sections
MORE

'അപ്രതീക്ഷിതമായിരുന്നു ജീവിതം, ആദ്യ മെഗാസീരിയൽ നായികാവേഷവും'...: സിന്ധു ജേക്കബ്

sindu-jacob
ഭർത്താവിനൊപ്പം സിന്ധു
SHARE

പുതുതലമുറയിൽ പലർക്കും സിന്ധു ജേക്കബ് എന്ന നടിയെ അത്ര പരിചയം കാണില്ല. പക്ഷേ തൊണ്ണൂറുകളിൽ മലയാളസിനിമയിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന നിരവധി വേഷങ്ങളിലൂടെയാണ് സിന്ധു അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാളത്തിലെ ആദ്യ ഹിറ്റ് മെഗാസീരിയലായ മാനസിയിലെ നായികയായി. ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വീകരണസദസ്സിലെ സ്ഥിരം സാന്നിധ്യമാണ് സിന്ധു. അവർ തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

കുട്ടനാടൻ വീട്...

കുട്ടനാട്ടിലെ പുളിങ്കുന്നിനു സമീപം കായൽപ്പുറം എന്ന ചെറുദ്വീപിലായിരുന്നു ഞാൻ ജനിച്ചു വളർന്ന വീട്. അച്ഛനും അമ്മയ്ക്കും ഞങ്ങൾ എട്ടു മക്കളായിരുന്നു. രണ്ടാണും ആറു പെണ്ണും. അതിൽ ഏറ്റവും ഇളയതായിരുന്നു ഞാൻ. കുട്ടനാട്ടിൽ വീട് പണിയുക എന്നാൽ സാധാരണയിലും അധ്വാനം വേണ്ട പണിയാണ്. മണ്ണിനു ഉറപ്പില്ലാത്തതിനാൽ അന്നത്തെക്കാലത്ത് രണ്ടുനില കോൺക്രീറ്റ് വീടുകൾ പണിയാൻ കഴിയില്ലായിരുന്നു. വീട് താഴ്ന്നു പോകും. അതിനു പകരമായി വിശാലമായ ഒരുനില വീടായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. വാർക്കുന്നതിനു പകരം മുകളിൽ ഷീറ്റ് വിരിച്ചു. ഞങ്ങൾ എല്ലാ മക്കൾക്കും വീട്ടിൽ  സ്വന്തമായി മുറിയുണ്ടായിരുന്നു. വീടിനു മുന്നിൽ കടവാണ്. പിന്നിൽ വിശാലമായ നെൽപ്പാടവും. ഇതിനു നടുവിൽ ഞങ്ങളുടെ വീട്. പച്ചപ്പട്ടുടുത്ത പാടങ്ങളിലെ തണുത്ത കാറ്റ് വീട്ടിലെ സ്ഥിരം അതിഥിയായിരുന്നു. ചെറുപ്പത്തിൽ പാടവരമ്പിലൂടെ നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. ആറാം ക്ളാസായപ്പോഴേക്കും ബോട്ട് സർവീസ് തുടങ്ങി. ഇവിടേക്ക് ഇപ്പോഴും വാഹനം എത്തുന്ന റോഡില്ല. 

വഴിത്തിരിവായി സിനിമ, സീരിയൽ..

ചെറുപ്പത്തിലേ നൃത്തം പരിശീലിച്ചിരുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ സമ്മാനങ്ങൾ നേടി. ആയിടയ്ക്ക് ഒരു പരിപാടിക്ക് എന്റെ നൃത്തമുണ്ടായിരുന്നു. അവിടെ വച്ചാണ് സിനിമയിലേക്ക് അവസരം വരുന്നത്. എന്നാൽ ഗ്രാമത്തിൽ ജനിച്ചുവളർന്ന എനിക്ക് സിനിമയുടെ രീതികളോട് ആദ്യം പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അങ്ങനെ ആദ്യ സിനിമയിലെ വേഷം ഇടയ്ക്കുവച്ച് ഉപേക്ഷിച്ചു. പിന്നീട് ആദ്യത്തെ കണ്മണിയാണ് റിലീസ് ചെയ്ത ആദ്യ ചിത്രം. അതിനുശേഷം സിനിമകൾ കൂടുതൽ വരാൻ തുടങ്ങി. പക്ഷേ ഏറെക്കാലം സിനിമയിൽ സജീവമായി തുടരാൻ കഴിഞ്ഞില്ല. ആയിടയ്ക്കാണ്  മധു മോഹൻ ചെയ്യുന്ന ഒരു സീരിയലിലേക്ക് എനിക്ക് ക്ഷണം ലഭിക്കുന്നത്. അത് അടുത്ത വഴിത്തിരിവായി. മാനസി സൂപ്പർഹിറ്റായി. അങ്ങനെ മലയാളത്തിലെ ആദ്യ മെഗാസീരിയലിൽ  ഞാൻ നായികയായി. പിന്നീട് തുടരെത്തുടരെ സീരിയലുകൾ ലഭിച്ചു. അങ്ങനെ സിനിമ ഉപേക്ഷിച്ചു. ഇപ്പോൾ നാലു സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്.

അടുത്ത വീട്...

sindhu-house

വിവാഹശേഷം ഞാൻ തിരുവനന്തപുരത്തേക്കെത്തി. ഭർത്താവ് ശിവസൂര്യ  ആർട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ തറവാട് വെള്ളായണിയാണ്. പിന്നീട് ഞങ്ങൾ പൂജപ്പുരയിൽ വീടുവച്ചു താമസം മാറി. തട്ടുതട്ടായിട്ടുള്ള ഭൂപ്രകൃതിയാണിവിടെ. അത്തരമൊരു പ്രദേശത്തിനിടയിലാണ് വീട്. ഭൂമിയുടെ ഉയരവ്യത്യാസം അനുഭവപ്പെടാതെയാണ് വീടിന്റെ ഇടങ്ങൾ ഒരുക്കിയത്. ഇടച്ചുവരുകൾ ഇല്ലാതെ വിശാലമായ ഹാളിലാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്.

sindhu-house-interior

ഞാൻ ഡിഗ്രി സമയത്ത് ഹോം സയൻസ് പഠിച്ചിരുന്നു. അന്നുമുതലേ വീട് ഒരുക്കിവയ്ക്കാൻ ഇഷ്ടമാണ്. കർട്ടനുകളും ഷോപീസുകളുമെല്ലാം ഞാൻ തന്നെയാണ് ഒരുക്കിയത്. എനിക്ക് പൂന്തോട്ടം വളരെ ഇഷ്ടമാണ്. പക്ഷേ ഇവിടുത്തെ ഭൂപ്രകൃതി മൂലം അതിനു സാധിക്കുന്നില്ല. കൂടുതൽ നിരപ്പായ ഒരു സ്ഥലത്തേക്ക് വീട് മാറാനുള്ള പണിപ്പുരയിലാണ് ഞങ്ങളിപ്പോൾ. എന്നിട്ടുവേണം നല്ലൊരു പൂന്തോട്ടം ഒരുക്കാൻ...

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA