sections
MORE

'ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്': സംഗീത മോഹൻ

Sangeetha Mohan
SHARE

ഒരുകാലത്ത് മിനിസ്‌ക്രീനിലെ ലേഡി സ്റ്റാർ ആയിരുന്നു സംഗീത മോഹൻ. വർഷങ്ങളോളം സീരിയൽ രംഗത്തു നിറഞ്ഞു നിന്ന സംഗീത പെട്ടെന്ന് അപ്രത്യക്ഷയായി. മലയാളി കുടുംബപ്രേക്ഷകർ 'സംഗീത അഭിനയം നിർത്തിയോ' എന്ന് ചോദിച്ച് നെറ്റിചുളിച്ചു. പക്ഷേ വർഷങ്ങൾക്കുശേഷം അവർ തിരിച്ചുവന്നു. ഇത്തവണ ക്യാമറയ്ക്ക് പിന്നിലായിരുന്നു എന്നുമാത്രം. ഇപ്പോൾ മിനിസ്‌ക്രീനിലെ തിരക്കുള്ള തിരക്കഥാകൃത്താണ് സംഗീത. കടന്നുവന്ന വഴികളും വീട് ഓർമകളും സംഗീത പങ്കുവയ്ക്കുന്നു. 

ആകസ്മികമായി കലാമേഖലയിൽ...

അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. സർക്കാർ ജോലിയല്ലാതെ മറ്റൊന്നും 'ജോലി' ആയി കണക്കാക്കിയിരുന്നില്ല അവർ. എന്നെയും ഒരു സർക്കാർ ഉദ്യോഗസ്ഥയായി കാണാനായിരുന്നു അവർക്ക് താൽപര്യം. എന്റെ അഭിനയ ജീവിതത്തെ ഒരു നേരംപോക്കായി മാത്രമാണ് അവർ പരിഗണിച്ചിരുന്നത്. എന്നിട്ടും ഞാൻ കലാമേഖലയിൽ എത്തി. അമ്മയുടെ സഹപ്രവർത്തകൻ വഴി ഒരു പരസ്യചിത്രത്തിലൂടെയാണ് ഞാൻ ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്. അതിനുശേഷം കൂടുതൽ അവസരങ്ങൾ തേടിയെത്തി. ചെയ്തു തുടങ്ങിയപ്പോൾ ഇഷ്ടം തോന്നി. അങ്ങനെ അഭിനയം പ്രൊഫഷൻ ആക്കി മാറ്റി.

sangeetha-mohan

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ സീരിയലായ ‘ഉണർത്തുപാട്ട്’ ചെയ്യുന്നത്. ശ്രദ്ധേയയായത് ‘ജ്വാലയായ്’ എന്ന സീരിയലിലൂടെയാണ്. അതിലെ സോഫി എന്ന കഥാപാത്രം നേടിത്തത്തന്ന പ്രശസ്തി മറ്റൊരു പ്രൊജക്ടിലും കിട്ടിയിട്ടില്ല. അതിനു ശേഷം ധാരാളം സീരിയലുകൾ ചെയ്തു.

വീണ്ടും ട്വിസ്റ്റ്...

അഭിനയത്തിൽ ചെറിയ ആവർത്തനവിരസത തോന്നിയപ്പോൾ ചെറുപ്പം മുതൽ കഥകൾ എഴുതുമായിരുന്നതിന്റെ ധൈര്യം കൈമുതലാക്കി തിരക്കഥയിലേക്ക് ചുവടുമാറി. ഒരുപാട് ചാനലുകൾ കയറിയിറങ്ങി. ഒടുവിൽ മഴവിൽ മനോരമയാണ് എനിക്കവസരം നൽകിയത്. ‘ആത്മസഖി’ ഹിറ്റായതോടെ കൂടുതൽ ആത്മവിശ്വാസം കൈവന്നു. ഇപ്പോൾ അഞ്ചോളം സീരിയലുകൾക്ക് തിരക്കഥ എഴുതിക്കഴിഞ്ഞു. അതോടെ അഭിനയത്തിൽ ചെറിയ ഇടവേള വന്നു. അവസാനമായി അഭിനയിച്ചത് മഴവിൽ മനോരമയിലെ ‘ദത്തുപുത്രി’യിലാണ്. 

ഓർമവീടുകൾ...

sangeetha-family
മാതാപിതാക്കൾക്കൊപ്പം

എന്റെ ജീവിതത്തിൽ പ്രധാനമായും മൂന്ന് വീടുകളാണ് ഉള്ളത്. ഇവയിൽ ഓരോന്നിലേക്കുമുള്ള കൂടുമാറ്റങ്ങളാണ് വീടോർമകളെ അടയാളപ്പെടുത്തുന്നത്. തിരുവനന്തപുരം വഞ്ചിയൂരായിരുന്നു അച്ഛന്റെ സ്വദേശം. അമ്മയുടേത് പേരൂർക്കടയും. ബാല്യത്തിലെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നത് വഞ്ചിയൂരുള്ള അച്ഛന്റെ വീടാണ്. സ്‌കൂൾ ജീവിതത്തിലെ ഓർമ്മകൾ മുഴുവൻ അവിടെയായിരുന്നു. വീട്ടിൽനിന്നും സ്‌കൂളിലേക്ക് നടന്നു പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. അറയും പുരയുമുള്ള ഓടിട്ട വീടായിരുന്നു. തേങ്ങയും വാഴക്കുലയും കൊപ്രയുമെല്ലാം സൂക്ഷിക്കാൻ പാകത്തിൽ വലിയ തട്ടുമ്പുറമുണ്ടായിരുന്നു. ഒരുവശത്ത് ചെറിയ ബാൽക്കണിയുണ്ടായിരുന്നു. ഏകദേശം പതിനഞ്ചു വർഷത്തോളം പൂട്ടിയിട്ടതോടെ വീട് വാസയോഗ്യമല്ലാതായി. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ ഉണ്ടെങ്കിലും ഇപ്പോഴും ആ വീട് നിലനിർത്തിയിട്ടുണ്ട്. അതൊന്നു പുതുക്കിപ്പണിയണം എന്ന് മനസ്സിൽ പദ്ധതിയുണ്ട്. 

ഞാൻ പ്രീഡിഗ്രി പഠിക്കുന്ന സമയത്താണ് അച്ഛൻ പട്ടത്ത് കുടുംബവകയായി കിട്ടിയ പ്ലോട്ടിൽ വീടുവയ്ക്കുന്നത്. കുറച്ചുകൂടി സൗകര്യങ്ങളുള്ള ടെറസ് വീടായിരുന്നു അത്. പക്ഷേ പാലുകാച്ചൽ കഴിഞ്ഞു അധികകാലം അവിടെ താമസിച്ചില്ല. എന്റെ കോളജ് കാലം കഴിഞ്ഞപ്പോഴേക്കും അച്ഛനുമമ്മയും പേരൂർക്കടയുള്ള അമ്മവീട്ടിലേക്ക് തിരികെ പോയി. പട്ടത്തുള്ള വീട് വാടകയ്ക്ക് കൊടുത്തു. പിന്നീട് കുറേക്കാലം അമ്മവീടായി എന്റെ അഭയം. വർഷങ്ങൾക്കുശേഷം വാടകയുടെ കാലാവധി കഴിഞ്ഞപ്പോൾ അച്ഛനുമമ്മയും വീണ്ടും പട്ടത്തേക്ക് മാറി. ഇപ്പോൾ പട്ടത്താണ് ഇരുവരും താമസിക്കുന്നത്. ഞാൻ രണ്ടുവീടുകളെയും കൈവിട്ടില്ല. അച്ഛൻവീട്ടിലും അമ്മവീട്ടിലും മാറിമാറിയാണ്‌ ഇപ്പോൾ താമസിക്കുന്നത്. 

സ്വപ്നവീട്...

വീടിനു വേണ്ടി ഒരായുസ്സിന്റെ സമ്പാദ്യം മുഴുവൻ പൊടിക്കുന്ന മനോഭാവമാണ് ഭൂരിപക്ഷം മലയാളികൾക്കുമുള്ളത്. എനിക്കതിനോട് യോജിപ്പില്ല. ആർക്കിടെക്ട് ശങ്കർ സാർ എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ ചെലവ് കുറഞ്ഞ, പരിസ്ഥിതിസൗഹൃദവീടുകൾ എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. വഞ്ചിയൂരുള്ള തറവാട് വീട് പുതുക്കിപ്പണിയാനായില്ലെങ്കിൽ പകരം അതുപോലെ ഒരു വീട് വയ്ക്കണം എന്നാണ് ആഗ്രഹം.

ചുരുക്കത്തിൽ എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം യാദൃശ്ചികമാണ്. ഞാൻ ഒന്നും പ്ലാൻ ചെയ്തതല്ല, എങ്ങനെയൊക്കെയോ ജീവിതം എന്നെ ഇവിടെ കൊണ്ടെത്തിക്കുകയായിരുന്നു. ഒഴുക്കിനൊത്ത് മുന്നോട്ടു പോകാൻ തന്നെയാണ് ഇനിയും ഇഷ്ടം.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA