സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ; ഇത് വയനാട്ടിലെ സിനിമാവീട്

keloth-tharavad
SHARE

മലയാള സിനിമയുടെ ഐശ്വര്യമായി മാറിയ പാലക്കാട്ടെ വരിക്കാശേരി മന പോലെ വയനാട്ടിൽ സിനിമ ചിത്രീകരിക്കുന്നവർക്കു ഇഷ്ട ലൊക്കേഷൻ ആയി മാറുകയാണ് പനമരം പഞ്ചായത്തിലെ കേളോത്ത് തറവാട്. ഇഷ്ടതാരങ്ങളെപ്പോലെ കാഴ്ചക്കാരുടെ മനസ്സിൽ കയറിക്കൂടിയ ചുരുക്കം ചില വീടുകളിൽ ഒന്നാണ് 350 വർഷം പഴക്കമുള്ള ഈ തറവാട്. പനമരം വളളിയൂർക്കാവ് റോഡിൽ ചെറുക്കാട്ടൂരിലാണ് ഈ നാലുകെട്ട് തലയുയർത്തി നിൽക്കുന്നത്. സിനിമ സീരിയൽ ലോക്കേഷനായി മാറുന്ന കേളോത്ത് തറവാട്ടിൽ അനിൽകുമാർ സംവിധാനം ചെയ്ത തുടി, മലയാളം, തമിഴ്, കന്നട ഭാഷകളിൽ ഇറങ്ങിയ പ്രേത സിനിമയായ അമ്മ. മാടമ്പ് കൂഞ്ഞിക്കുട്ടന്റെ അടക്കമുള്ള നിരവധി ടെലിഫിലിം, സീരിയൽ, ഹോം സിനിമകൾക്കും ഈ മുത്തശ്ശി വീട് അരങ്ങൊരുക്കിയിട്ടുണ്ട് 

പഴയ തമ്പുരാക്കന്മാരുടെ ഇഷ്ട കേന്ദ്രം

പണ്ടുകാലത്തെ കോട്ടയം തമ്പുരാക്കന്മാർ വയനാട് സന്ദർശനവേളയിൽ കേളോത്ത് തറവാട്ടിലാണു താമസിച്ചിരുന്നത്. ബ്രിട്ടീഷുകാരുമായി പോരാട്ടം നടത്തിയിരുന്ന സമയത്ത് കേരളവർമ പഴശ്ശിരാജാ ഈ തറവാട്ടിൽ താമസിച്ചിരുന്നതായും ഒരു ഘട്ടത്തിൽ 32 ആനകളും നിരവധി കുതിരകളും തറവാടിന് സ്വന്തമായുണ്ടായിരുന്നതായും പറയപ്പെടുന്നു. പിൽക്കാലത്ത് തറവാട്ടിലെ അംഗങ്ങൾ വസ്തുക്കൾ ഭാഗം ചെയ്ത് പിരിയുകയും ചെയ്തു. 1998 ൽ നടന്ന ഭാഗപത്ര പ്രകാരം ഭവനം ഉൾപ്പെട്ട ഭൂവസ്തുക്കൾ കൂപ്പത്തോട് ലക്ഷ്മി അക്കമ്മയ്ക്കാണ് ലഭിച്ചത്. 

രാജകീയ വീട്

keloth-tharavad-inside

കേളോത്ത് തറവാടിന്റെ പഴക്കത്തെക്കുറിച്ച് പറഞ്ഞാൽ മുന്നൂറിലധികം തിരുവോണത്തിന് ഇലയിട്ട കഥ പറയാനുണ്ടാകും. നാലുകെട്ടും നടുമുറ്റവും പടിഞ്ഞാറ്റം തെക്കിനി, കിഴക്കിനി, വടക്കിനി എന്നിങ്ങനെ 4 സൗധങ്ങളുമുണ്ട്. വെട്ടുകല്ലും വെണ്ണക്കല്ലും മുന്തിയ ഇനം മരങ്ങളും ഉപയോഗിച്ചാണ് നിർമാണം. കേരളീയ വാസ്തുവിദ്യയുടെ ആകെത്തുകയാണ് ഈ വീട്. നൂറുകണക്കിനാളുകൾക്ക് നിരന്നിരിക്കാൻ കഴിയുന്ന കോലായയും വിശാലമായ മുറികളും മൂന്നാമത്തെ നിലയിൽ വിശാലമായ ഹാളുമുണ്ട്. രാജാക്കന്മാർ നൽകിയ കട്ടിലും കസേരയും ഇവിടെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. വീടിന്റെ ഇപ്പോഴത്തെ ഉടമ കേളോത്ത് സജിയാണ്. വിനോദ സഞ്ചാരികൾക്ക് വീട് കാണാനും ഇവിടെ താമസിക്കാനും സൗകര്യമുണ്ട്. 7591908006.

അൽപം ചരിത്രം

പതിമൂന്നാം നൂറ്റാണ്ടിൽ വയനാട് പ്രദേശം കോട്ടയം രാജവംശത്തിന്റെ അധീനതയിലായിരുന്നു. നാട്ടുരാജാക്കന്മാർ 10 സ്വരൂപങ്ങളായി ഭാഗിക്കുകയും ഓരോന്നിന്റെയും ഭരണാധികാരം അതതു പ്രദേശത്തെ നായർ പ്രമാണിമാരെ ഏൽപിക്കുകയും ചെയ്തു. ഇതു പ്രകാരം കുപ്പത്തോടും  പാക്കം, പുൽപള്ളി പ്രദേശവും കുപ്പത്തോട് നായർ കുടുംബത്തിനാണ് ലഭിച്ചത്. കുപ്പത്തോട് കുടുംബത്തിലെ മൂന്നാമനാണ് കേളോത്ത് തറവാട് ലഭിച്ചത്. 

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA