡ് വേണം, വേദയ്ക്ക് മുറി പിങ്ക് തീമിലാകണം. ഇരുവരുടെയും ആവശ്യങ്ങൾ സാധിച്ചുകൊടുത്തിട്ടുണ്ട്.

ഫേവറിറ്റ് കോർണർ

jayasurya-flat-balcony

ബാൽക്കണികളാണ് ഞങ്ങളുടെ ഇഷ്ട ഇടം. ഫ്ലാറ്റിൽ ഉള്ളപ്പോൾ ദിനം ആരംഭിക്കുന്നതും അവസാനിക്കുന്നതും ബാൽക്കണിയിൽ ഹാജർ വച്ചുകൊണ്ടായിരിക്കും. പ്രകൃതിയുടെ ഭാവഭേദങ്ങൾ ഇവിടെ ഇരുന്നാൽ ആസ്വദിക്കാം.

കണ്ടെയിനർ ടെർമിനൽ, മറൈൻ ഡ്രൈവിലെ തിരക്ക്, വൈപ്പിൻ പാലം, ബോൾഗാട്ടി പാലസ്, കായലിലൂടെ പോകുന്ന ബോട്ടുകൾ, ചെറുവള്ളങ്ങൾ, വലിയ കപ്പലുകൾ... ഓരോ സമയത്തും ഓരോ മൂഡാണ് ഇവിടെ ഇരുന്നാൽ ലഭിക്കുക. സംസ്ഥാന അവാർഡ് വിതരണം ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുന്നതിന്റെ ത്രില്ലിലാണ് ഞങ്ങൾ..ഒപ്പം ഫ്ലാറ്റും...

Project Facts

Location- Marinedrive, Kochi

Owner- Jayasurya& Saritha

Designer- Ar. Manoj Kumar

Illusions Architecture& Designs, Kochi

Mob- 0484-2317701

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com