ADVERTISEMENT

സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പരിചിത മുഖമാണ് രാജീവ് റോഷൻ. ഒരു മെഗാസീരിയലിനേക്കാൾ സംഭവബഹുലമാണ് രാജീവിന്റെ ജീവിതത്തിലെ വഴിത്തിരിവുകളും കടന്നുവന്ന വീടുകളും. രാജീവ് ആ കഥകൾ പങ്കുവയ്ക്കുന്നു.

കാഞ്ഞിരപ്പിള്ളിയായിരുന്നു അച്ഛന്റെ സ്വദേശം. അച്ഛൻ, അമ്മ, മൂന്ന് സഹോദരങ്ങൾ എന്നിവരായിരുന്നു കുടുംബം. അവിടെ റബർ എസ്റ്റേറ്റ് ഒക്കെയുണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ അച്ഛൻ ബിസിനസ് വിപുലമാക്കാനായി തൃശൂരിലേക്ക് കുടുംബം പറിച്ചുനട്ടു. വീടുവാങ്ങി താമസമാക്കി. ഞാൻ പഠിച്ചതും വളർന്നതുമെല്ലാം തൃശൂരാണ്. അച്ഛൻ ഒരു ടയർ ഫാക്ടറി തുടങ്ങി. പക്ഷേ അധികകാലം മുന്നോട്ടുപോകാനായില്ല. തൊഴിലാളി സമരത്തെ തുടർന്ന് ഫാക്ടറി പൂട്ടേണ്ടിവന്നു. 

എറണാകുളത്തേക്ക്...

ഉള്ളതെല്ലാം നഷ്ടത്തിലായതോടെ ഞങ്ങൾ വീടും ഫാക്ടറിയുമെല്ലാം വിറ്റ് എറണാകുളത്തേക്ക് താമസം മാറി. പിന്നീട് കുറച്ചുകാലം വാടകവീടുകളിലായിരുന്നു ജീവിതം. അച്ഛൻ എറണാകുളത്ത് മെഡിക്കൽ ഷോപ്പും സ്പെയർ പാർട്സ് ബിസിനസും തുടങ്ങി. സഹോദരങ്ങൾ ഓരോരുത്തരായി വിവാഹശേഷം വീടുമാറി താമസമായി.

യാദൃശ്‌ചികമായി സീരിയൽ...

എന്റെയൊരു സുഹൃത്ത് മനയ്ക്കൽ എന്നുപേരുള്ള ഒരു ടൂറിസ്റ്റ് ഹോം നടത്തിയിരുന്നു. സീരിയൽ താരങ്ങൾ അവിടെ സ്ഥിരം അതിഥികളായിരുന്നു. ഒരിക്കൽ സുഹൃത്ത് ഒരു സംവിധായകനെ പരിചയപ്പെടുത്തി. അദ്ദേഹം പൊടുന്നനെ ഒരു ചോദ്യം- 'സീരിയലിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ?' ഞാൻ ആദ്യം താല്പര്യം കാണിച്ചില്ല. പക്ഷേ പുള്ളി ഗൗരവമായി ചോദിച്ചതാണെന്നു മനസിലായതോടെ ഒരു കൈ നോക്കാമെന്നായി. 1995 ൽ ആദ്യ സീരിയലിൽ അഭിനയിച്ചു. അതോടെ ജീവിതം അടുത്ത വഴിത്തിരിവിലെത്തി .

എറണാകുളം വീടുകൾ...

rajev-roshan-family
ഫയൽ ചിത്രം

സീരിയലുകളിലൂടെ കുറച്ച് സമ്പാദ്യമായപ്പോൾ ഞാൻ തമ്മനത്ത് ഒരു വീടുവാങ്ങി. രണ്ടു വർഷം അവിടെ താമസിച്ചു. ഇതിനിടയ്ക്ക് വിവാഹം കഴിഞ്ഞു. ഭാര്യ ബീന. ഞങ്ങളുടേത് പ്രേമവിവാഹമായിരുന്നു. 23 വയസിൽ വിവാഹം കഴിഞ്ഞു. രണ്ടു മക്കൾ കെവിനും സാന്ദ്രയും.

1998 ൽ മരടിൽ സ്ഥലം മേടിച്ചു വീടുവച്ചു. അതൊരു ഭാഗ്യവീടായിരുന്നു. അതിനുശേഷം തുടർച്ചയായി സീരിയലുകൾ വരാൻതുടങ്ങി. ഷൂട്ടിങ് കൂടുതൽ തിരുവനന്തപുരത്താണ്. അപ്പോൾ കുടുംബം ഒറ്റയ്ക്കാകും. അങ്ങനെ സുരക്ഷയെ കരുതി ആ വീട് വിറ്റു വൈറ്റിലയിൽ ഒരു ഫ്ലാറ്റ് മേടിച്ചു.

അടുത്ത വഴിത്തിവ്...

സീരിയലുകൾ മടുത്തു തുടങ്ങിയപ്പോൾ മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ബിസിനസിലേക്കിറങ്ങാൻ തീരുമാനിച്ചു. വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി ദുബായിൽ ഹോട്ടൽ തുടങ്ങി. കുടുംബമായി അവിടേക്ക് പറിച്ചുനട്ടു. പക്ഷേ ആ സമയത്താണ് ആഗോളസാമ്പത്തിക മാന്ദ്യം അലയടിച്ചത്. ബിസിനസ് നഷ്ടത്തിലായി. ഉള്ള സമ്പാദ്യമെല്ലാം പോയി. വീണ്ടും കുടുംബവുമായി നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു.

rajev-roshan-veedu

എല്ലാം വീണ്ടും ഒന്നിൽ നിന്ന്...

മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയി എന്ന് പറയുംപോലെ, എറണാകുളത്ത് ഒരിക്കൽ മൂന്ന് വീടുകൾ ഉണ്ടായിരുന്ന ഞാൻ വീണ്ടും ഇവിടെ വാടകവീട്ടിലേക്ക് മാറി. തിരിച്ചു വന്നു ആദ്യം അഭിനയിക്കുന്നത് കാര്യസ്ഥൻ എന്ന സിനിമയിലാണ്. പതിയെ സീരിയലുകളിൽ വീണ്ടും അവസരങ്ങൾ വന്നുതുടങ്ങി. സമ്പാദ്യമായപ്പോൾ വീണ്ടും മരടിൽ വീണ്ടും സ്ഥലം വാങ്ങി വീടുവച്ചു. അവിടെയാണ് ഇപ്പോൾ താമസിക്കുന്നത്. സമകാലിക ശൈലിയിലുളള ഇരുനില വീടാണ്. വെള്ള നിറമാണ് അകത്തും പുറത്തും കൂടുതലും നൽകിയത്.

പത്തോളം വീടുകൾ ഇതിനകം ജീവിതത്തിലൂടെ കടന്നു പോയി. ഓരോ വീടുകളും ഓർത്തിരിക്കുന്നത് അതിനോട് ചേർന്ന് ജീവിതത്തിൽ ഉണ്ടായ  വഴിത്തിരിവുകളെ കോർത്തിണക്കിയാണ്. ആ സമയത്ത് കുടുംബം നൽകിയ പിന്തുണയാണ് പ്രതിസന്ധികളിൽനിന്നും കരകയറ്റിയത്‌ എന്ന് ഞാൻ വിശ്വസിക്കുന്നു. സന്തോഷമായാലും വേദനയായാലും എല്ലാ വീടുകളും എനിക്ക് പ്രിയപ്പെട്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com