'പമ്പരത്തിന്റെ ചിരിക്കുപിന്നിൽ എന്റെ കണ്ണീരുണ്ട്': ടോം ജേക്കബ്

tom-jacob-pambaram
SHARE

ഇപ്പോൾ വെബ് സീരീസുകളുടെ കാലമാണ്. എന്നാൽ സ്മാർട്ഫോണും സോഷ്യൽമീഡിയയുമൊക്കെ വരുന്നതിനും മുൻപേ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒരു പരമ്പരയുണ്ടായിരുന്നു- പമ്പരം. അതിന്റെ സംവിധാനവും അഭിനയവും ഒരുമിച്ചു നിർവഹിച്ച ടോം ജേക്കബിനെ മലയാളി മറക്കാനിടയില്ല...ടോം തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

കൊല്ലം ജില്ലയിലെ പുനലൂരാണ് എന്റെ ജന്മദേശം. തിരുവനന്തപുരമായിരുന്നു അച്ഛന്റെ തറവാട്. അവിടെനിന്നും ജോലിസംബന്ധമായാണ് പുനലൂരെത്തി വേരുറപ്പിച്ചത്. അച്ഛന്റെയും അമ്മയുടെയും ആറു മക്കളിൽ അഞ്ചാമനായാണ് എന്റെ ജനനം. കൂട്ടുകുടുംബമായിരുന്നു. അവധിക്കാലങ്ങൾ അമ്മയുടെ ബന്ധുവീടുകളുള്ള തൊടുപുഴയിലായിരുന്നു. കളിക്കാനും ഓടിനടക്കാനും ഇഷ്ടംപോലെ പറമ്പുകളും കൂട്ടുകാരുമൊക്കെയായി നിറമുള്ള ഓർമകൾ നിറഞ്ഞ കുട്ടികാലം.

ജീവിതം മാറ്റിയ പമ്പരം...

സംവിധാനം ചെയ്യുക കലാമേഖലയിലേക്കെത്തുക തുടങ്ങിയ ആഗ്രഹങ്ങൾ ചെറുപ്പത്തിലേ ഉണ്ടായിരുന്നു. പക്ഷേ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അനുവദിച്ചിരുന്നില്ല. പഠനശേഷം ഞാൻ നിർമാണമേഖലയിൽ സജീവമായി. കർണാടകയിലായിരുന്നു ഒൻപതു വർഷത്തോളം ജോലി.

അൽപം വരുമാനമായപ്പോൾ കലാമോഹം പിന്നെയുമുണർന്നു. ഞാൻ ജോലി വച്ച് അഭിനയം പഠിക്കാൻ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. അതിനുശേഷം അവസരങ്ങൾക്ക് വേണ്ടി ഒരുപാടലഞ്ഞു. കുറെ വഴിത്തിരിവുകൾക്ക് ശേഷം ഒരു സുഹൃത്ത് വഴിയാണ് മിനിസ്ക്രീനിലേക്കുള്ള വാതിൽ തുറക്കുന്നത്.

pambaram

ദൂരദർശനിൽ എത്തുന്നതാണ് ജീവിതത്തിലെ അടുത്ത വഴിത്തിരിവ്. പമ്പരം എന്ന സീരിയൽ കലാപരമായും വാണിജ്യപരമായും വലിയ വിജയമായി. നൊടിയിടയിൽ ഞാൻ അറിയപ്പെടുന്ന നടനും നിർമാതാവുമായി. അത് പലരെയും അസൂയപ്പെടുത്തി. താമസിയാതെ ചില തിക്താനുഭവങ്ങൾ പലരിൽനിന്നുമുണ്ടായി. പമ്പരവും ശേഷമിറക്കിയ പകിട പകിട പമ്പരവും നിർത്തേണ്ടി വന്നു. ഞാൻ ആകെ നിരാശനായി. കലാമേഖലയിൽ നിന്നും മാറി വീണ്ടും പഠിച്ച നിർമാണ മേഖലയിലേക്ക് ചുവടുമാറ്റി. പിന്നീട് വർഷങ്ങൾക്കുശേഷം വീണ്ടും സീരിയൽ നിർമിച്ചെങ്കിലും അവിടെയും പലരുടെ ചതിക്ക് പാത്രമാകേണ്ടിവന്നു. മനസ്സു മടുത്തതോടെ മിനിസ്ക്രീനിനോട് താൽകാലികമായി വിടപറയാൻ നിർബന്ധിതനായി.

അടുത്തിടെ പമ്പരത്തിന്റെ പഴയ എപ്പിസോഡുകൾ യൂട്യൂബിൽ അപ്‌ലോഡ്  ചെയ്തപ്പോഴാണ് ആളുകൾ ആ പരമ്പരയെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട് എന്ന് മനസിലായത്. 

വീടുകൾ...

tom-jacobs-house

അക്കാലത്തെ ഓടിട്ട ചെറിയ വീട്ടിലായിരുന്നു ബാല്യ യൗവനങ്ങൾ ചെലവഴിച്ചത്. പിന്നീട് നാലു പെങ്ങന്മാരുടെ വിവാഹശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ വീട് വിൽക്കേണ്ടിവന്നു. ഇതിനിടയ്ക്ക് സ്ഥലം വാങ്ങി ചെറിയ ഒരു വീട് വച്ചെങ്കിലും അധികകാലം താമസിക്കാൻ കഴിഞ്ഞില്ല. വീണ്ടും അത് മുഴുവൻ വിറ്റിട്ടാണ് ജോലിക്കായി കർണാടകത്തിലേക്ക് ചേക്കേറുന്നത്. ശേഷം നാട്ടിൽ തിരിച്ചെത്തി, വിവാഹത്തിന് മുന്നോടിയാണ് ഒരു വീട് പുനലൂര് വാങ്ങിക്കുന്നത്. പഴയ ഒരു തറവാട് വാങ്ങി, കാലഘട്ടത്തിന്റെ സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് പുതുക്കിയെടുക്കുകയായിരുന്നു. അറയും പുരയുമൊക്കെ നിലനിർത്തി. ദ്രവിച്ച ഭാഗങ്ങൾ പൊളിച്ചു കളഞ്ഞു കോൺക്രീറ്റ് ഇട്ടു വാർത്തു. ചെറിയ സമ്പാദ്യം സ്വരുക്കൂട്ടി സമീപമുള്ള കുറച്ചു സ്ഥലങ്ങൾ കൂടി വാങ്ങി. അങ്ങനെ ഒരർഥത്തിൽ പഴയൊരു തറവാട്ടിലാണ് ഇപ്പോഴും കുടുംബമായി താമസിക്കുന്നത്. വീടിനായി ഒരുപാട് കാശ് വാരിക്കോരി ചെലവഴിക്കുന്നതിനോട് യോജിപ്പില്ല.

വാടകവീട്...

ഇപ്പോൾ തൊഴിൽ സൗകര്യാർഥം വേളി ടൂറിസ്റ്റ് വില്ലേജിൽ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. ഇവിടെയുള്ള കുറച്ചു നിർമാണ പദ്ധതികളുടെ മേൽനോട്ടം ഏറ്റെടുത്തു നടത്തുകയാണ്. മിനിസ്‌ക്രീനിൽ നിന്നും മാറിയെങ്കിലും തൊഴിലിന്റെ ഇടവേളകളിൽ പരസ്യചിത്രങ്ങൾ നിർമിച്ചു കൊടുക്കുന്നുണ്ടായിരുന്നു. 

വീടാണ് പ്രധാനം...

ഞാൻ എപ്പോഴും വീടിനും കുടുംബത്തിനുമായിരുന്നു ഒന്നാം സ്ഥാനം നൽകിയിരുന്നത്. കലയ്ക്ക് രണ്ടാം സ്ഥാനവും. കലാജീവിതത്തിൽ അർഹിക്കുന്ന ഉയരത്തിൽ എത്താൻ കഴിഞ്ഞില്ല എങ്കിലും ഞാൻ തൃപ്തനാണ്. എനിക്കെന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കാര്യങ്ങൾ നോക്കാൻ കഴിഞ്ഞു. കുടുംബസ്ഥനായശേഷം മക്കളുടെ കാര്യങ്ങൾ നന്നായി നോക്കാൻ കഴിഞ്ഞു. വീടും കുടുംബവും മറന്നുകൊണ്ടുള്ള ഒരുയർച്ചയും ശാശ്വതമല്ല എന്നാണ് എന്റെ വിശ്വാസം.

കുടുംബം...

tom-jacob-with-family

ഭാര്യ ലൂസി വീട്ടമ്മയാണ്. മൂന്നു മക്കളാണ്. മൂത്ത മകൾ ആൻമരിയ കുടുംബമായി കാനഡയിലാണ്. രണ്ടാമത്തവൾ ജെയ്ൻ മരിയയും മകൻ റോക്കി ടോമും സിഎ വിദ്യാർഥികളാണ്.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA