sections
MORE

'മധുരരാജയിൽ നിന്നും ബോളിവുഡിലേക്ക്, രാശിയാണ് പുതിയ വീട്' : പ്രശാന്ത്

alexander-prasanth-home
SHARE

മിനിസ്ക്രീൻ അവതാരകനായും സിനിമകളിലൂടെയുമൊക്കെ പ്രേക്ഷകർക്ക് പരിചിതനാണ് പ്രശാന്ത് അലക്‌സാണ്ടർ. പുതിയ വീട് സഫലമായതിനൊപ്പം ബോളിവുഡ് സിനിമയിൽ അഭിനയിച്ചതിന്റെ ത്രില്ലിലാണ് താരം. പ്രശാന്ത് വീടിന്റെ വിശേഷങ്ങളും ഓർമകളും പങ്കുവയ്ക്കുന്നു.

മാറിവന്ന വീടുകൾ...

അച്ഛൻ കെ പി അലക്‌സാണ്ടർ മാർത്തോമാ സഭയിൽ വൈദികനായിരുന്നു. അമ്മ അധ്യാപികയും. ഞങ്ങൾ 4 മക്കളും. മൂന്ന് വർഷം കൂടുമ്പോൾ അച്ഛന് സ്ഥലം മാറ്റമുണ്ടാകും. അങ്ങനെ ഒരു വീട്ടിൽ നിന്നും മറ്റൊരിടത്തേക്കുള്ള കൂടുമാറ്റമാണ് കുട്ടിക്കാലത്തെ അടയാളപ്പെടുത്തുന്നത്.

മല്ലപ്പള്ളിയായിരുന്നു അച്ഛന്റെ തറവാട്. അവിടെ ഓടിട്ട ഒരു ചെറിയ വീടായിരുന്നു. ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് അച്ഛൻ പുതിയ വീടു പണിതു. മുൻഭാഗം റോഡ് നിരപ്പിലും പിൻഭാഗം താഴ്ന്നും കിടക്കുന്ന പ്ലോട്ടായിരുന്നു. അതിനാൽ പില്ലറുകളിൽ ആണ് വീട് പണിതുയർത്തിയത്. അന്നത്തെക്കാലത്ത് ഞങ്ങൾക്കതൊരു കൗതുകക്കാഴ്ചയായിരുന്നു. 94 ൽ മല്ലപ്പള്ളിയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ വീടിന്റെ പില്ലറുകൾ മുങ്ങിയെങ്കിലും വീടിനകത്ത് വെള്ളം കയറിയില്ല!

സിനിമയിലേക്ക്...

ആറാം ക്‌ളാസ് മുതൽ കലാപരിപാടികളുമായി തട്ടിൽ കയറി. ഡിഗ്രി കഴിഞ്ഞപ്പോൾ സിനിമ പഠിക്കാൻ അച്ഛനാണ് നിർദേശിച്ചത്. പക്ഷേ ഞാൻ കരുതിയത് പോലെ അത്ര എളുപ്പമായിരുന്നില്ല പ്രവേശനം. അങ്ങനെ വിഷ്വൽ കമ്യൂണിക്കേഷൻ പഠിക്കാൻ കൊടൈക്കനാലിലേക്ക് വണ്ടികയറി. അവിടെ വച്ചാണ് ആങ്കറിങ് ചെയ്യാൻ അവസരം ലഭിക്കുന്നത്. അന്ന് ചാനലുകളിൽ ആങ്കറിങ് സജീവമായി വരുന്നതേയുള്ളൂ. ഒരു ഗെയിം ഷോ നടത്തി, ഹിറ്റായി. അതുവഴി സിനിമകളിൽ ചെറിയ റോളുകൾ ലഭിച്ചു. അന്ന് ചാനൽ അവതാരകനായി എത്തി ജയസൂര്യ നായകനായ സമയമാണ്. 

അപ്പോൾ അത്യാഗ്രഹമായി. എനിക്കും നായകനാകണം. ആയിടയ്ക്ക് ഒരു അവസരം ഒത്തുവന്നു. ആ സമയത്ത് ദുബായിൽ ഒരു എഫ്എമ്മിൽ ആർജെ ആയി അവസരം കിട്ടി. പക്ഷേ ഞാൻ സിനിമാമോഹം കാരണം പോയില്ല. ഒടുവിൽ സിനിമയും നടന്നില്ല, കൈയിൽ വന്ന പണിയും പോയി എന്ന അവസ്ഥയായി.. അപ്പോഴും മിനിസ്ക്രീൻ രക്ഷയായി. ചെറിയ വേഷങ്ങളിലൂടെ സിനിമയിലും തുടർന്നു. മധുരരാജയാണ് റിലീസ് ചെയ്ത പുതിയ ചിത്രം. അർജുൻ കപൂർ നായകനാകുന്ന ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്നൊരു ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞു. വളരെ യാദൃശ്ചികമായാണ് അതിലേക്ക് അവസരം വരുന്നത്. മെയ് മാസം റിലീസാണ്. അതിന്റെ ഒരു ത്രില്ലിലാണ് ഇപ്പോൾ.

ഭാര്യയുടെ സ്വപ്നം...

alexander-prasanth-house

വിവാഹശേഷം പത്തുവർഷത്തോളം മല്ലപ്പള്ളിയിലെ കുടുംബവീട്ടിലായിരുന്നു താമസം. ചെറുപ്പം മുതൽ വീടുമാറ്റം സ്ഥിരമായിരുന്നത് കൊണ്ട് സ്വന്തമായി ഒരു വീട് വേണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നില്ല. എല്ലാവരും എവിടെ കൂടുന്നോ അതാണ് വീട് എന്നൊരു മനഃസ്ഥിതിയായിരുന്നു. എന്നിട്ടും ഞങ്ങൾ പുതിയ വീട് വച്ചതിന്റെ ക്രെഡിറ്റ് ഭാര്യയ്ക്ക് അവകാശപ്പെട്ടതാണ്. 5 വർഷത്തോളം ഗൃഹപാഠം ചെയ്താണ് അവൾ വീടിന്റെ പ്ലാൻ വരച്ചത്. നിരവധി വീടുകൾ പോയിക്കണ്ടു. വീടിന്റെ സ്ട്രക്ചർ പൂർത്തിയാകും മുമ്പേതന്നെ അകത്തളം അലങ്കരിക്കാനുള്ള സാധനങ്ങൾ അവൾ വാങ്ങിയിരുന്നു. അത്രയ്ക്ക് പ്ലാനിങ് ആയിരുന്നു. ഇവ വാങ്ങാൻ പോകുമ്പോൾ വില പേശി മേടിച്ചു കൊടുക്കുക എന്നതുമാത്രമായിരുന്നു എന്റെ റോൾ. പണി നടക്കുന്ന സമയത്താണ് ഓഗസ്റ്റിലെ വെള്ളപ്പൊക്കം വന്നത്. വീടിനുള്ളിൽ അരയറ്റം വെള്ളം കയറി. പണി മുടങ്ങി. പിന്നീട് എല്ലാം വൃത്തിയാക്കി പണി പുനരാരംഭിക്കുകയായിരുന്നു. 

2018 നവംബറിലായിരുന്നു ഗൃഹപ്രവേശം. മലയാളസിനിമയിലെ അടുത്ത സുഹൃത്തുക്കൾ പാലുകാച്ചലിന് എത്തിയിരുന്നു. സമകാലിക ശൈലിയിലാണ് വീട്. തുറന്ന നയമാണ് അകത്തളത്തിൽ സ്വീകരിച്ചിരിക്കുന്നത്. വോൾ പേപ്പർ, ക്യൂരിയോസ്, ഹാങ്ങിങ് ലൈറ്റ്‌സ് തുടങ്ങി എല്ലാം ഭാര്യയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുത്തതാണ്.

കുടുംബം..

prashanth

ഭാര്യ ഷീബ തിരുവല്ല കോളജിൽ അധ്യാപികയാണ്. മകൻ രക്ഷിത് നാലാം ക്‌ളാസിൽ പഠിക്കുന്നു. ഇളയ മകൻ മന്നവിനു പത്തു മാസം. എല്ലാവരും സ്വന്തം വീട്ടിൽ തങ്ങളുടെ ഇടങ്ങൾ ഒരുക്കുന്നതിന്റെ ത്രില്ലിലാണ്. അങ്ങനെ പുതിയ വീട് എന്തുകൊണ്ടും രാശിയായിരിക്കുകയാണ്.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA