ADVERTISEMENT

മിമിക്രി വേദികളിൽ നിന്നുമെത്തി സിനിമയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് ടിനി ടോം. ആലുവയ്ക്കടുത്ത് നഗരഹൃദയത്തിൽ തന്നെ, തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി സ്വച്ഛസുന്ദരമായ ഇടത്താണ് ടിനിയുടെ ഏദൻ എന്ന വീട്. എട്ടു സെന്റിൽ നിറയെ മരങ്ങളും ചെടികളും വീടിനെ തഴുകി തലയുയർത്തി നിൽക്കുന്നു. കഴിഞ്ഞ പ്രളയത്തിൽ ആകെ മുങ്ങി നാശമായ വീടാണിത്. പിന്നീട് മാസങ്ങൾ കാത്തിരുന്ന് ഭിത്തികളിലെ ഈർപ്പം ഇറങ്ങിയ ശേഷമാണ് പെയിന്റിങ്ങും പുതുക്കിപ്പണികളും നടത്തിയത്. എന്നാൽ അകത്തേക്ക് കയറിയാൽ ഇത്ര വലിയ നാശനഷ്ടങ്ങൾ അതിജീവിച്ച വീടാണെന്ന് പറയുകയേയില്ല.

tini-tom-house-JPG

മിക്ക സിനിമാതാരങ്ങളെയും പോലെ കാറുകളോട് ടിനിക്ക് പ്രണയമുണ്ടെന്നു വീടിന്റെ പോർച്ചിൽ നിറഞ്ഞു കിടക്കുന്ന കാറുകൾ സാക്ഷ്യപ്പെടുത്തുന്നു. വശത്തായി ഒരുക്കിയ പോർച്ചിന്റെ കൂരയിലേക്ക് പാഷൻ ഫ്രൂട്ടും പൂച്ചെടികളുമൊക്കെ പടർന്നു കയറിയിരിക്കുന്നു.

tini-tom-house-porch-JPG

രണ്ടു പ്രവേശനകവാടങ്ങളുണ്ട്. ഒന്ന് പ്രധാനഹാളിലേക്കും മറ്റേത് ഓഫിസ് മുറിയിലേക്കുമാണ്. പ്രധാന വാതിൽ തുറന്നകത്തു കയറുന്നത് വിശാലമായ ഹാളിലേക്കാണ്. ആദ്യം കാഴ്ച പതിയുന്നത് വശത്തായി ഒരുക്കിയ പ്രെയർ സ്‌പേസിലേക്കാണ്. ഇവിടെ മെഴുകുതിരി വെളിച്ചത്തിൽ തുറന്നു വച്ചിരിക്കുന്ന ബൈബിൾ. കർത്താവിന്റെ ചിത്രം. സമീപത്തെ യെലോ ടെക്സ്ചർ ഫിനിഷുള്ള ഭിത്തിയിൽ പൂർവികരുടെ ചിത്രങ്ങൾ സ്നേഹത്തോടെ സൂക്ഷിച്ചിരിക്കുന്നു.കയറിച്ചെല്ലുന്ന അതിഥികളുടെ മനസ്സിനെ പ്രസന്നമാക്കുന്ന അന്തരീക്ഷമാണിവിടെ.

tini-house-prayer-JPG

ടിനി തന്റെ തലതൊട്ടപ്പന്മാരായ സാക്ഷാൽ മമ്മൂട്ടിക്കും സംവിധായകൻ രഞ്ജിത്തിനുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വശത്തെ ഓഫിസ് റൂമിൽ കാണാം.

tini-house-hall-JPG

സ്വീകരണമുറിയെ അടയാളപ്പെടുത്തുന്നത് ഭിത്തിയിൽ നൽകിയ കണ്ണാടിയാണ്. ഇത് മുറിക്ക് കൂടുതൽ വിശാലതയും  തോന്നിപ്പിക്കുന്നുണ്ട്. മഞ്ഞ ടെക്സ്ചർ കൊണ്ട് വേർതിരിച്ച ഭിത്തിയിൽ ടിവിയൂണിറ്റ് നൽകിയിരിക്കുന്നു. സ്വീകരണമുറിക്കും ഊണുമുറിക്കും ഇടയിൽ ഒരു ആട്ടുകട്ടിൽ കൊണ്ട് വേർതിരിവ് പകർന്നിരിക്കുന്നു.  അതിനപ്പുറത്ത് ഊണുമേശ. ഗോവണിയുടെ താഴെയുള്ള സ്‌പേസ് സ്റ്റോറേജിനായി ഉപയുക്തമാക്കി. ഗോവണിയുടെ മുകളിലെ ഇരട്ട ഉയരമുള്ള സീലിങ്ങിൽ നിന്നും മനോഹരമായ ഒരു ഷാൻലിയർ പ്രകാശം പൊഴിക്കുന്നു.

തേക്കിൻ തടിയിൽ കടഞ്ഞെടുത്ത ക്രിസ്തുവിന്റെ രൂപവും കുരിശുമാലയും ഇന്തോനേഷ്യയിൽ പോയപ്പോൾ വാങ്ങിയതാണ്. ഇതിന്റെ വശത്തുള്ള ഭിത്തിയിൽ ഒരു പെയിന്റിങ് കാണാം. അടുത്ത് ചെല്ലുമ്പോഴാണ് അതൊരു സ്ലൈഡിങ് ഷെൽഫ് ആണെന്ന് മനസിലാവുക. ഓസ്‌ട്രേലിയയിൽ പോയപ്പോൾ ലഭിച്ച ഒരു ചിത്രം അമൂല്യമായി കിടപ്പുമുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അവിടുത്തെ ഗോത്ര വർഗക്കാർ സ്വാഭാവിക നാരുകൾ കൊണ്ട് വരച്ചതാണ് 'ഫ്ളോവിങ് ഹണി' എന്ന ചിത്രം.

tini-house-bed-JPG

മുകളിലെ ഒരു കിടപ്പുമുറി ഹോം തിയറ്ററാക്കി മാറ്റിയിരിക്കുന്നു. ഡോൾബി ശബ്ദസാങ്കേതിക വിദ്യയിലാണ്  തിയറ്റർ ഒരുക്കിയത്. മകനാണ് ഇവിടുത്തെ രാജാവ്. അവന്റെ പ്രിയപ്പെട്ട സൂപ്പർ ഹീറോ കഥാപാത്രങ്ങളെല്ലാം മുറിയിൽ ഹാജർ വച്ചിട്ടുണ്ട്.

ഭാര്യ അസ്സലായി പാചകം ചെയ്യും. ഞങ്ങൾ മൂവരും നല്ല ഭക്ഷണപ്രിയരുമാണ്. അതുകൊണ്ട് അടുക്കളയിൽ അത്യാവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ടിനി പറയുന്നു.

tini-house-kitchen-JPG

തൊണ്ട കൊണ്ട് പണിത വീട്!...

tini-tom-family-JPG

'സ്‌കൂൾ കാലം മുതൽ ഞാൻ മിമിക്രിയിൽ സജീവമായിരുന്നു. കോളജ് പഠനം കഴിഞ്ഞു മിമിക്രി ട്രൂപ്പുകളിൽ സജീവമായി. അത് വഴി സിനിമയിലേക്കെത്തി. സ്‌റ്റേജുകളിൽ നിന്നും സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് പന്ത്രണ്ടു കൊല്ലം മുൻപ് ഈ സ്ഥലം വാങ്ങി വീട് വയ്ക്കുന്നത്. അതുകൊണ്ടുതന്നെ തൊണ്ട കൊണ്ടു പണിത വീട് എന്നും പറയാം.

tini-family-JPG

ഭാര്യ രൂപ വീട്ടമ്മയാണ്. മകൻ ആദം പത്താം ക്‌ളാസിൽ പഠിക്കുന്നു. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. അന്നൊക്കെ സ്റ്റേജ് പരിപാടികൾക്കൊപ്പം ഫാഷൻ ഷോയുമുണ്ടാകും. രൂപ അന്നതിൽ സജീവമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. മറ്റു രണ്ടു വീടുകൾ കൂടി സ്വന്തമായുണ്ടെങ്കിലും എനിക്ക് മാനസികമായി കൂടുതൽ അടുപ്പം ഈ വീടിനോടാണ്. കാരണം ഇതിൽ ഞാൻ സിനിമയിൽ എത്താൻ ബുദ്ധിമുട്ടിയ കാലത്തെ വിയർപ്പ് വീണിട്ടുണ്ട്'.

ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ടിനി മടങ്ങിയെത്തുമ്പോൾ ഏദൻ ശരിക്കുമൊരു ചിരിവീടായി മാറുന്നു...

സ്വപ്നവീട് യൂട്യൂബിൽ കാണാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com