ADVERTISEMENT

മിനിസ്‌ക്രീനിലെ നിത്യഹരിത നായകനാണ് ശരത് ദാസ്. നാൽപതു വയസ്സ് കഴിഞ്ഞെങ്കിലും ഇപ്പോഴും വേണമെങ്കിൽ കോളജ് പയ്യനായി കാസ്റ്റ് ചെയ്യാം! ദേവദൂതൻ സിനിമയിൽ മോഹൻലാലിനൊപ്പം നൃത്തം ചെയ്യുന്ന ശരത്തിൽ നിന്നും അധികം മാറ്റമൊന്നും ഇന്നും വന്നിട്ടില്ല. ശരത് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

കലാഭരിതം വീട്...

മലയാളഭാഷയ്ക്ക് അനവധി സംഭാവനകൾ നൽകിയ വെണ്മണി മനയിലെ പിന്മുറക്കാരനായിരുന്നു അച്ഛൻ ഹരിദാസ്. കഥകളി സംഗീതജ്ഞനായിരുന്നു. ആദ്യം കുറേകാലം മൃണാളിനി സാരാഭായിയുടെ കൂടെ പ്രവർത്തിച്ചു. മലപ്പുറം പെരിന്തൽമണ്ണയിലുള്ള അമ്മവീട്ടിലാണ് ഞാൻ ജനിച്ചത്. ആലുവയിലെ തറവാടിനെ കുറിച്ച് നേർത്ത ഓർമ്മകൾ മാത്രമേയുള്ളൂ. എനിക്ക് ആറുമാസം പ്രായമുള്ളപ്പോൾ അച്ഛൻ തിരുവനന്തപുരത്തേക്ക് കൂടുമാറി. അവിടെ മാർഗി എന്ന പേരിൽ ഒരു കലാലയത്തിൽ അച്ഛൻ ജോലിക്ക് കയറി.

മറക്കാനാകില്ല ആ കടപ്പാട് 

sarath

ഞങ്ങളുടെ അകന്ന ബന്ധുതയിലുള്ള ആറ്റുപുറത്ത് മനയാണ് ഞങ്ങൾക്ക് അഭയം നൽകിയത്. ആറ്റുപുറം മനയോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരില്ല. മനയുടെ ഭാഗമായുള്ള ഒരു ചെറിയ ഓടിട്ട കെട്ടിടമായിരുന്നു 1978 മുതൽ 2002 വരെയുള്ള നീണ്ട 24 വർഷങ്ങൾ ഞങ്ങളുടെ വീട്. കഷ്ടപ്പാടും ദാരിദ്ര്യവും ഉണ്ടായിരുന്നു. മഴക്കാലത്ത് പഴയ മേൽക്കൂര ചോരുമ്പോൾ ഓട് മാറ്റിയിടുക എന്റെ ജോലിയായിരുന്നു. അങ്ങനെ ഇത്തിരിവട്ടത്തിൽ പരസ്പരം കരുതി കഴിഞ്ഞ കുറേവർഷങ്ങൾ ഇന്നും ഓർമയിലുണ്ട്. 

എന്റെ വിദ്യാഭ്യാസ കാലം എല്ലാം തിരുവനന്തപുരത്തായിരുന്നു. ചെറുപ്പത്തിലേ ഞാനും ചില്ലറ പാട്ടും നൃത്തവുമൊക്കെ അഭ്യസിച്ചിരുന്നു. കോളജ് കഴിഞ്ഞു 1994 ലാണ് ആദ്യ സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് കുറച്ചു സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. എനിക്ക് രാശിയായത് സീരിയലുകളാണ്. അതിലൂടെയാണ് അൽപം സമ്പാദിച്ചു തുടങ്ങിയത്. 

സ്വപ്നം സഫലമായി, അച്ഛൻ പോയി...

അച്ഛൻ ഒരു യഥാർഥ കലാകാരനായിരുന്നു. കലയെ ഉപാസിക്കുന്ന സമയത്ത് അധികം സ്വരുക്കൂട്ടാൻ ഒന്നും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.  അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. ദൈവാധീനം പോലെ 2002 ൽ ഞങ്ങൾ താമസിച്ചിരുന്ന ആറ്റുപുറം മനയിൽ കുറച്ചു സ്ഥലം കുറഞ്ഞ വിലയ്ക്ക് ഞങ്ങൾക്ക് നൽകി. മുഴുവൻ തുക കൊടുത്തു തീരുന്നതിനു മുന്നേ അവർ സ്ഥലം ഞങ്ങൾക്ക് വിട്ടുതന്നു. പിന്നീട് കുറച്ചുവർഷങ്ങൾക്കുള്ളിൽ ഞാൻ ആ കടം വീട്ടി. അവിടെ 2004 ൽ ഞാൻ ഒരു വീട് പണിതു. 

തിരുവനന്തപുരം ഇഞ്ചയ്ക്കലാണ് 1400 ചതുരശ്രയടിയിൽ മൂന്നു കിടപ്പുമുറികളുള്ള വീട്. അന്ന് അധികം വിലയൊന്നും ഇല്ലാതിരുന്ന പ്രദേശമാണ്. ഇപ്പോൾ ഇവിടെ സ്ഥലത്തിന് പൊന്നുവിലയാണ്. കയറിത്താമസിക്കാൻ ഒരിടം എന്നതുമാത്രമായിരുന്നു സ്വപ്നം. അതുകൊണ്ട് അകത്തളങ്ങൾ ഒന്നും അധികം അലങ്കരിച്ചിട്ടില്ല. ആറേഴു മാസം കൊണ്ടു പണിതീർത്തു. സ്വന്തം വീട്ടിൽ താമസിക്കണമെന്ന ആഗ്രഹം സഫലമായതിനുശേഷമാണ് 2005ൽ അച്ഛൻ മരിക്കുന്നത്. 

sarath-3

കുടുംബം...

2006 ലായിരുന്നു വിവാഹം. എന്റെ അകന്ന ബന്ധു കൂടിയായ മഞ്ജുവാണ് ഭാര്യ. കിംസ് ആശുപത്രിയിൽ ഓഡിയോളജിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഞങ്ങൾക്ക് രണ്ടു മക്കൾ. വേദ ഏഴാം ക്‌ളാസിലും ധ്യാന മൂന്നാം ക്‌ളാസിലും പഠിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com