sections
MORE

വീട്ടുമുറ്റത്തിരുന്നു തൃശൂർ പൂരം കാണാൻ ഭാഗ്യമുള്ള ഒരേയൊരു വീട്!

mannathu-tharavad
SHARE

വീടിന്റെ പൂമുഖത്തിരുന്നു പൂരം കാണാം. അതും സ്വരാജ് റൗണ്ടിന്റെ തൊട്ടരികിലെ വീട്ടിൽ. ഒന്നര നൂറ്റാണ്ടായി നായ്ക്കനാലിൽ ഗീത മെഡിക്കൽസിനോടു ചേർന്നുള്ള തെക്കേ മണ്ണത്തു തറവാട്ടുകാർ  പൂരം കാണുന്നത് ഇങ്ങനെയാണ്.

വീടിന്റെ വാതിൽ തുറക്കുന്നതു രാജവീഥിയായ സ്വരാജ് റൗണ്ടിലേക്കാണ്. പൂരം കൊടിയേറിയാൽ ജനലക്ഷങ്ങൾ വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയിലേക്കൊഴുകുമ്പോൾ  ഈ കുടുംബം വീടിന്റെ ഉമ്മറത്ത് ചാരുകസേര വലിച്ചിട്ട് ഇരുന്നു പൂരം കാണും. സ്വന്തം വീട്ടുമുറ്റത്തിരുന്നു  പൂരം കാണാൻ ഭാഗ്യമുള്ള ഒരേയൊരു വീട് എന്ന ഖ്യാതിയും തെക്കെമണ്ണത്തു തറവാടിനു സ്വന്തം. അഞ്ച് തലമുറകൾ ഇവിടെയിരുന്നു പൂരം കണ്ടുകഴിഞ്ഞു.

ശക്തൻ തമ്പുരാന്റെ കാലത്ത് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയിലേക്ക് വാതിൽ തുറക്കുന്ന ധാരാളം വീടുകൾ സ്വരാജ് റൗണ്ടിലുണ്ടായിരുന്നു. നഗരം വളർന്നപ്പോൾ വീടുകളെല്ലാം  കച്ചവട സ്ഥാപനങ്ങളും ഷോപ്പിങ് കോംപ്ലക്സുകളുമായി മാറി. എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോകാതെ സ്വരാജ് റൗണ്ടിൽ ഇന്നും നിലനിൽക്കുന്നത്  ഒരേയൊരു വീടുമാത്രം. പഴമയോടും  പാരമ്പര്യത്തോടുമുള്ള  താൽപര്യവും ഓർമകൾ നഷ്ടമാവാതിരിക്കാനുള്ള പരിശ്രമവും കാരണമാണ് ഇവ ഇന്നും ഇങ്ങനെ നിലനിർത്തുന്നതെന്നു തെക്കേ മണ്ണത്തുവീട്ടുകാർ പറയുന്നു.

inside-veed

പൂരം കൊടിയേറിയാൽ വീട്ടിലെ ആണുങ്ങൾ കൂടുതലും പൂരം ഒരുക്കങ്ങളിലായിരിക്കും. അതിനാൽ വെടിക്കെട്ട് സമയത്തൊന്നും വീട്ടിലുണ്ടാവില്ല. എന്നാൽ  സ്ത്രീകളാവട്ടെ വീട്ടിൽ തന്നെ ഇരിക്കും. തിരുവമ്പാടിയുടെ  പൂരം പുറപ്പാടും മഠത്തിൽ വരവും പഞ്ചവാദ്യത്തിന്റെ കൊട്ടിക്കലാശവും  വെടിക്കെട്ടുമെല്ലാം  ഉമ്മറത്തിരുന്ന്  ആസ്വദിക്കും. ഇടയ്ക്ക് കിട്ടുന്ന ഇടവേളകളിൽ വീട്ടിലെ പുരുഷന്മാരും വീട്ടിലേക്ക് ഓടിയെത്തും.

ഓരോ പൂരത്തിന്റെ വെടിക്കെട്ടുകളും  ഈ തറവാടിന്റെ മേൽക്കൂരയിൽ പ്രകമ്പനംകൊള്ളിക്കും. ഓടിന്റെ കഷണങ്ങളും പൊടിപടലങ്ങളും  തെറിച്ചുവീണ് അലങ്കോലമായ വീട് നേരെ ആക്കിയെടുക്കാൻ പിന്നെ രണ്ടു ദിവസമെങ്കിലും  വേണ്ടിവരും. 1975 ലെ വെടിക്കെട്ട് ദുരന്തത്തിന്റെ ഓർമകൾ തെക്കെമണ്ണത്തു തറവാടിന്റെ ചുമരുകളിൽ ഇപ്പോഴും അടയാളങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട്.

inside-home

ഗർഭിണികളും രോഗികളുമൊക്കെ  വെടിക്കെട്ട് നാളിൽ എങ്ങനെ ഈ വീട്ടിൽ കഴിയും എന്ന ആശങ്കയ്ക്കും  പണ്ട് ഈ വീട് നിർമിക്കുമ്പോൾ തന്നെ പരിഹാരം  കണ്ടെത്തിയിരുന്നു.  പ്രത്യേകം മരവും മറ്റും ഉപയോഗിച്ചാണ് തെക്കെ അകം ഇതിനായി ഒരുക്കിയിട്ടുള്ളത്. ശക്തിയായി കതിന പൊട്ടുന്ന ശബ്ദംപോലും ഈ മുറിക്കകത്ത് പൊട്ടാസിന്റെ ശബ്ദം പോലെയേ കേൾക്കൂവെന്ന് വീട്ടുകാർ പറയുന്നു. പൂരം വെടിക്കെട്ട് സമയത്ത് വീട്ടിലെ ഗർഭിണികളും രോഗികളും  ഈ മുറിയിലേക്ക്  മാറുകയാണ് പതിവ്.

പൂരക്കാഴ്ചകൾ കാണാൻ  എത്രനാൾ തെക്കെമണ്ണത്ത് എന്ന വീട് ഇനിയുണ്ടാവുമെന്ന് ഉറപ്പില്ല. നഗരം വളരുമ്പോൾ അതിന്റെ സമ്മർദ്ദങ്ങളിൽ പിടിച്ചു നിൽക്കാൻ ഈ തറവാടിനും കഴിഞ്ഞെന്നു വരില്ല. എങ്കിലും പഴമകളുടെ ഓർമകളും പ്രൗഢിയുമായി ഈ തറവാട് നിലനിൽക്കുന്നു എന്നതു തന്നെ വലിയ നേട്ടം.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA