sections
MORE

ഇവിടെ ഗേറ്റ് ഒരിക്കലും അടയ്ക്കാറില്ല! പി.സി ജോർജിന്റെ വീട്ടിലേക്ക് സ്വാഗതം; വിഡിയോ

SHARE

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് പൂഞ്ഞാർ എംഎൽഎ പി.സി ജോർജിന്റെ വീട്. ഒരു വമ്പൻ രാഷ്ട്രീയക്കാരന്റെ വീട്ടിൽ പ്രതീക്ഷിക്കാവുന്ന വർണശബളിമയൊന്നും ഇവിടെ കാണാനില്ല. നിറയെ മരങ്ങൾക്കും പച്ചപ്പിനും നടുവിൽ പഴയകാല ശൈലിയിൽ അത്യാവശ്യം സൗകര്യങ്ങളുള്ള ഇരുനില വീട്. അത്രമാത്രം. സമീപം കേരളത്തനിമ തോന്നിപ്പിക്കുന്ന വിധം പുറംകാഴ്ചയുള്ള ഒരുനില ഓഫിസ് മുറി.

pc-george-house-elevation

പ്രവർത്തനശൈലി കൊണ്ട് പൂഞ്ഞാറിലെ ഗർജിക്കുന്ന സിംഹമാണെങ്കിലും വീട്ടിലെത്തിയാൽ പി.സി സ്നേഹമുള്ള പൂച്ചയാണ്. മസിലുപിടിത്തവും ക്ഷോഭവുമെല്ലാം പടിക്കു പുറത്താണ്. ഗേറ്റ് കടന്നു ഔദ്യോഗിക കാർ വീടിനകത്തെത്തിയാൽ രാഷ്ട്രീയ നേതാവിന്റെ വേഷം അഴിച്ചുവച്ച് പി.സി ഭാര്യ ഉഷ, രണ്ടാൺമക്കൾ, മരുമകൾ, കൊച്ചുമക്കൾ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ സൗമ്യനായ ഗൃഹനാഥനാകും. ഒരു സിനിമാബന്ധവുമുണ്ട് പി.സിക്ക്. മകൻ ഷോൺ വിവാഹം കഴിച്ചത് നടൻ ജഗതി ശ്രീകുമാറിന്റെ മകൾ പാർവതിയെയാണ്.

ഗേറ്റ് അടയ്ക്കാത്ത വീട്...

pc-george-house-entrance

അച്ഛനും അമ്മയ്ക്കും ഞങ്ങൾ ഒൻപത് മക്കളായിരുന്നു. നാലാണും അഞ്ചു പെണ്ണും. ഇപ്പോൾ താമസിക്കുന്ന വീടിനു സമീപം തന്നെയാണ് കുടുംബ വീട്. ഏകദേശം 28 വർഷമായി ഈ വീട് വച്ച് താമസം മാറിയിട്ട്. അപ്പനാണ് ഈ വീടും പണിതത്. പിന്നീട് ചെറിയ കൂട്ടിച്ചേർക്കലുകൾ ഞാൻ വരുത്തിയെന്ന് മാത്രം. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ എന്നോടൊപ്പം നിലകൊണ്ട വീടാണിത്. അതുകൊണ്ടുതന്നെ വീടിനോട് വൈകാരികമായ ഒരടുപ്പവുമുണ്ട്. രാഷ്ട്രീയ യാത്രകൾ കഴിഞ്ഞു അൽപം വൈകിയാലും വീട്ടിലെത്തി ചോറുണ്ണുന്നതാണ് ഇപ്പോഴും സന്തോഷം. പി.സി പറയുന്നു.

pc-george-home-gate

അകത്തേക്ക് രണ്ടു പ്രവേശനകവാടങ്ങളുണ്ട്. വീടിനു അഭിമുഖമായി നിർമിച്ച ചെറുഗെയ്റ്റിലൂടെ നടന്ന് അകത്തേക്ക് പ്രവേശിക്കാം. മറ്റൊന്ന് കാർ പ്രവേശിക്കുന്ന പ്രധാന ഗേറ്റ്. ഇതെപ്പോഴും സന്ദർശകർക്കായി തുറന്നുകിടക്കും. പി.സിയുടെ ഭാഷയിൽ പറഞ്ഞാൽ 'ഏതു പാതിരായ്ക്കും ആർക്കുവേണമെങ്കിലും കടന്നുചെല്ലാം'..എന്തു പ്രശ്നമുണ്ടെങ്കിലും പി.സിയുടെ അടുത്ത് ചെന്നാൽ പരിഹാരമുണ്ടാകും എന്ന വിശ്വാസമാകാം പൂഞ്ഞാറിലെ ജനങ്ങൾക്ക് പി.സിയെ പ്രിയങ്കരനാക്കുന്നത്.

pc-george-home-vehicle

പഴമയോടുള്ള സ്നേഹം വീട്ടിലെ ഫർണീച്ചറുകളിൽ വരെ പ്രകടമാണ്. മുൻതലമുറ ഉപയോഗിച്ച ഇരിപ്പിടങ്ങൾ പഴമ നിലനിർത്തി വീടിന്റെ മുൻവശത്തുതന്നെ സ്ഥാപിച്ചിരിക്കുന്നു. രാവിലെ എഴുന്നേറ്റാൽ പത്രവായന ഇവിടെ ഇരുന്നാണ്. അതിനുശേഷം സമീപത്തുള്ള ഓഫിസിലേക്ക് പോകും. ഫയലുകളുടെ ബാഹുല്യമുള്ള മേശ. വശത്തായി സമ്മേളനങ്ങൾക്ക് പോകുമ്പോൾ ലഭിച്ച ഉപഹാരങ്ങളും പ്രവർത്തനങ്ങൾക്ക് ലഭിച്ച ബഹുമതിപത്രങ്ങളും സ്നേഹത്തോടെ സൂക്ഷിച്ചിരിക്കുന്നു.

pc-george-house-sitout

തടിയുടെ പ്രൗഢി നിറയുന്ന വാതിൽ കടന്നു പ്രവേശിക്കുന്നത് ഇരട്ടി ഉയരത്തിൽ ഒരുക്കിയ സ്വീകരണമുറിയിലേക്കാണ്. ഇരുവശത്തും ഷെൽഫുകളാണ്. അതിൽ നിറയെ ഉപഹാരങ്ങൾ. അതിനൊപ്പം കൗതുകം നിറഞ്ഞ മറ്റു രണ്ടുമൂന്നു വസ്തുക്കൾ കൂടി പിസിയുടെ സ്വകാര്യ ശേഖരത്തിലുണ്ട്. ആന്റിക്ക് മൂല്യമുള്ള കത്തികൾ, വാളുകൾ, തോക്കുകൾ...പിന്നെ ആനയുടെ രൂപങ്ങളും!

കുടുംബത്തിൽ പണ്ട് ആനയുണ്ടായിരുന്നു. ആനപ്പുറത്ത് കയറി യാത്ര ചെയ്ത ഓർമ്മകൾ ഇപ്പോഴുമുണ്ട്. ആ ഇഷ്ടമാണ് ആനകളുടെ ഈ രൂപങ്ങൾ വാങ്ങി ശേഖരിക്കാൻ പ്രചോദനമായത്. രാഷ്ട്രീയവും പൊതുപ്രവർത്തനവുമായി നടക്കുന്നതുകൊണ്ട് വീട്ടിലെ കാര്യങ്ങൾക്ക് ശ്രദ്ധ ചെലുത്താൻ സമയം കിട്ടാറില്ല. ഭാര്യയാണ് അതെല്ലാം നോക്കിനടത്തുന്നത്. വീട്ടുകാര്യങ്ങൾ ഭംഗിയായി നോക്കുന്നതിന്റെ ക്രെഡിറ്റ് പി,സി ഭാര്യ ഉഷയ്ക്ക് നൽകുന്നു.

pc-george-and-wife

നാലു കിടപ്പുമുറികളുണ്ട് വീട്ടിൽ. മുകളിലും താഴെയും രണ്ടുവീതം. കൊച്ചുമക്കൾ തനിക്കൊപ്പമാണ് കിടക്കുന്നത് എന്ന് പറയുമ്പോൾ പിസിയുടെ മുഖത്ത് വാത്സല്യം നിറയുന്നു. പ്രത്യേകം ഊണുമുറി വേർതിരിച്ചിട്ടില്ല. ചെറിയ അടുക്കളയിൽ തന്നെയാണ് ഊണുമേശയും. 

pc-george-home-interior

ഭാര്യ നന്നായി പാചകം ചെയ്യുന്ന കൂട്ടത്തിലാണ്. കാലാന്തരത്തിൽ സ്ഥലപരിമിതി വിഷയമായപ്പോൾ ഞങ്ങൾ പുറത്തൊരു അടുക്കള കൂടി നിർമിച്ചു. അവിടെ ഇരുന്നു ചൂടോടെ ഭക്ഷണവും കഴിക്കാം. ഞാൻ വീട്ടിൽ ഉള്ളപ്പോൾ കുറഞ്ഞത് പത്തുപേരെങ്കിലും ഉച്ചയൂണിനു കൂടെയുണ്ടാകും. ഇവർക്കെല്ലാം ഭക്ഷണം പാകം ചെയ്യുന്നത് വീടിനു പുറത്ത് തയാറാക്കിയ അടുപ്പിലാണ്. പി.സി വിവരിക്കുന്നു. 

pc-george-home-kitchen

മുൻവശത്തെ പോർച്ചിൽ എംഎൽഎയുടെ ഔദ്യോഗിക വാഹനം ഏതുസമയവും കുതിക്കാനൊരുങ്ങി നിൽക്കുന്നു. ഗതകാല പ്രൗഢിയുടെ ഓർമകൾ അയവിറക്കിക്കൊണ്ട് ഒരു അംബാസഡർ കാറും മാരുതി കാറും പിൻവശത്തെ ഷെഡിൽ വിശ്രമിക്കുന്നു.

പറമ്പു നിറയെ ഫലവൃക്ഷങ്ങളാണ്. ഒപ്പം ജൈവ പച്ചക്കറി കൃഷിയുമുണ്ട്. കാബേജും തക്കാളിയും പയറുമെല്ലാം പച്ചക്കറിത്തോട്ടത്തിൽ ഹാജർ വച്ചിട്ടുണ്ട്. 

വീടിനു എതിർവശത്തുള്ള റബർ തോട്ടത്തിനു മുകളിലാണ് പരമ്പരാഗതത്തനിമ നിലനിർത്തിയിരിക്കുന്ന മനോഹരമായ തറവാട്. പഴയ അറയും പുരയും തടിമച്ചുമെല്ലാം തനിമയോടെ സംരക്ഷിച്ചിട്ടുണ്ട്. പിസിയുടെ സഹോദരനും കുടുംബവുമാണ് ഇപ്പോൾ ഇവിടെ താമസം. 

pc-george-ancestral-home

ചുരുക്കത്തിൽ വർണാഭമായ അകത്തളങ്ങളോ സൗകര്യങ്ങളോ പി.സിയുടെ വീട്ടിലില്ല. പക്ഷേ ഒത്തുചേരലിന്റെ ഹൃദ്യതയുണ്ട്. ടിവിയിലൂടെ കണ്ടുപരിചയിച്ച ചൂടൻ പി.സി ജോർജിനെ വീട്ടിൽ കണികാണാൻ പോലും കിട്ടില്ല. വീടും കുടുംബവും വ്യക്തിയിൽ ചെലുത്തുന്ന സ്വാധീനത്തിനു ഇതിലും നല്ല തെളിവുവേണോ...

അക്വാ സ്റ്റാർ റെയിൻ ഹാർവെസ്റ്റിങ് സിസ്റ്റം

25 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള പൊന്നൂർ ഗ്രൂപ്പിൽ നിന്നുള്ള പുതിയ ഉൽപന്നമാണ് അക്വാ സ്റ്റാർ റെയിൻ ഹാർവെസ്റ്റിങ് സിസ്റ്റം. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളത്തെ ഫലപ്രദമായി സംഭരിച്ചെടുക്കുന്നതിനുള്ള മഴവെള്ളപ്പാത്തികളും ടാങ്കുകളുമാണ് അക്വാ സ്റ്റാർ അവതരിപ്പിക്കുന്നത്. തുരുമ്പിനെ പ്രതിരോധിക്കുന്ന യുപിവിസി കൊണ്ട് നിർമിതമായ ഈ പാത്തികൾ ഏത് മേൽക്കൂരയ്ക്കും അനുയോജ്യമായ വിധം ഘടിപ്പിക്കാൻ കഴിയും. 10 വർഷത്തെ ഗ്യാരന്റിയും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഇന്നുതന്നെ അക്വാ സ്റ്റാർ റെയിൻ ഹാർവെസ്റ്റിങ് സിസ്റ്റത്തിലൂടെ നിങ്ങളുടെ വീടുകളിൽ മഴവെള്ളക്കൊയ്ത്ത് തുടങ്ങൂ. ജലക്ഷാമത്തെ പ്രതിരോധിക്കൂ..

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA