sections
MORE

മേയ് മാസത്തിലെ മികച്ച സെലിബ്രിറ്റി വീടുകൾ കാണാം

celebrity-home
SHARE

സംഭവബഹുലമായ ഒരു മാസം കൂടി ചരിത്രത്താളുകളിലേക്ക് മറയുകയാണ്. മേയ് മാസം മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ച 4 സെലിബ്രിറ്റി വീടുകൾ സംക്ഷിപ്തമായി പുനർപ്രസിദ്ധീകരിക്കുന്നു.

സുഖദയിൽ സസുഖം സുനിൽ 

sunil-sukhada-home

അഭിനയമോഹം കൊണ്ട് സിനിമയെ തേടിപ്പിടിച്ചെത്തുകയായിരുന്നു സുനിൽ സുഖദ. കുറഞ്ഞ കാലം കൊണ്ടുതന്നെ വില്ലനായും സഹനടനായും നിരവധി സിനിമകളിൽ ഈ നടൻ വേഷമിട്ടു. ചെയ്യുന്ന വേഷങ്ങൾ എല്ലാം വേറിട്ടതാക്കുന്നതിൽ മിടുക്കനാണ് ഇദ്ദേഹം. ഇപ്പോഴും ക്രോണിക് ബാച്ചിലറായ സുനിൽ തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

ഓർമവീട്..

തൃശൂർ ജില്ലയിലെ പുന്നയൂർക്കുളമാണ് സ്വദേശം. എഴുത്തുകാരി മാധവിക്കുട്ടിയുടെ തറവാടിനടുത്തായിരുന്നു ഞങ്ങളുടെ വീട്. പഴയകാല ശൈലിയിലുള്ള ഓടിട്ട ഒരുനില വീടായിരുന്നു. അച്ഛൻ സുധാകര പണിക്കർ അധ്യാപകനായിരുന്നു. അമ്മ സരസ്വതി വീട്ടമ്മയും. ഞങ്ങൾ അഞ്ചു മക്കളും. കൂട്ടുകുടുംബമായിരുന്നു അച്ഛന്റേത്. എപ്പോഴും വീട്ടിൽ ആളുകൾ ഉണ്ടാകും.

എനിക്ക് പത്തു വയസുള്ളപ്പോൾ ചേട്ടന്റെ കോളജ് പഠനസൗകര്യാർഥം ഞങ്ങൾ തൃശൂർ പൂത്തോളിലേക്ക് മാറി. പഴയ വീടു വാങ്ങി പുതുക്കിയെടുത്തു. പിന്നീട് സഹോദരങ്ങൾ ഓരോരുത്തരായി മാറി താമസിച്ചു. കഴിഞ്ഞ 30 വർഷമായി ഞാൻ ഇവിടെയാണ് താമസിക്കുന്നത്. ഘട്ടം ഘട്ടമായി സൗകര്യങ്ങൾ കൂട്ടിച്ചേർത്തു. പത്തു വർഷം മുൻപാണ് അവസാനമായി പുതുക്കിയത്. ഇപ്പോൾ ആറു കിടപ്പുമുറികളുള്ള ഇരുനില വീടാണ്. ഞാൻ അവിവാഹിതനാണ്. വീട്ടിൽ ഇപ്പോൾ ഞാനും അമ്മയുമാണ് താമസം. 

സുഖദയിൽ സസുഖം.. 

sunil-sukhada-house

സുഖദ എന്നാണ് വീടിന്റെ പേര്. വളരെ സൗകര്യപ്രദമായ ലൊക്കേഷനിലാണ് വീടിരിക്കുന്നത്. ഷൂട്ടിങ് മിക്കതും കൊച്ചിയിലായിരിക്കും. അവിടേക്ക് എത്താൻ എളുപ്പം. ഇനി കോഴിക്കോടാണെങ്കിൽ അങ്ങോട്ടും എളുപ്പം. അതുകൊണ്ട് ഇവിടം വിട്ടു മറ്റൊരിടത്തേക്ക് മാറുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ട് കൂടിയില്ല. പണ്ട് വീടു വച്ച സമയത്ത് നട്ട തൈകൾ ഇപ്പോൾ മരമായി വീടിന്റെ മേൽക്കൂരയിലേക്ക് പടർന്നിരിക്കുന്നു. മുകൾനിലയിൽ ട്രസ് ഇട്ട് റൂഫിങ് ഷീറ്റ് വിരിച്ചിട്ടുണ്ട്.

ഒറ്റാന്തടി ആയതുകൊണ്ട് വീടു നോക്കിനടത്തുന്നതിലും അടുക്കിപെറുക്കി വയ്ക്കുന്നതിലും ഞാനൊരു മടിയനാണ്. എങ്കിലും 30 വർഷമായി താമസിക്കുന്നത് കൊണ്ട് വീടിനോട് ഒരാത്മബന്ധവുമുണ്ട്. അതുകൊണ്ടാണ് വീടിനെ പേരിനൊപ്പം ചേർത്തത്. എത്ര ദൂരെ പോയാലും വീടു തിരിച്ചു വിളിക്കുന്നത് എനിക്ക് തിരിച്ചറിയാനാകും.

പൂർണവായനയ്ക്ക്

                                    *****

ഷാജുവിന്റെ വീട് 

shaju-sreedhar-home

ഷാജു ശ്രീധർ സിനിമയിൽ എത്തിയിട്ട് ഇത് ഇരുപത്തിയഞ്ചാം വർഷമാണ്. നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. പിന്നീട് മിനിസ്‌ക്രീനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഷാജു തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

രാശിയില്ലാത്ത വീട്...

പാലക്കാട് ജില്ലയിലെ മുണ്ടൂരായിരുന്നു തറവാട്. അച്ഛൻ, അമ്മ, സഹോദരി എന്നിവരടങ്ങുന്നതായിരുന്നു കുടുംബം. ഓടിട്ട ഒരുനില വീടായിരുന്നു. പീടികയിൽ എന്നായിരുന്നു പേര്. പ്രധാന റോഡിന്റെ വശത്തായിരുന്നതിനാൽ റോഡപകടങ്ങൾ, അടിപിടി എന്നിവയ്‌ക്കെല്ലാം സാക്ഷി പറയേണ്ടി വന്നിരുന്നത് അച്ഛനാണ്. അപ്പോഴും അച്ഛൻ സമാധാനിച്ചിരുന്നത് എല്ലാവരുടെയും ശ്രദ്ധ കിട്ടുന്നിടത്തു സ്ഥിതി ചെയ്യുന്നതുകൊണ്ട് വീട്ടിൽ കള്ളന്മാർ കയറില്ല എന്നതിലായിരുന്നു. പക്ഷേ, അധികകാലം കഴിയുംമുമ്പേ വീട്ടിൽ കള്ളൻ കയറി. 25 പവനോളം സ്വർണം കൊണ്ടുപോയി. അതോടെ അച്ഛൻ ഒലവക്കോട് സ്ഥലം മേടിച്ചു വീട് വച്ചു. പഴയ വീട് വാടകയ്ക്ക് കൊടുത്തു. പക്ഷേ എന്നിട്ടും പ്രശ്നങ്ങൾ തീർന്നില്ല. വാടകയ്ക്ക് താമസിച്ചവർ എന്തൊക്കെയോ കുരുത്തക്കേട് കാണിച്ചു. കേസായി. പുലിവാലായി. അവസാനം അച്ഛൻ വീടുവിറ്റു. അതോടെ സ്വസ്ഥമായി.

sreenandanam

ഞങ്ങളുടെ ശ്രീനന്ദനം...

റോഡിന്റെ തിരക്കുകളിൽ നിന്നും മാറി സ്വസ്ഥമായ സ്ഥലത്താണ് ശ്രീനന്ദനം എന്ന വീടുപണിതത്. അന്നു കള്ളൻ കയറിയത് ഒരു നിമിത്തമായി പിന്നീട് തോന്നിയിട്ടുണ്ട്. അത് കൊണ്ടാണല്ലോ ഞങ്ങൾക്ക് ശ്രീനന്ദനം കിട്ടിയത്. ഇപ്പോൾ 14 വർഷമായി ഇവിടെയാണ് താമസം. മിനിസ്‌ക്രീനിൽ കൂടുതൽ അവസരങ്ങൾ വന്നത് ഇവിടെ താമസിച്ചു തുടങ്ങിയ ശേഷമാണ്. അങ്ങനെ നോക്കുമ്പോൾ രാശിയുള്ള വീടാണിത്. 

നാലു കിടപ്പുമുറികളുണ്ട്. ഞങ്ങളുടെ കലാജീവിതത്തിൽ കിട്ടിയ ചെറിയ പുരസ്‌കാരങ്ങൾ കൊണ്ടാണ് അകത്തളങ്ങൾ അലങ്കരിച്ചിരിക്കുന്നത്. വീടിന്റെ പിന്നിലായി ഡാൻസ് ക്ലാസിനുള്ള മുറികളും നിർമിച്ചു. ഇടയ്ക്ക് ആലോചിക്കാറുണ്ട്, അന്ന് പഴയ വീട്ടിൽ കള്ളൻ കയറി ഇല്ലായിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോഴും പ്രശ്ങ്ങളും പുകിലുകളുമായി അവിടെ കഴിഞ്ഞുകൂടുമായിരുന്നു. അങ്ങനെ നോക്കുമ്പോൾ കള്ളൻ കയറിയത് നിമിത്തമായി തോന്നും.

തിരുവനന്തപുരത്ത് വീട് വച്ചുകൂടെ...

ഞാൻ ഏറ്റവും കൂടുതൽ കേട്ട ചോദ്യങ്ങളിലൊന്നാണിത്. സീരിയലിന്റെ തലസ്ഥാനം തിരുവനന്തപുരമാണല്ലോ. സിനിമയുടേത് കൊച്ചിയും. അതിനു കാരണം സിംപിളാണ്. എനിക്ക് വീട് അധികദിവസം വിട്ടു നിൽക്കാനാകില്ല. ഷൂട്ട് കഴിഞ്ഞു അന്നുതന്നെ വീട്ടിലേക്ക് വച്ചുപിടിക്കും. കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ പോലെ അധികം ട്രാഫിക്ക് ഒന്നുമില്ല ഒലവക്കോട്. ഇതുവഴി വണ്ടി ഓടിച്ചു വീട്ടിലേക്ക് എത്തുമ്പോൾ തന്നെ മനസ്സിന് വലിയ സന്തോഷവും സമാധാനവുമാണ്.

കുടുംബം...

ഭാര്യ ചാന്ദ്‌നി അഭിനേത്രിയായിരുന്നു. ഇപ്പോൾ ഒരു ചെറിയ ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്. മൂത്ത മകൾ നന്ദന ഡിഗ്രി വിദ്യാർഥിനിയാണ്. ഇളയവൾ നീലാഞ്ജന മൂന്നാം ക്ലാസിൽ പഠിക്കുന്നു. അവൾ ഇപ്പോൾ റിലീസാകാനിരിക്കുന്ന രണ്ടു സിനിമകൾ അഭിനയിച്ചു കഴിഞ്ഞു. ജീവിതം ഇങ്ങനെ ഹാപ്പിയായി പോകുന്നു.

പൂർണവായനയ്ക്ക്

                                       *****

നിയാസ് ബക്കറിന്റെ വീട് 

niyas-swapnaveedu-video

നിയാസ് ബക്കർ എന്ന പേരുകേട്ടാൽ 'അതാരാണപ്പാ' എന്ന മട്ടിൽ പലരും നെറ്റിചുളിക്കും. എന്നാൽ മറിമായത്തിലെ ശീതളൻ/കോയ എന്ന് പറഞ്ഞാലോ സകുടുംബമൊരു ചിരിക്ക് വകയുണ്ട്. ആലുവയ്ക്കടുത്ത് തോട്ടുമുഖം എന്ന സ്ഥലത്താണ് നിയാസ് ബക്കറിന്റെ പുതിയ വീട്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു മകളുടെ വിവാഹം. അതിനു മുന്നോടിയായി ആയിരുന്നു ഗൃഹപ്രവേശം. ആറര സെന്റിൽ സമകാലിക ശൈലിക്കൊപ്പം കേരളത്തനിമയും ഇടകലർത്തിയ സുന്ദരഭവനം. ആദ്യം വരവേൽക്കുന്നത് തൂണുകളുള്ള വരാന്തയാണ്. ഒറ്റനോട്ടത്തിൽ തടിയിൽ കടഞ്ഞ തൂണുകൾ ആണെന്നുതോന്നും. ശരിക്കും കോൺക്രീറ്റ് പില്ലറിൽ തടിയുടെ ഫിനിഷ് നൽകിയതാണ്. ഒപ്പം സമീപത്തെ ഭിത്തിയിൽ വെട്ടുകല്ല് കൊണ്ടുള്ള ബോർഡറും തുടരുന്നുണ്ട്. ഇതേ ഡിസൈൻ മുകൾനിലയിലും ആവർത്തിക്കുന്നു.

വാതിൽ തുറന്നാൽ ആദ്യം കണ്ണെത്തുക ഷെൽഫിലേക്കാണ്. തന്റെ അഭിനയജീവിതത്തിൽ ലഭിച്ച പുരസ്കാരങ്ങളും സ്നേഹോപഹാരങ്ങളും നിയാസ് ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ മറിമായത്തിലെ അഭിനയത്തിന് രണ്ടു പ്രാവശ്യം ലഭിച്ച മികച്ച കൊമേഡിയനുള്ള സംസ്ഥാന ടിവി പുരസ്കാരവുമുണ്ട്. 

'ചെറുപ്പം മുതൽ അല്പം വരയ്ക്കുമായിരുന്നു. വീടിന്റെ പ്രാഥമിക പ്ലാനും ഡിസൈനും വരച്ചത് ഞാൻ തന്നെയാണ്. പിന്നീട് അത് സുഹൃത്തിന്റെ കൊണ്ടു മിനുക്കിയെടുക്കുകയായിരുന്നു. ഭാര്യ ഹസീന വീട്ടമ്മയാണ്. മകൾ ജസീല സിഎയ്ക്ക് പഠിക്കുന്നു. മരുമകൻ പ്രവാസിയാണ്. മകൻ താഹ പത്താം ക്‌ളാസിൽ പഠിക്കുന്നു'. നിയാസ് കുടുംബത്തെ പരിചയപ്പെടുത്തുന്നു.

വീട്ടിലെ താരം ഗോവണിയും അനുബന്ധഭാഗവുമാണ്. തടിക്കഷ്ണങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഗോവണിയുടെ കൈവരികൾ. സിമന്റിനു മുകളിൽ കലാപരമായി പ്ലാസ്റ്ററിങ് ചെയ്താണ് ഇതൊരുക്കിയത്. ഗോവണിയുടെ താഴെ ചെറിയ ഒരു ജലധാര നൽകിയിട്ടുണ്ട്. ഇതിനു സമീപം വാഷ് ബേസിൻ. തടിയെ അനുസ്മരിപ്പിക്കുന്ന വുഡൻ ടൈലുകളാണ് നിലത്തുവിരിച്ചത്. ഗോവണിയുടെ ഭാഗത്തെ മേൽക്കൂരയിൽ സ്‌കൈലൈറ്റ് നൽകിയിട്ടുണ്ട്. ഇതുവഴി അരിച്ചിറങ്ങുന്ന പ്രകാശം വീടിനകത്ത് നിറയുന്നു. 

മുകളിലേക്ക് കയറുമ്പോഴാണ് സർപ്രൈസ്. കാട്ടിലൊക്കെ പണിയുന്ന മുളവീടുകളെ അനുസ്മരിപ്പിക്കുന്ന വിധം മുകൾനിലയിൽ ഒരുവശം മാറ്റിയെടുത്തിരിക്കുന്നു. മുളക്കമ്പുകൾ കൊണ്ടാണ് ഇവിടെ കഴുക്കോലും മേൽക്കൂരയും. ഒരു റാന്തൽ വിളക്കും ഇവിടെ തൂക്കിയിട്ടുണ്ട്. ഗോവണിയുടെ വശത്തെ ഭിത്തിയിൽ അച്ഛൻ അബൂബക്കറിന്റെ ഛായാചിത്രം തൂക്കിയിരിക്കുന്നു.

niyas-backer-family

ഊണുമേശയുടെ മുകളിൽ മൂന്നു തൂക്കുവിളക്കുകൾ നൽകിയതിന്റെ ക്രെഡിറ്റ് നിയാസ് മകൾക്ക് നൽകുന്നു. പാചകത്തെ സ്നേഹിക്കുന്ന കുടുംബമാണെന്ന് അടുക്കള കണ്ടാലേ മനസിലാകും. ഊണുമേശ ഉണ്ടെങ്കിലും സമീപമുള്ള പാൻട്രി കൗണ്ടറിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതാണ് എനിക്കിഷ്ടം. വീട്ടിൽ ഉള്ളപ്പോൾ ഭാര്യയ്‌ക്കൊപ്പം അടുക്കളയിലും അതിക്രമിച്ചു കയറാറുണ്ട്! അതുകേട്ടു വീട്ടിൽ ചിരിയുടെ പൂത്തിരി വിടർന്നു.

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ ഒരുക്കി. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി. മുകൾനിലയിൽ മകളുടെ മുറിയുടെ വാതിലിനു മുകളിൽ മറിമായം ടീം വിവാഹ സമ്മാനമായി നൽകിയ നവദമ്പതികളുടെ മനോഹരമായ ഛായാചിത്രം കാണാം.

ഹാളിന്റെ ഒരറ്റത്തു തുണി തേക്കാനും മറ്റുമായി ഒരു സ്ളാബ് വാർത്ത് ഒരുക്കിയിട്ടുണ്ട്. വശത്തെ വാതിലൂടെ മുകൾനിലയിലേക്ക് കയറാം. ഇവിടം തുണി ഉണ്ടാക്കാനും സാധനങ്ങൾ സൂക്ഷിക്കാനും മറ്റുമുള്ള യൂട്ടിലിറ്റി സ്‌പേസാക്കി മാറ്റിയിരിക്കുന്നു. 

മകളുടെ വിവാഹത്തിന് മുൻപ് ഗൃഹപ്രവേശം നടത്താനുള്ള ധൃതിയായിരുന്നു. ഇനിയും കുറച്ച് മിനുക്കുപണികൾ ബാക്കിയുണ്ട്. കാർ പോർച്ച് പണിയണം, ഭാര്യയ്ക്ക് പൂന്തോട്ടം ഒരുക്കണം.

ഒരർഥത്തിൽ എപ്പോഴും പ്രസന്നമായ ഈ മുഖഭാവമായിരിക്കാം നിയാസിനെ ചെറുപ്പമാക്കി നിലനിർത്തുന്നത്. അതുതന്നെയാണ് ഈ കലാകാരനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നതും.

പൂർണവായനയ്ക്ക്

 *****

വത്സല മേനോന്റെ വീട് 

വൽസല മേനോൻ

ഇരുനൂറിലധികം സിനിമകൾ. അനേകം സീരിയലുകൾ. പുതുതലമുറയ്ക്ക്  വാത്സല്യം നിറയുന്ന, തന്റേടിയായ മുത്തശ്ശിയായാണ് ഇവരെ പരിചയം. സംഭവ ബഹുലമാണ് വത്സല മേനോൻ എന്ന അഭിനേത്രിയുടെ ജീവിതം. വത്സലാമ്മ തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു...

കുടുംബം...

തൃശൂർ ജില്ലയിലെ കാളത്തോട് എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. അച്ഛൻ രാമൻ മേനോൻ, അമ്മ ദേവകിയമ്മ, എനിക്ക് മൂന്നു ചേട്ടന്മാർ. ഇതായിരുന്നു കുടുംബം. ചെറുപ്പകാലം വാടകവീടുകളിലായിരുന്നു ചെലവഴിച്ചത്. ഒരു വീട്ടിൽ നിന്നും അടുത്ത വാടകവീട്ടിലേക്കുള്ള ഓട്ടപ്രദക്ഷിണമായിരുന്നു അക്കാലം. അച്ഛൻ റിട്ടയർ ചെയ്ത ശേഷമാണ് കാളത്തോടുള്ള തറവാടിന് മുന്നിൽ സ്വന്തമായി വീട് വയ്ക്കുന്നത്. പക്ഷേ അധികകാലം അച്ഛന്റെയും അമ്മയുടെയും കൂടെ കഴിയാൻ കഴിഞ്ഞില്ല. പതിനാറാമത്തെ വയസ്സിൽ വിവാഹിതയായി. ഭർത്താവ് ഹരിദാസ് നായർക്ക് മുംബൈയിലായിരുന്നു ഉദ്യോഗം. അങ്ങനെ ഞാനും മുംബൈയിലേക്ക് ചേക്കേറി. 

മുംബൈ ജീവിതം...

നമ്മുടെ കേരളാശൈലിയിലുള്ള വീടുകളിൽ ജനിച്ചുവളർന്ന ഞാൻ പിന്നീടുള്ള 29 കൊല്ലത്തോളം ജീവിച്ചത് മുംബൈയിലെ ഫ്ളാറ്റുകളിലായിരുന്നു. ആദ്യമൊക്കെ ആകാശജീവിതവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. പിന്നെ പതിയെ അഡ്ജസ്റ്റായി. അവിടെ വച്ച് എനിക്ക് മൂന്നു മക്കളുണ്ടായി. പ്രകാശ്, പ്രേം, പ്രിയൻ. മുംബൈയിലേക്ക് ചേക്കേറിയപ്പോഴും എനിക്ക് സിനിമയിൽ നിന്നും വിളി വന്നിരുന്നു. പക്ഷേ മക്കൾ സ്വന്തം കാലിൽ നിൽക്കുന്ന വരെ അഭിനയിക്കില്ല എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. അവിടെ മക്കളെ വളർത്തിയും, ഫ്ലാറ്റിലുള്ള  മറ്റു കുട്ടികളെ നൃത്തം പഠിപ്പിച്ചും വർഷങ്ങൾ കടന്നു പോയി.

യോഗമില്ലാതെ പോയ വീട്...

കുട്ടികൾ വളർന്ന ശേഷം ഞാൻ സിനിമയിൽ വീണ്ടും സജീവമായി. അന്ന് മദ്രാസ് ആയിരുന്നു മലയാളസിനിമയുടെ ആസ്ഥാനം. അങ്ങനെ ഞാൻ മദ്രാസിൽ ഒരു വാടകവീടെടുത്ത് താമസം തുടങ്ങി. 16 കൊല്ലത്തോളം അവിടെ താമസിച്ചു. ആ സമയത്ത് ഭർത്താവ് വിആർഎസ് എടുത്തു നാട്ടിലെത്തി. തൃശൂർ ഏനാമാവ് ആണ് അദ്ദേഹത്തിന്റെ സ്വദേശം. അവിടെ ഓഹരി കിട്ടിയ സ്ഥലത്ത് വീടു വച്ച് സെറ്റിൽ ചെയ്യാൻ പദ്ധതിയിടുമ്പോഴാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. അങ്ങനെ നാട്ടിലൊരു വീടിനു യോഗമില്ലാതെ പോയി. പണിയാൻ പോകുന്ന ആ വീടിനെക്കുറിച്ച് മനസ്സിൽ ഞങ്ങൾ ഒരുപാട് കിനാവുകൾ നെയ്തിരുന്നു. അദ്ദേഹത്തിന്റെ അഭാവം ജീവിതത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു. വിരസത മാറ്റാൻ ഞാൻ വീണ്ടും സീരിയലുകളിൽ സജീവമായി.

തിരുവനന്തപുരത്തേക്ക്...

വർഷങ്ങൾ വീണ്ടും കടന്നുപോയി. മലയാള സിനിമ കൊച്ചിയിലേക്ക് കൂടുമാറി. സീരിയലുകൾ തിരുവനന്തപുരത്തേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഞാൻ പതിയെ സീരിയലുകളിലേക്ക് ചുവടുമാറ്റി. അവിടെ ഒരു വാടകവീടെടുത്ത് താമസം തുടങ്ങി. പൂജപ്പുര ഒരു വാടക ഫ്ലാറ്റിലായിരുന്നു പിന്നീടുള്ള എട്ടു വർഷക്കാലം ജീവിതം.

ജന്മദിന സമ്മാനായി കിട്ടിയ വീട്...

ഇതിനിടെ മക്കൾ കുടുംബസ്ഥരായി. പ്രകാശ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. പ്രേം സിംഗപ്പൂരിലേക്കും. ഇളയമകൻ പ്രിയൻ കൊച്ചിയിൽ താമസമാക്കി. എട്ടു വർഷം മുൻപുള്ള എന്റെ പിറന്നാളിന് രണ്ടാമത്തെ മകൻ പ്രേം സമ്മാനമായി തന്നത് ഒരു ഫ്ലാറ്റാണ്. പനമ്പള്ളി നഗറിലുള്ള ആ ഫ്ലാറ്റിലാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്. ജീവിതത്തിലെ നല്ലൊരു പങ്കും ഫ്ലാറ്റുകളിൽ ജീവിച്ചതുകൊണ്ട് എനിക്കും ഫ്ലാറ്റ് ജീവിതത്തോടാണ് ഇപ്പോൾ കൂടുതൽ താൽപര്യം. ഞാൻ ഗുരുവായൂരപ്പന്റെ ഭകതയാണ്. എന്റെ വിവാഹം, മക്കളുടെ ചോറൂണ് മുതലുള്ള പ്രധാന സംഭവങ്ങൾ എല്ലാം ഗുരുവായൂർ വച്ചായിരുന്നു. ഇതുവരെ താമസിച്ച എല്ലാ വീടുകളിലും ഞാൻ ഒരു പൂജാമുറി ഒരുക്കിയിരുന്നു. അവിടെ ഗുരുവായൂരപ്പന്റെ വിഗ്രഹവും. ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിലുമുണ്ട് അത്തരമൊരിടം. 

പൂർണവായനയ്ക്ക്

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA